കടഞ്ഞെടുത്തപോലൊരു കുട്ടി – ബോബ് ദിലൻ

എല്ലാവർക്കുമറിയണം, അവനെന്തുകൊണ്ടാണ് ഒത്തുപോകാൻ പറ്റാഞ്ഞതെന്ന്?
അവനെന്തിനോട് ഒത്തുപോകാനായില്ലെന്നാണ്?
ഒരു തകർന്ന സ്വപ്നത്തോടോ?

അവൻ, കടഞ്ഞെടുത്തപോലൊരു കുട്ടിയായിരുന്നു
പക്ഷെ, ആളുകൾ അവനിൽനിന്നും ഒരു കൊലയാളിയെയാണ് പുറത്തെടുത്തത്,
അതെ, അതാണവർ ചെയ്തത്

ആളുകൾ അവനോട് മുകളിലുള്ളത് താഴെയാണെന്നും
ഇല്ലാത്തത് ഉണ്ടെന്നും പറഞ്ഞു.
അവരവന്റെ തലയിലേക്ക് ചിന്തകൾ കുത്തിത്തിരുകി;
അവ അവന്റേതാണെന്ന് അവൻ കരുതി

അവൻ പന്തുകളി ടീമിലുണ്ടായിരുന്നു
അവൻ കലാജാഥാസംഘത്തിലുണ്ടായിരുന്നു
പത്തുവയസുള്ളപ്പോൾ അവനൊരു കുമ്മട്ടിക്കാപീടികയുമുണ്ടായിരുന്നു

അവൻ ഞായറാഴ്ചകളിൽ പള്ളിയിൽ പോയി
കുട്ടികളെ നല്ല പൗരന്മാരാക്കുന്ന സംഘത്തിലും അവനുണ്ടായിരുന്നു
ചങ്ങാതികൾക്കുവേണ്ടി, അവനവന്റെ പോക്കറ്റുതന്നെയും പുറത്തെടുത്തു

ആളുകൾ പറഞ്ഞു, “നീ വെറുമൊരു ശിശുവാണ്‌”
അവനെയവർ ആകാരവടിവിനായി തിരുമ്മുകേന്ദ്രത്തിലേക്ക് പറഞ്ഞുവിട്ടു
അവരവനു പുകയ്‌ക്കാൻ കഞ്ചാവു കൊടുത്തു,
മദ്യവും ഗുളികകളും കൊടുത്തു
ഓടിക്കാനൊരു ജീപ്പും, ചിന്താൻ രക്തവും കൊടുത്തു

അവർ പറഞ്ഞു, “കൊള്ളാം, നിനക്കു വേണ്ടതൊക്കെയായിരിക്കുന്നു”
എന്നിട്ടവരവനെ അന്തമില്ലാത്ത പരക്കംപാച്ചിലിലേക്ക് തിരിച്ചയച്ചു.

അമേരിക്കൻ സ്വപ്‌നങ്ങൾ അവൻ വിലയ്ക്കുവാങ്ങി
പക്ഷെ, അതവനെ കടത്തിലാക്കി
ആകെക്കൂടെ അവനു കളിക്കാനാകുമായിരുന്നത് റഷ്യൻ റൂലെറ്റാണ് (1)

അവൻ കൊക്കകോള കുടിച്ചു
വണ്ടർ ബ്രെഡും ബർഗർ കിങ്ങ്സും കഴിച്ചു
അവൻ നന്നായി തീറ്റിപ്പോറ്റപ്പെട്ടിരുന്നു

പീറ്റർ ഒതൂളിനെ(2) കാണാൻ അവൻ ഹോളിവുഡിൽ പോയി
അവനൊരു റോൾസ് റോയിസ് മോഷ്ടിക്കുകയും
നീന്തൽക്കുളത്തിലേക്ക്‌ ഓടിച്ചിറക്കുകയും ചെയ്തു

