ദര്‍ശനവും രാഷ്ട്രീയവും

മാവോവാദിയെന്നു സംശയിച്ച് സര്‍ക്കാരിന്റെ മാവോവിരുദ്ധസേനയായ ‘തണ്ടര്‍ബോള്‍ട്ട്’ എന്നെ  കസ്റ്റഡിയില്‍ എടുക്കുകയും (മേയ് 20, 2014) തുടര്‍ന്ന് എന്റെ താമസസ്ഥലം നിയമവിരുദ്ധമായി പരിശോധിച്ച് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന്, കേരളീയം മാസികയിലെ എസ്. ശരത്തും, പി.എം. ജയനുമായി ഞാന്‍ നടത്തിയ അഭിമുഖ സംഭാഷണമാണ് ചുവടെ. ജനാധിപത്യം, സ്വകാര്യമൂലധനവ്യവസ്ഥ, ദേശരാഷ്ട്രം, കുടുംബം, മതം തുടങ്ങിയ വ്യവസ്ഥിതികളെകുറിച്ചും സമഗ്രമായ ഒരു ജീവിതസമീപനത്തിന്റെ സാധ്യതകളെകുറിച്ചുമുള്ള നിരീക്ഷണങ്ങള്‍ ഇതില്‍ പങ്കുവെച്ചിട്ടുണ്ട്.

*****

ഇക്കഴിഞ്ഞ (2014) മെയ്മാസം 20നും തുടര്‍ന്നുള്ള ദിവസങ്ങളിലും സംഭവിച്ചതെന്താണെന്നു പറയാമോ?

20നു വൈകിട്ടു നാലരയോടെ ചില പലചരക്കു സാധനങ്ങള്‍ മേടിക്കാനായി ഞാന്‍ എന്റെ സുഹൃത്തുക്കളായ സച്ചുവും റസിയയും ഉപയോഗിക്കുന്ന ബൈക്കില്‍ താമസസ്ഥലത്തുനിന്നും 4 കിലോമീറ്റര്‍ ദൂരെയുള്ള കോറോം കവലയിലേക്ക് പോകുകയായിരുന്നു. ആ സമയം മഫ്ടിയിലുള്ള രണ്ടു പോലീസുകാര്‍ രണ്ടു ബൈക്കുകളിലായി വന്ന് എന്നെ വഴിയില്‍ തടഞ്ഞുനിറുത്തിയിട്ട് ഞാന്‍ അവരുടെ കസ്റ്റഡിയിലാണെന്നു പറഞ്ഞു. അതിനു കാരണം ചോദിച്ചതിനു മറുപടിയൊന്നും പറയാതെ  അവര്‍ എന്നെ കോറോം കവലയിലേക്കു കൊണ്ടുവന്നു. ഞങ്ങള്‍ ആ കവലയില്‍ എത്തിയതിനൊപ്പം മഫ്ടി പോലീസുകാര്‍ വിവരമറിയിച്ചതനുസരിച്ചു അവിടെയെത്തിയ വെള്ളമുണ്ട എസ്.ഐയ്യും സായൂധരായ അഞ്ചാറു തണ്ടര്‍ബോള്‍ട്ട് സൈനീകരും ചേര്‍ന്നു കോറോം കവലയില്‍ ആ വൈകുന്നേരമുണ്ടായിരുന്ന നൂറുകണക്കിനു നാട്ടുകാരുടെ മുന്നില്‍വെച്ച് ബലം പ്രയോഗിച്ചു എന്നെ ജീപ്പിനകത്തേക്കു കയറ്റി. ഇതിനിടയില്‍ എന്റെ കൈയ്യില്‍നിന്നും ബൈക്കിന്റെ താക്കോലും പിടിച്ചുവാങ്ങി. എന്നെ കസ്റ്റഡിയില്‍ എടുക്കുന്നതെന്തിനാണെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളെ ഒട്ടും കൂസാതെയായിരുന്നു ഈ പരിപാടികള്‍. എന്നെ കയറ്റിയ പോലീസ് ജീപ്പ് യാത്ര തുടങ്ങിയപ്പോള്‍ വിവരം പറയാന്‍ സുഹൃത്തുക്കളെ ഫോണ്‍ ചെയ്യാന്‍ തുനിഞ്ഞ എന്നെ എസ്.ഐ. നിര്‍ബന്ധപ്പൂര്‍വ്വം അതില്‍നിന്നു തടയുകയും ചെയ്തു. അവര്‍ എന്നെ കോറോത്തുനിന്ന് ആറേഴു കിലോമീറ്റര്‍ ദൂരെയുള്ള വെള്ളമുണ്ട പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തിയ ഉടന്‍ ഏകദേശം ഇരുപതോളം പോലീസുകാരുടേയും മറ്റും മുന്നില്‍വെച്ചു ഒരു കോണ്‍സ്റ്റബിള്‍ എന്നെ തുണിയുരിഞ്ഞു അടിവസ്ത്രധാരിയായി നിറുത്തി വിശദമായി പരിശോധിച്ചു.

ഈ സംഭവത്തിനു തൊട്ടുപ്പുറകെ സ്റ്റേഷനിലെത്തിയ മാനന്തവാടി ഡിവൈഎസ് പിയുടെ നേതൃത്വത്തിലായിരുന്നു തുടര്‍ന്നു ചോദ്യം ചെയ്യല്‍. ഏതാണ്ട് ഒരു മണിക്കൂറോളം ചോദ്യംചെയ്തശേഷം ആ ഡിവൈഎസ് പിയുടെ നേതൃത്വത്തില്‍ മൂന്നു വണ്ടികളിലായി പോലീസ്-തണ്ടര്‍ബോള്‍ട്ട് സംഘം ഞാന്‍ താമസിക്കുന്നിടത്തേക്കു പുറപ്പെട്ടു. ആട്ടോമാറ്റിക്ക് തോക്കുകള്‍ ധരിച്ച ആറു ‘തണ്ടര്‍ബോള്‍ട്ട്’ സൈനികരോടൊപ്പം ഒരു ജീപ്പിനു പുറകിലായിരുന്നു ഈ സമയം എനിക്കു യാത്ര ചെയ്യേണ്ടിയിരുന്നത്.

20-25 പേരടങ്ങുന്ന ഈ സംഘം വൈകുന്നേരം ആറരയോടെ വീട്ടിലെത്തിയ ഉടന്‍ കുറേ തണ്ടര്‍ ബോള്‍ട്ട് സൈനികര്‍ വീടും പരിസരവും വളയുകയും ബാക്കിയുള്ളവര്‍ വീടിനകത്തേക്ക് ഇരച്ചുക്കയറി പരിശോധന തുടങ്ങുകയും ചെയ്തു. എന്റെ സുഹൃത്തുക്കളെ നേരിട്ടുകാണാന്‍ വന്ന നിങ്ങള്‍ (പോലീസുകാര്‍) വീടു പരിശോധിക്കുന്നത് എന്തിനാണെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വീടു പരിശോധനയുടെ സാംഗത്യമെന്തെന്നുമുള്ള എന്റെ ചോദ്യങ്ങള്‍ക്കും യാതൊരു മറുപടിയും കിട്ടിയില്ല. ഈ പരിശോധന രാത്രി പന്ത്രണ്ടര വരെയാണ് നീണ്ടുനിന്നത്. ഈ സമയമെല്ലാം പോലീസുകാരും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും നിരന്തരം ഞങ്ങളെ ചോദ്യം ചെയ്യുന്നതു തുടര്‍ന്നു. വീടിനു ചുറ്റും കൂടിനിന്ന നാട്ടുകാരുടെ മുന്നില്‍ വെച്ചായിരുന്നു ഇത്തരം നടപടികളെല്ലാം. ഇതിനിടയില്‍ കല്‍പ്പറ്റയില്‍നിന്നും സൈബര്‍ സെല്ലിലെ ഒരു പോലീസുകാരന്‍ എത്തിച്ചേര്‍ന്നിട്ടു എന്റേയും ജീവിതപങ്കാളിയായ ഗീതിപ്രിയയുടേയും ലാപ്ടോപ്പുകള്‍ പരിശോധിച്ചു തുടങ്ങി. ഇടയ്ക്ക് അയാള്‍ എന്റെ ഇമെയില്‍ വിലാസം ആവശ്യപ്പെട്ടപ്പോള്‍, അതെന്തിനാണെന്ന എന്റെ ചോദ്യത്തിന്, അദ്ദേഹത്തിനു താല്‍പ്പര്യമുള്ള കത്തുകള്‍ മാത്രമേ എന്റെ മെയിലില്‍നിന്നും വായിക്കുകയുള്ളൂ എന്നാണദ്ദേഹം മറുപടി പറഞ്ഞത്. സ്വകാര്യതയ്ക്കുള്ള അവകാശത്തെ (right to privacy) മുന്‍നിറുത്തി ഇമെയില്‍ തരാന്‍ പറ്റില്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ പേരുപോലെ തന്നെയാണ് ഇമെയില്‍ അഡ്രസ്‌ എന്നും പോലീസ് അത് ആവശ്യപ്പെട്ടാല്‍ പറഞ്ഞേ മതിയാകൂവെന്നും ഡിവൈഎസ് പി എന്നോടു പറഞ്ഞു. പോലീസിന്റെ അന്യായമായ ആവശ്യങ്ങള്‍ അനുസരിക്കാതിരിക്കാനുള്ള പൌരന്റെ അവകാശത്തിന്റെ (right to disobey) അടിസ്ഥാനത്തില്‍ ഞാന്‍ അതിനു വിസ്സമതിക്കുന്നുവെന്നു പറഞ്ഞപ്പോഴാണ് അവസാനം അവര്‍ ഇമെയില്‍ ആവശ്യത്തില്‍നിന്നും പിന്‍വാങ്ങിയത്‌. തുടര്‍ന്നു കുറച്ചു നേരം സൈബര്‍സെല്‍ ഉദ്യോഗസ്ഥന്റെ വിനോദം ലാപ്ടോപ്പുകളിലെ സ്വകാര്യമായ ഉള്ളടക്കങ്ങള്‍ ഞങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചു മറ്റു ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു രസിക്കലായിരുന്നു.

ഈ വിധം വീട്ടിലെ ചവറ്റുക്കൊട്ടയുള്‍പ്പടെ പരിശോധിച്ച പോലീസ് സംഘം find-and-kill-terrorist-agitatorsഅന്വേഷിച്ചതൊന്നും കിട്ടാത്തതിനെ തുടര്‍ന്നു രാത്രി പന്ത്രണ്ടരയോടെ സ്ഥലം വിടുകയായിരുന്നു. എന്റേയും ഗീതിപ്രിയയുടേയും ലാപ്ടോപ്പുകളും എന്റെ മൊബൈല്‍ ഫോണും അവര്‍ കൂടെ കൊണ്ടുപ്പോകുകയും ചെയ്തു.

ഈ രാത്രിക്കുശേഷം പോലീസിനു കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നും കരുതിയിരുന്ന ഞങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ടു അടുത്ത ദിവസം (മെയ് 21, 2014) രാവിലെ പത്തുമണിയോടുക്കൂടി വീണ്ടും രണ്ടു സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പിമാരും ചില കോണ്‍സ്റ്റബിള്‍മാരും മഫ്ടിയില്‍ പ്രത്യക്ഷപ്പെട്ടു. അതിലൊരു കോണ്‍സ്റ്റബിള്‍ അനുവാദമില്ലാതെ ഞങ്ങളുടെ ഫോട്ടോയെടുത്തതിനെ ചോദ്യം ചെയ്തതിനു ഇത്തരം കാര്യങ്ങളില്‍ അനാവശ്യ ശ്രദ്ധ  കാണിക്കുന്നതിനാലാണ് നിങ്ങളെപ്പോലുള്ളവരെ സംശയിക്കേണ്ടി വരുന്നത് എന്നായിരുന്നു ഒരു ഡിവൈഎസ് പിയുടെ മറുപടി.