അവൻ, കടഞ്ഞെടുത്തപോലൊരു കുട്ടിയായിരുന്നു,
പക്ഷെ, ആളുകൾ അവനിൽനിന്നും ഒരു കൊലയാളിയെയാണ് പുറത്തെടുത്തത്,
അതെ, അതാണവർ ചെയ്തത്

അവന് ഇൻഷുറൻസ് വിൽക്കാമായിരുന്നു
അവനൊരു ഹോട്ടലിന്റേയോ മദ്യശാലയുടെയോ ഉടമയാകാമായിരുന്നു
അവനൊരു കണക്കപ്പിള്ളയോ ടെന്നീസ്താരമോ ആകാമായിരുന്നു

ഒരു ദിവസം ഗോൾഡൻഗേറ്റ് പാലത്തിൽനിന്നും താഴെ ചൈന കടലിടുക്കിലേക്ക് അവനെടുത്തു ചാടി,
ബോക്സിങ് കൈയ്യുറകളും ധരിച്ചുകൊണ്ട്

അവന്റെയമ്മ മുറിക്കുള്ളിലൂടെ നടന്നു
അച്ഛൻ തേങ്ങുകയും മോങ്ങുകയും ചെയ്തു
ഒരു വാടകവീട്ടിലാണ് അവർ അന്തിയുറങ്ങിയിരുന്നത്

അതെ, എല്ലാവരും ചോദിക്കുന്നു… അവനെന്തുകൊണ്ടാണ് ഒത്തുപ്പോകാൻ പറ്റാഞ്ഞതെന്ന്?
അവനെന്നും ആകെ വേണ്ടിയിരുന്നത്, വിശ്വസിക്കാൻപ്പറ്റുന്ന ഒരാളെയായിരുന്നു
ആളുകൾ അവന്റെ തലതിരിച്ചുകളഞ്ഞു
ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നുവെന്ന് അവനൊരിക്കലും മനസ്സിലായില്ല

അവനൊരു സ്ഥിരജോലിയുണ്ടായിരുന്നു
അവൻ പള്ളിയിലെ പാട്ടുസംഘത്തിൽ ചേർന്നിരുന്നു
ഇങ്ങനെയൊരു അറ്റകൈ അവന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല

അവൻ, കടഞ്ഞെടുത്തപോലൊരു കുട്ടിയായിരുന്നു
പക്ഷെ, ആളുകൾ അവനിൽനിന്നും ഒരു കൊലയാളിയെയാണ് പുറത്തെടുത്തത്,
അതെ, അതാണവർ ചെയ്തത്.

*****
1984-ൽ രചിക്കപ്പെട്ട Clean Cut Kid എന്ന കൃതിയുടെ പരിഭാഷ.
പരിഭാഷ: ശ്യാം ബോധിസത്ത്വ
 
(1) ഒരുതരം ചൂതുകളി – ഇതിൽ, ഒരാൾ തന്റെ റിവോൾവറിൽ ഒരു വെടിയുണ്ടയിടുന്നു (റിവോൾവറിലെ സിലിണ്ടറിൽ ഉണ്ടയിടാവുന്ന മറ്റു കള്ളികൾ ഒഴിഞ്ഞു കിടക്കും). തുടർന്നയാൾ സിലിണ്ടർ സ്ഥാനത്തുറപ്പിച്ച് സ്വയം വെടിവെക്കുന്നു. ആയുസ്സിന്റെ ബലംപ്പോലെ വെടിയുതിരുന്നത് ഉണ്ടയുള്ള ഭാഗത്തുനിന്നാകാം അകാതിരിക്കാം.
(2) ഒരു ചലച്ചിത്രതാരം

ജോൺ ബ്രൗൺ – ബോബ് ദിലൻ

ജോൺ ബ്രൗൺ, യുദ്ധംചെയ്യാനായ് വിദേശത്തേക്കു യാത്രയായ്
അവന്റെയമ്മയ്ക്ക് അവനെച്ചൊല്ലി പെരുത്തഭിമാനം
അവന്‍ തന്റെ പട്ടാളവേഷവും മറ്റും ധരിച്ച് വടിപോലെ നിന്നു
അവന്റെയമ്മയുടെ മുഖം ആവേശംകൊണ്ടു വിടർന്നു