മെയ് 20, 2014നു അര്‍ദ്ധരാത്രിയോടുക്കൂടി കൊണ്ടുപ്പോയ ഞങ്ങളുടെ ലാപ്ടോപ്പുകളും മറ്റും രണ്ടുദിവസത്തിനു ശേഷം മെയ് 22നു രാത്രി ഏഴുമണിയോടുക്കൂടി മാത്രമാണു തിരിച്ചുകിട്ടിയത്. വീട്ടില്‍നിന്നും പോലീസ് എടുത്തുകൊണ്ടുപോയ ഈ സാമഗ്രികള്‍ എനിക്ക് രാത്രി പോലീസ് സ്റ്റേഷനില്‍ച്ചെന്നു തിരിച്ചെടുക്കേണ്ടി വന്നു. ഇതൊന്നും കൂടാതെ, വിഷയത്തില്‍ തികച്ചും നിരപരാധികളെന്നു ബോധ്യപ്പെട്ട ശേഷവും, ഞാന്‍ പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെടുവാന്‍ ശ്രമിച്ചെന്നും എന്നെ ഡിവൈഎസ് പിയുടെ നേത്രത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നുവെന്നുമുള്ള തെറ്റായ വിവരം പത്രങ്ങള്‍ക്കു നല്‍കാനുള്ള തെമ്മാടിത്തരവും പോലീസുകാര്‍ പ്രദര്‍ശിപ്പിച്ചു.

ലാപ്ടോപ്പുകള്‍ വീട്ടില്‍വെച്ചു നോക്കിയശേഷം വിശദമായ പരിശോധനയ്ക്കാണോ കസ്റ്റഡിയിലെടുത്തത്?

അതെ. ലാപ്ടോപ് പരിശോധിച്ച പോലീസുകാരന്‍ ഒരു സെര്‍ച്ച്‌ എഞ്ചിന്‍ പ്രവത്തിക്കുന്നതുപ്പോലെ ചില വാക്കുകളെ പ്രത്യേകം പിടിച്ചെടുക്കുന്നതായിട്ടാണ് എനിക്കു മനസ്സിലായത്‌. എന്റെ ലാപ്ടോപ്പില്‍, മുതലാളിത്തം, കൃഷിയുടെ രാഷ്ട്രീയം തുടങ്ങിയ വാക്കുകള്‍ കാണാനുണ്ടെന്ന് അയാള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടു ഫോണില്‍ പറയുന്നതു കേള്‍ക്കാമായിരുന്നു. പിന്നീട് അയാളോട് അന്വേഷിച്ചപ്പോള്‍, ‘മുതലാളിത്തം ഒരു പ്രേതകഥ’ (capitalism a ghost story) എന്ന അരുന്ധതിറോയിയുടെ ലേഖനവും ഞാന്‍ താമസിക്കുന്ന പ്രദേശത്തെ ഒരു സ്കൂളിലെ അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടത്തെ പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്കു കൃഷിയുടെ കച്ചവടവല്കരണത്തെക്കുറിച്ചു ക്ലാസ്സ് എടുക്കുന്നതിനായി ഞാന്‍ തയാറാക്കിയ നോട്ടുകളുമാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അറിയാന്‍ കഴിഞ്ഞു. ആ സമയം, ഒരു രാഷ്ട്രീയ ഗവേഷകനേയും മാവോയിസ്റ്റുകാരനേയും എങ്ങനെയാണു നിങ്ങള്‍ വേര്‍തിരിച്ചറിയുക എന്ന എന്റെ ചോദ്യത്തിനു, അതു മിക്കവാറും അസാധ്യമാണെന്നായിരുന്നു ഡിവൈഎസ് പിയുടെ മറുപടി.

ഇതു വളരെ ഗൗരവമുള്ള പ്രശ്നമല്ലേ; ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമാകുന്ന അവസ്ഥ. തികച്ചും ജനാധിപത്യപരമായ വിയോജിപ്പുകളെപ്പോലും ദേശവിരുദ്ധ ഗൂഡാലോചനകളായി കെട്ടിചമച്ച് കരിനിയമ വകുപ്പുകളുടെ കള്ളികളില്‍ ഒതുക്കി തടവറയിലാക്കുന്ന സാഹചര്യം വളരെ പ്രബലമാണ്. നിങ്ങള്‍ക്കെതിരായ നടപടികളും അതിന്റെ സൂചനയാണ്. വ്യാജതെളിവുണ്ടാക്കുന്നതില്‍ പോലീസുകാര്‍ വിജയിച്ചിരുന്നുവെങ്കില്‍ നിങ്ങളും ജയിലിലാകുമായിരുന്നു.

ഒന്നുകില്‍ ഭരണകൂടത്തിന്റെ എല്ലാ അവകാശവാദങ്ങളും കണ്ണടച്ചു വിശ്വസിച്ച് അതിന്റെ വിനീതദാസരായി കഴിയുക അല്ലെങ്കില്‍ മാവോയിസ്റ്റ് ആകുക; തിരഞ്ഞെടുക്കാന്‍ ഈ രണ്ടു സാധ്യതകള്‍ മാത്രമേ നമുക്കുള്ളൂ എന്നാണോ ഭരണകൂടം പറയുന്നത്?

തീര്‍ച്ചയായും; നിലവിലെ സാഹചര്യം അതുതന്നെയാണ്. ഈ പറഞ്ഞ രണ്ടു സാധ്യതകള്‍ക്കിടയില്‍ മറ്റിടങ്ങളൊന്നും ഇല്ലാത്ത അവസ്ഥ. ഇവയ്ക്കിടയിലായി വൈവിധ്യമാര്‍ന്ന ജനാധിപത്യ ഇടങ്ങള്‍ ധീരമായി വികസിപ്പിക്കുക എന്നതു തന്നെയാണ് ഇത്തരം അസംബന്ധങ്ങള്‍ക്കുള്ള മറുപടി.

പൊതുവില്‍ ഈ സംഭവത്തെ എങ്ങനെയാണു വിലയിരുത്തുന്നത്?

നമുക്ക് ഈ സംഭവത്തെ രണ്ടു വശങ്ങളില്‍നിന്നു മനസ്സിലാക്കാം. ആദ്യത്തെ വശത്തുനിന്ന് ഇതെല്ലാം ലോകമൊട്ടാകെ മുതലാളിത്ത-സൈനീക ഭരണത്തിലേക്കു (militant capitalism) അതിദ്രുതം നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായ സംഭവങ്ങളാണ്‌. ആ സാഹചര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തകര്‍ സ്വകാര്യമൂലധനത്തിന്റെ കാര്യസ്ഥന്മാരും പോലീസുകാര്‍ അതിന്റെ ഗുണ്ടകളും ജനങ്ങള്‍ അടിയാളന്മാരും ആകുക എന്നത് അനിവാര്യമാണ്.

ഇനി മറ്റൊരുവശത്തുനിന്നു പറഞ്ഞാല്‍, റൂസ്സോ തന്റെ ‘സോഷ്യല്‍ കോണ്ട്രാക്റ്റ്’ എന്ന കൃതിയില്‍ ചോദിക്കുന്നുണ്ട്, എപ്പോഴാണ് ഒരു രാഷ്ടം അതിന്റെ പൌരന്മാരെ അടിച്ചമര്‍ത്തുന്നതെന്ന്? അദേഹം തന്നെ മറുപടി പറയുന്നു, എപ്പോഴാണോ ഒരു രാഷ്ട്രത്തിലെ പൌരന്മാര്‍ തന്‍കാര്യം നോക്കികളായി അധഃപതിക്കുന്നത് അപ്പോഴാണ് ആ രാഷ്ട്രം ഭീകരരൂപം ആര്‍ജ്ജിക്കുന്നത്.

ഈ രണ്ടു കാഴ്ചകളേയും സമന്വയിപ്പിക്കാന്‍ ആകുമ്പോഴാണ് നമുക്ക് സ്വാതന്ത്ര്യം സാധ്യമാകുക എന്നു തോന്നുന്നു.

രണ്ടാമതു പറഞ്ഞ വീക്ഷണത്തെകുറിച്ച് കൂടുതല്‍ ചോദിക്കട്ടെ. കാരണം പൊതുവില്‍ സംവാദം നടക്കാത്ത മേഖലയാണിത്. ഭരണകൂടത്തെ വ്യക്തിയില്‍നിന്നും വേറിട്ട്‌ കാണാനാവില്ല എന്നാണോ?

വ്യക്തിയില്‍നിന്നും വേറിട്ട ഒരു സത്തയായി ഭരണകൂടത്തെ മനസ്സിലാക്കുമ്പോള്‍ ഗുരുതരമായ പല പിഴവുകള്‍ക്കും സാധ്യതയുണ്ട്. ഉദാഹരണത്തിന് നമുക്കു ചുറ്റുമുള്ള, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്യബോര്‍ഡുകള്‍ തന്നെ ശ്രദ്ധിക്കുക. തങ്ങളുടെ പ്രതിയോഗികളോടുള്ള വെറുപ്പും വെല്ലുവിളികളുമാണ് മിക്കവയിലും. ഇങ്ങനെ നമ്മള്‍തന്നെ പരസ്പരം അടിച്ചമര്‍ത്തുന്നവരും ജനാധിപത്യവിരുദ്ധരും ആയിരിക്കുമ്പോള്‍ നമുക്ക് എങ്ങനെയാണ് പോലീസ് നീതി ചെയ്യണമെന്ന് ആവശ്യപ്പെടാനാകുക?!

ശരിയായ ഒരു ജനാധിപത്യ സമൂഹമായി നാം വികസിക്കുന്നതിന് നമ്മളോരോരുത്തരും തന്റേയും സമൂഹത്തിന്റേയും നിരന്തരമായ ജനാധിപത്യവല്കരണത്തിലും അത് അനിവാര്യമാക്കുന്ന ആത്മവിമര്‍ശനത്തിലും മനസ്സിരുത്തേണ്ടതുണ്ട്. ഇതില്‍ ഒഴിവുകഴിവുകളൊന്നുമില്ല. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍, നാരായണഗുരു അദ്ദേഹത്തിന്റെ അനുയായിയും കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന ടി.കെ. മാധവനോട്, പരസ്പരം ജാതീയമായ അടിച്ചമര്‍ത്തല്‍ നടത്തുന്ന ഭാരതീയര്‍ എങ്ങനെയാണ് ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യം ആവശ്യപ്പെടുക എന്നു ചോദിക്കുന്നുണ്ട്. മാധവന്‍ ഈ ചോദ്യം കോണ്‍ഗ്രസിന്റെ ദേശീയയോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ ഗാന്ധിജി ആദ്യമായി കേരളത്തില്‍ വന്ന്‍ നാരായണഗുരുവിനെ കാണുന്നത്. അങ്ങനെയാണ് പിന്നീട് അയിത്തോച്ചാടനം കോണ്‍ഗ്രസ്സിന്റെ ദേശീയ നയമാകുന്നത്.

വയനാട്ടില്‍നിന്നും വിഷം തളിച്ച വാഴക്കുല കോഴിക്കോട്ടേക്കും, കോഴിക്കോടുനിന്ന് അമോണിയം കലര്‍ത്തിയ മത്സ്യം വയനാട്ടിലേക്കും കയറ്റി അയക്കുന്നവര്‍ക്ക് ഭരണകൂടം എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കരുതെന്നു പറയാന്‍ എന്താണ് അവകാശം? നമ്മളോരോരുത്തരും ജനാധിപത്യവിരുദ്ധരാകുന്നതുകൊണ്ടാണ് ജനാധിപത്യംblacknwhite_39സംരക്ഷിക്കാന്‍ നമുക്ക് ഇത്രയധികം സ്ഥാപനങ്ങള്‍ വേണ്ടി വരുന്നത്. എന്നിട്ട് സ്ഥാപനങ്ങള്‍ ജനാധിപത്യം സംരക്ഷിക്കുന്നില്ല എന്നാണ് നമ്മുടെ പരാതി. സ്വന്തം കണ്ണിലെ തടിയെടുക്കാന്‍ നാം എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോഴാണ്‌ ഭരണകൂടങ്ങളുടെ കൊഴിഞ്ഞുപോക്ക് ആരംഭിക്കുക.

മനുഷ്യനെ വിട്ടുകളഞ്ഞിട്ട്‌ സമൂഹത്തിലുള്ള ഈ ഊന്നല്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

അത് കുറേകൂടി എളുപ്പം ആണെന്നതു കൊണ്ടാകാം. ഗൗരവമുള്ള ആത്മവിചിന്തനം സുഖകരമോ സൌകര്യപ്രദമോ ആയ ഒരു പ്രക്രിയ അല്ല; വളരെ ആഴമുള്ള ത്യാഗവും ഉത്തരവാദിത്തവും നമ്മില്‍നിന്ന് ആവശ്യപ്പെടുന്നതാണത്.