“ഹാ, മകനേ, നിന്നെക്കാണാൻ ശരിക്കും കൊള്ളാം
നീയെന്റെ മകനാണെന്നതിൽ ഞാൻ സന്തുഷ്ടയാണ്
നിന്റെ കയ്യിലൊരു തോക്കുണ്ടെന്നത് എന്നെ അഭിമാനം കൊള്ളിക്കുന്നു
ക്യാപ്റ്റൻ പറയുന്നതെന്തും ചെയ്യുക
നിനക്കൊരുപാട് മെഡലുകൾ കിട്ടും,
നീ വീട്ടിലേക്കു മടങ്ങുമ്പോൾ നമ്മളതെല്ലാം ചുമരിൽ തൂക്കും”

പഴകിയ തീവണ്ടി നീങ്ങിത്തുടങ്ങവേ, ജോണിന്റെ അമ്മ കൂക്കിവിളി തുടങ്ങി,
അവർ അടുത്തുണ്ടായിരുന്നവരോടെല്ലാം പറഞ്ഞു
“ആ പോകുന്നത് എന്റെ മകനാണ്, നിങ്ങൾക്കറിയാമോ, അവനിപ്പോഴൊരു പട്ടാളക്കാരനാണ്”
അവിടെയുള്ളവർക്കെല്ലാം എല്ലാം മനസ്സിലായെന്ന് അവരുറപ്പുവരുത്തി

വല്ലപ്പോഴുമൊക്കെ അവർക്കൊരു കത്തുകിട്ടി
അതടുത്തവീട്ടുകാരെ കാണിക്കവേ അവരുടെ മുഖം പുഞ്ചിരിതൂകി
പട്ടാളക്കുപ്പായവും തോക്കുമുള്ള മകനെകുറിച്ച് അവർ വീരസ്യം പറഞ്ഞു.

നിങ്ങളിതിനെയാണ്, പഴയമട്ടിലുള്ള, കൊള്ളാവുന്നൊരു യുദ്ധമെന്ന് വിളിച്ചിരുന്നത്,
ഹാ, പഴയമട്ടിലുള്ള, നല്ലൊരു യുദ്ധം!

പിന്നെ കത്തുകൾ വരുന്നതുനിന്നു
കുറേ നാളത്തേക്ക് അവ വന്നതേയില്ല
പത്തുമാസത്തേക്കോ മറ്റോ, അവ വന്നില്ല.
അവസാനമൊരു കത്തുവന്നു,
“തീവണ്ടിയാപ്പീസിലേക്കു പോകുക
നിങ്ങളുടെ മകൻ യുദ്ധസ്ഥലത്തുനിന്നും വീട്ടിലേക്കുവരുന്നു”

അവർ പുഞ്ചിരിച്ചു, ഉടനടി പുറപ്പെട്ടെത്തി ചുറ്റുപാടും നോക്കി
പക്ഷെ, തന്റെ പട്ടാളക്കാരൻ മകൻ അവരുടെ കണ്ണിൽപ്പെട്ടില്ല.
അവസാനം ആളുകളെല്ലാമൊഴിഞ്ഞനേരം, അവനവരുടെ കണ്ണിൽത്തടഞ്ഞു
പക്ഷെ, സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ അവരായാസപ്പെട്ടു

അവന്റെ മുഖമാകെ വെടിയേറ്റു പൊളിഞ്ഞിരുന്നു, അവന്റെ കൈയാകെ ചിതറിത്തെറിച്ചിരുന്നു
അവന്റെയരയ്ക്കു ചുറ്റും ഒരു ലോഹവളയമുണ്ടായിരുന്നു
അവരവന്റെ മുഖംപോലും തിരിച്ചറിയാനാകാതെ നിൽക്കേ
അവൻ, പതുങ്ങിയമട്ടിൽ അവർക്കറിയാത്തൊരു സ്വരത്തിൽ പിറുപിറുത്തു.