മറ്റൊരു പ്രധാനപ്രശ്നം നമുക്ക് ദര്‍ശനവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നതാണ്‌. ഇവ തമ്മില്‍ കൂട്ടികുഴക്കുന്ന ആശയക്കുഴപ്പം മനുഷ്യരാശിയുടെ ചരിത്രത്തിലുടനീളം കാണാം. ആധുനികതയില്‍ ഈ പ്രശ്നം അതീവ രൂക്ഷമാണ്. താന്‍ എന്തിനായി ജീവിക്കുന്നു? എന്താണ് തന്റെ ജീവിതത്തിന്റെ ഉദ്ദേശം? എന്ന മനുഷ്യരുടെ എക്കാലത്തേയും അന്വേഷണങ്ങളുടേയും കണ്ടെത്തലുകളുടേയും ആകത്തുകയെ നമുക്കു ദര്‍ശനം എന്നുപറയാം. പ്രാഥമികമായ ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ബോധപൂര്‍വമോ അബോധപൂര്‍വമോ ആയി നമ്മളിലെല്ലാം നിലനില്‍ക്കുന്നുണ്ട്. ആ ഉത്തരങ്ങള്‍ക്ക് അഥവാ നമ്മളോരോരുത്തരുടെയും ജീവിതദര്‍ശനത്തിന് അനുസൃതമായാണ് ഒരുവന്റെ/ഒരുവളുടെ ജീവിതത്തിലെ മുന്‍ഗണനകള്‍, മൂല്യപരിഗണനകള്‍, നന്മ-തിന്മകള്‍, ഉപജീവനമാര്‍ഗ്ഗം ഇവയെല്ലാം രൂപപെടുന്നത്.

അതേസമയം, രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നത് രണ്ടു മനുഷ്യര്‍ക്കിടയിലെ വ്യവഹാരങ്ങളെയാണ്. താന്‍ എന്തിനായി ജീവിക്കുന്നുവെന്ന ഒരു മനുഷ്യന്റെ പ്രാഥമിക ധാരണയാണ് ഒരു മനുഷ്യന്റെ അപരനുമായുള്ള ബന്ധത്തെ നിര്‍ണ്ണയിക്കുന്നത്. അതായത്, വ്യക്തിയുടെ ജീവിതദര്‍ശനത്തിന്റെ ഒരു തലം മാത്രമാണ് അയാളുടെ രാഷ്ട്രീയം. ആ ദര്‍ശനം എത്ര സമഗ്രമാകുന്നുവോ അത്രയും അയാളുടെ രാഷ്ട്രീയം ആഴപ്പെടുന്നു. രാഷ്ട്രീയത്തെ-സാമൂഹികതയെ മാത്രം മുറുകെ പിടിക്കുകയും ദര്‍ശനത്തെ അവഗണിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് ഇന്നത്തെ വികസനദര്‍ശനം. ആ വികസനസങ്കല്പം നമ്മെ അഭിമുഖീകരിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്നത്, എന്താണ് മനുഷ്യജീവിതം, നാം എന്തിനായാണ് ജീവിക്കുന്നത് എന്ന അടിസ്ഥാനസമസ്യയെ തന്നെയാണ്.

വ്യക്തി എങ്ങനെ ജീവിക്കണമെന്ന് സമൂഹത്തിന് അറിയാം എന്ന സോവിയറ്റ് യൂണിയന്‍ മട്ടിലുള്ള അധികാരപ്രയോഗങ്ങള്‍ ഉണ്ടാകുന്നതും മനുഷ്യനെ വിട്ടുകളഞ്ഞ് സമൂഹത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതു കൊണ്ടാണ്.

സോവിയറ്റ്‌ ഭരണകൂടത്തെകുറിച്ച് പറഞ്ഞുവല്ലോ. തുടക്കത്തില്‍ പരാമര്‍ശിച്ച മുതലാളിത്ത-സൈനീക ഭരണകൂടത്തെകുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ?

ഇതു വിശദീകരിക്കുവാന്‍ മനുഷ്യരാശി ഇതുവരെ രൂപപ്പെടുത്തിയ സംഭരണ-ഉല്‍പാദന വ്യവസ്ഥകളേയും, നിലവിലെ സ്വകാര്യമൂലധന വ്യവസ്ഥയും ആധുനിക ദേശരാഷ്ട്രവും (nation state)തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തേയും അടുത്തറിയേണ്ടതുണ്ട്.

മനുഷ്യരാശി അതിന്റെ ജീവിതകാലയളവില്‍ ഏറ്റവും കൂടുതല്‍ കാലം അനുശീലിച്ചിട്ടുള്ള ഭൌതീക ജീവിതവ്യവസ്ഥ ഭക്ഷണശേഖരണത്തിന്റെതാണ്‌ (food gathering). ഇതിനെ തുടര്‍ന്ന്‍, ചില കാലാവസ്ഥാ വ്യതിയാനങ്ങളോടും മറ്റും പ്രതികരിച്ചുക്കൊണ്ടാണ് കന്നുകാലി വളര്‍ത്തലും (pastrolism) ഇന്നേയ്ക്ക് ഏതാണ്ടു പതിനായിരം വര്‍ഷം മുമ്പു സ്ഥിരമായി ഒരിടത്തു താമസിക്കുന്ന കാര്‍ഷികവ്യവസ്ഥയും (settled agriculture) രൂപപ്പെടുന്നത്. ഇതില്‍ ആദ്യത്തെ രണ്ടു വ്യവസ്ഥകള്‍ നാടോടി (nomadic) സ്വഭാവമുള്ളതാണ്. ഇതിനൊക്കെ ശേഷം വളരെ അടുത്തകാലത്ത് ഏതാണ്ടു 1700കളുടെ മധ്യത്തോടുക്കൂടിയാണ് യൂറോപ്പില്‍ വ്യാവസായിക ഉല്‍പാദനവ്യവസ്ഥ (industrial production system) ആരംഭിക്കുന്നത്. ഇതു മൂലമുണ്ടായ വമ്പിച്ച മൂലധന-വിഭവാവശ്യങ്ങളേയും നഗരവല്‍ക്കരണത്തേയും കോളനിവല്ക്കരണത്തെയും മറ്റും ഉള്‍ക്കൊണ്ടു വികസിച്ച ഒരു സമീപകാല രാഷ്ട്രീയ സംവിധാനമാണ് ദേശരാഷ്ട്രം. കോളനിവല്‍ക്കരണത്തിന്റെ ഭാഗമായി യൂറോപ്പില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പിന്നീടത്‌ ഇറക്കുമതി ചെയ്യപ്പെട്ടു. 1884നു മുന്‍പുള്ള പ്രധാന നിഘണ്ടുക്കളിലൊന്നും തന്നെ ദേശം (nation) എന്ന വാക്കിനു നാം ഇന്നു മനസ്സിലാക്കുന്ന അര്‍ത്ഥമേയല്ല ഉണ്ടായിരുന്നതെന്ന് വിഖ്യാത ചരിത്രകാരനായ ഹോബ്സ്വാം (E.J. Hobsbawm) നിരീക്ഷിച്ചിട്ടുണ്ട്.

ഇപ്പറഞ്ഞ രാഷ്ട്രവ്യവസ്ഥയുടെ നിര്‍ണ്ണായകമായ സവിശേഷത, വ്യാവസായികോല്പാദനത്തെ ആശ്രയിച്ചാണ് അത് മിക്കവാറും നിലനില്‍ക്കുന്നത് ‌എന്നതാണ്; ഈ ആശ്രിതത്വം അനുനിമിഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 17% മാത്രമാണു കാര്‍ഷികമേഖലയില്‍ നിന്നുള്ള സംഭാവന. ഈ പങ്കാളിത്തംപോലും അങ്ങേയറ്റം കേന്ദ്രീകൃതമായ, ഹരിതവിപ്ലവാനന്തര, കമ്പോളോന്മുഖ കടുംകൃഷിയില്‍നിന്നും തുടര്‍ന്നുള്ള ഊഹകച്ചവടത്തില്‍നിന്നും ഉണ്ടാകുന്നതാണ്; അല്ലാതെ സ്വാഭാവിക-പ്രാദേശിക കൃഷിയില്‍ നിന്നുള്ളതല്ല. ഈ തുകക്കൊണ്ടു ഇന്ത്യന്‍ സര്‍ക്കാരിന് അതിന്റെ പെരുത്ത ദൈനംദിന ചെലവുകളെയോ ഉദ്യോഗസ്ഥവൃന്ദത്തേയോ സൈന്യത്തെയോ ഒന്നുംതന്നെ നിലനിറുത്താന്‍ ആകില്ല.Oiled_Bird_-_Black_Sea_Oil_Spill_111207ആദിവാസികളും നാടോടികളും ഉണ്ടാക്കുന്ന മിച്ചമൂല്യമാകട്ടെ രാഷ്ട്രത്തിന് അത് ഇതുവരെയെടുത്തിട്ടുള്ള കടത്തിന്റെ പലിശയടക്കാന്‍പോലും തികയില്ല. വികസിതമെന്നു പറയപ്പെടുന്ന രാജ്യങ്ങളെ സംബന്ധിച്ചാണെങ്കില്‍ നമ്മള്‍ ഇപ്പറഞ്ഞതു എത്രയുംകൂടുതല്‍ ശരിയാണ്. ഉദാഹരണത്തിന്, അമേരിക്കയുടെ അഭ്യന്തര ഉല്‍പാദനത്തിന്റെ വെറും 1% മാത്രമാണു കാര്‍ഷികമേഖലയുടെ സംഭാവന. ജര്‍മ്മനിയില്‍ അതു 0.8%വും ഫ്രാന്‍സില്‍ അതു 2%വും ആണ്. പറഞ്ഞുവന്നത്, ദേശരാഷ്ട്രം എന്ന വ്യവസ്ഥ മുതലാളിത്തവ്യവസ്ഥിതിയെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത് എന്നാണ്‌. ഇതിനു ഭൂട്ടാന്‍ പോലുള്ള ചില അപവാദങ്ങളൊക്കെ കണ്ടേക്കും; പക്ഷെ, അവ അപവാദങ്ങള്‍ മാത്രമാണ്.

ഏതൊരു ശരീരത്തിനും-സ്ഥാപനത്തിനും ഏതുവിധേനയും സ്വയം നിലനിറുത്തുവാനുള്ള വാസന (instinct) ഉണ്ടായിരിക്കും. ഈ വാസനയെപ്രതി‍, നിരന്തരം വളരുക, കേന്ദ്രീകരിക്കുക എന്ന മുതലാളിത്ത ആവശ്യത്തോട് വിവിധ സര്‍ക്കാരുകള്‍  താദാത്മ്യപ്പെടുന്നതോടെയാണ് രാഷ്ട്രീയക്കാര്‍ കാര്യസ്ഥന്മാരും സേനകള്‍ ഗുണ്ടാപ്പടയുമായി മാറുന്നത്. ഇവര്‍ മനുഷ്യരാശിയെ നിരന്തരം കമ്പോള വ്യവസ്ഥിതിയിലേക്കു പരിവര്‍ത്തനം ചെയ്യുന്നു; പ്രചാരണങ്ങളിലൂടെയും ബലപ്രയോഗത്തിലൂടെയും. ഈ പ്രക്രിയ ഒരു ഘട്ടം കഴിയുമ്പോള്‍ സര്‍ക്കാരും സൈന്യവുമായുള്ള അതിര്‍വരമ്പുകള്‍ അവസാനിക്കും. അടുത്തിടെ അമേരിക്കയിലെ എഡ്വാര്‍ഡ് സ്നോഡെന്‍ (Edward Snowden) വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഈ ദിശയിലേക്കുത്തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ ക്യാമ്പസുകളിലടക്കം വ്യാപകമാകുന്ന സിസിടിവികളും മറ്റും ഇതേ ആഗോളപ്രക്രിയയുടെ ചില ലക്ഷണങ്ങളാണ്.

ആധുനികരാഷ്ട്രത്തിന്റെ മേല്‍പ്പറഞ്ഞ ഘടനാപരമായ അനിവാര്യതകൂടി വെച്ചിട്ടുവേണം കൂടംകുളം ആണവ പദ്ധതിക്കെതിരെ സമരം ചെയ്യുന്നതും മറ്റും രാജ്യദ്രോഹമാകുന്ന സാഹചര്യത്തെ മനസ്സിലാക്കാന്‍.