ഹാ, എന്റെ ദൈവമേ, അവന്റെ മുഖംപോലും തിരിച്ചറിയാനാകുന്നില്ല.

“എന്റെ മകനേ, പറയൂ, അവരെന്താണ് നിന്നോടുചെയ്തത്?
ഇതെങ്ങനെയാണ് നീയിങ്ങനെയായത്?”
അവൻ സംസാരിക്കാൻ പരമാവധി ശ്രമിച്ചു
പക്ഷെ, അവന്റെ വായ്ഭാഗം കഷ്ടിയൊന്ന് അനങ്ങിയതേയുള്ളൂ
അതു കണ്ടുനിൽക്കാനാകാതെ അമ്മ തന്റെ മുഖം തിരിച്ചു

“അമ്മയ്ക്ക് ഓർമ്മയില്ലേ, ഞാൻ യുദ്ധത്തിനു പോകുമ്പോൾ
അതാണെനിക്കുപ്പറ്റുന്ന ഏറ്റവും നല്ല കാര്യമെന്നായിരുന്നു അമ്മയുടെ വിചാരം?
ഞാൻ യുദ്ധക്കളത്തിലായിരുന്നു, അമ്മ വീട്ടിലിരുന്ന് പൊങ്ങച്ചം നടിക്കലും
അവിടെയെന്റെ സ്ഥാനത്ത് അമ്മയില്ലായിരുന്നു”

“ഹാ, അവിടെയായിരുന്നപ്പോൾ ഞാൻ ആലോചിച്ചു,
എന്റെ ദൈവമേ, ഞാനെന്താണിവിടെ ചെയ്യുന്നത്?
ഞാനാരെയോ കൊല്ലാൻ ശ്രമിക്കുന്നു,
അല്ലെങ്കിൽ, അതിനിടയിൽ മരിക്കാൻ”

“എന്നാലെന്നെ ഏറ്റവും ഭയപ്പെടുത്തിയ കാര്യം…
എന്റെ ശത്രു അടുത്തുവന്നപ്പോൾ ഞാനവന്റെ മുഖം കണ്ടു
അവനെക്കാണാൻ എന്നെപോലെതന്നെയിരുന്നു”

“എന്റെ ദൈവമേ, എന്നെപോലെതന്നെ…”

“നീണ്ടുനിൽക്കുന്ന പ്രകമ്പനങ്ങൾക്കും ദുർഗന്ധത്തിനുമിടയിലും
എനിക്ക് ആലോചിക്കാതിരിക്കാനായില്ല,
ഞാനൊരു നാടകത്തിലെ വെറുമൊരു പാവയാണെന്ന്
അവസാനം, അലർച്ചകൾക്കും പുകച്ചുരുളുകൾക്കുമിടയിൽ ഈ തന്തി പൊട്ടി
ഒരു പീരങ്കിയുണ്ട, എന്റെ കണ്ണുകൾ തകർത്തെറിഞ്ഞു”

അവൻ നടക്കാനായി തിരിഞ്ഞു,
അവനെ നേരെനിൽക്കാൻ സഹായിക്കുന്ന ലോഹവളയം കണ്ട്, അമ്മ അപ്പോഴും ഞെട്ടലിലായിരുന്നു
എന്നാലവൻ പോകാനായി തിരിയവേ, അമ്മയെ അടുത്തേക്കു വിളിച്ചു
അവരുടെ കൈകളിലേക്ക് തന്റെ മെഡലുകളിട്ടുക്കൊടുത്തു.

(1962-ൽ രചിച്ചത്. പരിഭാഷ: ശ്യാം ബോധിസത്ത്വ)