രാഷ്ട്രം മുതലാളിത്തത്തെ ആശ്രയിക്കുന്നതുപോലെ മുതലാളിത്തം രാഷ്ട്രത്തേയും അശ്രയിച്ചല്ലേ നിലനില്‍ക്കുന്നത് ?

തീര്‍ച്ചയായും. നമുക്കിടയില്‍ പൊതുവേ പ്രചരിപ്പിക്കപ്പെടുന്ന ധാരണ, ലോകമൊട്ടാകെ കമ്പോളവ്യവസ്ഥിതി നിലനില്‍ക്കുന്നതിനു കാരണം ഈ വ്യവസ്ഥയ്ക്കു കുറേ കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും അതിലുപരിയായ അതിന്റെ ഗുണഗണങ്ങള്‍മൂലം പൊതുവില്‍ മനുഷ്യരാശി അതിനെ അംഗീകരിച്ചിട്ടുള്ളതു കൊണ്ടാണെന്നാണ്. വാസ്തവത്തില്‍, ഭരണകൂടങ്ങളുടെ കാര്യസ്ഥപ്പണിയില്ലായിരുന്നെങ്കില്‍ മുതലാളിത്തം ഒരൊറ്റയിടത്തുപ്പോലും പച്ച തൊടുമായിരുന്നില്ല. ഹരിതവിപ്ലവത്തിന്റെ കാര്യം തന്നെയെടുക്കുക. മാധ്യമങ്ങളിലൂടെയും വിലക്കെടുത്ത ബുദ്ധിജീവികളിലൂടെയും കൃഷി വിദഗ്ദ്ധരിലൂടെയും കാര്‍ഷിക സര്‍വ്വകലാശാലകളിലൂടെയുമെല്ലാമുള്ള പ്രചാരണങ്ങളും, ബാങ്ക് ലോണുകളും സബ്സിഡികളും പോലുള്ള ഭൌതീക പിന്തുണയും കൊണ്ടല്ലാതെ കര്‍ഷകര്‍ തങ്ങളുടെ കൃഷിയിടത്തില്‍ രാസവളകൃഷിയുടെ വരുംവരായ്കകള്‍ നേരിട്ടു വിശകലനം ചെയ്തിരുന്നതെങ്കില്‍ ഇന്ത്യയെ ശവപറമ്പാക്കിയ ഹരിതവിപ്ലവം ഒരിക്കലും സംഭവിക്കുമായിരുന്നില്ല. സമാനമായി, അമേരിക്കയില്‍ കുറച്ചുനാള്‍ മുമ്പു കുത്തക ബാങ്കുകളുടെ ചൂതുകളിമൂത്ത് സകലതും പൊളിയാന്‍ തുടങ്ങിയപ്പോള്‍ പൊതുമൂലധനം ഉപയോഗിച്ച് അതിനു തടയിട്ടത് അവിടത്തെ സര്‍ക്കാരാണ്. ആ സമയത്ത് ഇന്ത്യയിലടക്കം ഏതാണ്ടെല്ലാ രാജ്യങ്ങളിലും സമാനമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടന്നിരുന്നു.

വാസ്തവത്തില്‍, മുതലാളിത്തം രാഷ്ട്രത്തെ ആശ്രയിച്ചല്ല; രാഷ്ട്രം കയ്യാളുന്ന പൊതുമൂലധനത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ആധുനികരാഷ്ട്രങ്ങള്‍ മിക്കതും ജനാധിപത്യത്തെ ഒരു ഭരണവ്യവസ്ഥയായി അംഗീകരിക്കുകയും പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നവയുമാണ്. എന്നാല്‍ കമ്പോളവ്യവസ്ഥയോടുള്ള ആശ്രയത്വത്താല്‍ രാഷ്ട്രങ്ങള്‍ ജനാധിപത്യമൂല്യങ്ങളുടെ ധ്വംസകരായി മാറുകയല്ലേ?

അങ്ങനെ തന്നെയാണ്. ജനാധിപത്യവും മുതലാളിത്തവും തമ്മില്‍ അപരിഹാര്യമായ വൈരുദ്ധ്യങ്ങള്‍ ആണുള്ളത് എന്നതിനാല്‍, ഈ രണ്ടു യജമാനന്മാരെയും ആര്‍ക്കും ഒരേസമയം സേവിക്കുവാന്‍ ആവുകയില്ല.

തന്നെപ്പോലെ അപരനേയും പരിഗണിക്കലാണ് ജനാധിപത്യമെങ്കില്‍ മുതലാളിത്തത്തില്‍ അപരന്‍ എന്നൊന്നില്ല, താന്‍ (സ്വകാര്യവ്യക്തി) മാത്രമേയുള്ളൂ. സഹകരണമാണ് ജനാധിപത്യമെങ്കില്‍ മുതലാളിത്തം മത്സരാധിഷ്ഠിതമാണ്. ഒന്നുകില്‍ ഇരട്ട നേട്ടം അല്ലെങ്കില്‍ ഇരട്ട നഷ്ടം എന്നതാണ് മനുഷ്യര്‍ക്കിടയിലെ എല്ലാ വ്യവഹാരങ്ങളെയും സംബന്ധിച്ച വാസ്തവം. എന്നാല്‍, സ്വകാര്യവീക്ഷണം അഥവാ മുതലാളിത്തം ഒരേ സന്ദര്‍ഭത്തിലുള്ള രണ്ടുപ്പേരില്‍ ഒരുവനു നേട്ടവും അപരനു നഷ്ടവും സാധ്യമാണെന്നു കരുതുന്നു. അങ്ങനെ, നിരന്തരം അന്യതാബോധത്തെ വളര്‍ത്തി, സവിശേഷ സ്വത്വങ്ങളില്‍ ഊന്നി, മുതലാളിത്തം മനുഷ്യരെ വിഭജിച്ചുഭരിക്കുന്നു.

ഇതില്‍നിന്നും വ്യത്യസ്തമായി നമ്മള്‍ ആദ്യം സൂചിപ്പിച്ച മൂന്നുതരം സംഭരണ-ഉല്‍പാദന വ്യവസ്ഥകളും, പ്രകൃതിയും മറ്റു മനുഷ്യരുമായുള്ള സഹവര്‍ത്തിത്വത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അപരനുമായി/അയല്‍ക്കാരനുമായുള്ള, പാരസ്പപര്യത്തിലൂടെ മാത്രമേ അത്തരം വ്യവസ്ഥിതികളില്‍ ഒരു മനുഷ്യന് നിലനില്‍ക്കാനാവുകയുള്ളൂ. സമാനമായി, പ്രകൃതിയോടുള്ള തന്റെ ആശ്രിതത്വവും പ്രകൃതിയുടെ നിലനില്‍പ്പും തന്റെ നിലനില്‍പ്പും തമ്മിലുള്ള ബന്ധവും ഇത്തരം വ്യവസ്ഥിതികളില്‍ മനുഷ്യര്‍ക്കു സുവ്യക്തമാണ്. എന്നാല്‍ മുതലാളിത്തത്തിന്റെ മൂലക്കല്ല്, നമ്മള്‍ പറഞ്ഞതുപ്പോലെ, പ്രകൃതിയില്‍നിന്നും അപരനില്‍നിന്നും ഒരുപോലെ അന്യവല്‍ക്കരിക്കപ്പെട്ട് തന്റെ സ്വകാര്യസുഖങ്ങളുടെ ലോകത്ത് അഭിരമിക്കുന്ന വ്യക്തിയാണ്. പരസ്യങ്ങളുടെയെല്ലാം ഉള്ളടക്കം ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. ഈ സ്വകാര്യവ്യക്തിക്ക് എല്ലാത്തിനോടും പ്രയോജനമാത്രാപരമായ (utilitarian) ബന്ധമാണുള്ളത്. ഇയാള്‍ തന്നെയാണ് ഹിംസകളുടെയെല്ലാം ഉറവിടവും.

സ്വകാര്യവ്യക്തി എന്നത് സ്വകാര്യമൂലധനവ്യവസ്ഥയുടെ സൃഷ്ടി ആണെന്നാണോ?

ആല്ല. വാസ്തവത്തില്‍, വ്യക്തിക്ക് മറ്റെല്ലാത്തില്‍നിന്നും അന്യവല്‍ക്കരിച്ച് സ്വയം മനസ്സിലാക്കുവാനും തന്റെ സ്വകാര്യ അല്പത്തങ്ങളില്‍ തുടരുവാനുമുള്ള ഒരു വാസന സഹജമായെന്നോണം ഉണ്ടെന്നു പറയാം. സവിശേഷ (unique) സ്ഥല-കാലമുള്ള ദേഹത്തോടുള്ള താദാത്മ്യത്താല്‍ ‘താന്‍’ (self)എന്ന മൂല്യാനുഭവത്തെ തികച്ചും ശരീര/വ്യക്തിനിഷ്ഠമായി മനസിലാക്കുവാനും തന്റെ സാര്‍വത്രികതയെ (universality) അവഗണിക്കുവാനുമുള്ള പ്രവണത മനുഷ്യരിലുണ്ട്. വാസ്തവത്തില്‍, ഈ സ്വകാര്യവ്യക്തിയാണ് പല മതങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന ചെകുത്താന്‍. മരുഭൂമിയില്‍ തപസ്സുചെയ്യുന്ന യേശുവിനെ പ്രലോഭിപ്പിക്കാന്‍ ചെകുത്താന്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. എല്ലാ ഗുരുക്കന്മാരും വിദ്യാഭ്യാസ-ആദ്ധ്യാത്മികtumblr_lrq7v1NL4G1qjqy3so1_250

സമ്പ്രദായങ്ങളും നിരന്തരം ഊന്നുന്നത്, ഏതുവിധേനയും സ്വന്തം തടി (അഹന്ത) രക്ഷിക്കുവാനുള്ള (self-preservation) ഈ വാസനയില്‍നിന്നും മനനത്തിലൂടെ ആത്മജ്ഞാനം (self-understanding) എന്ന വിശാലലക്ഷ്യത്തിലേക്കു വളരുവാനാണ്. “മനനം ചെയ്യുന്നവനാണു മനുഷ്യന്‍” എന്ന്‍ ഈ അര്‍ത്ഥത്തിലാണ് പറയുന്നത്. എന്നാല്‍, അനാദികാലം മുതല്‍ ജ്ഞാനികളും വിവിധ സമൂഹങ്ങളുമെല്ലാം അപകടകരമെന്നു തിരിച്ചറിഞ്ഞ സ്വകാര്യതാല്‍പ്പര്യങ്ങളെ നിരന്തരം ഉല്‍പാദിപ്പിച്ചും സ്വകാര്യവ്യക്തിയെ മഹത്വവല്‍ക്കരിച്ചുമാണ് മുതലാളിത്തം വാഴുന്നത്; അങ്ങനെയാണു ഭൂമി നരകമായി മാറുന്നതും.

കമ്പോളവ്യവസ്ഥിതി സ്വകാര്യവ്യക്തിയില്‍ നിരന്തരം ഭയത്തെ ഉല്‍പാദിപ്പിക്കുന്നതായി തോന്നാറുണ്ട്. വ്യക്തിയെ അയാളുടെ സ്വകാര്യലോകത്തേക്ക് നിരന്തരം തള്ളിവിടുന്നതിനു വേണ്ടി ബോധപൂര്‍വ്വം അരക്ഷിതാവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നില്ലേ?

ഉണ്ട്. അത്തരം ഭയങ്ങളുടെയെല്ലാം മൂലകാരണം സ്വകാര്യതാല്പര്യങ്ങള്‍ ഉണ്ടാക്കുന്ന അന്യവല്‍കരണമാണ്. അങ്ങനെ മറ്റെല്ലാത്തില്‍നിന്നും അന്യവല്‍കരിക്കപ്പെട്ട് എപ്പോള്‍ വേണമെങ്കിലും അപകടമോ മരണം തന്നെയോ സംഭവിക്കാവുന്ന ദേഹം മാത്രമാണ് താനെന്നു വരുമ്പോഴാണ് സുരക്ഷിതത്വം ഇല്ലായ്മയും മരണഭീതിയും ഹൃസ്വദൃഷ്ടിയുമെല്ലാം വ്യക്തിയുടെ കൂടപിറപ്പാകുക. കൂടുതല്‍ കൂടുതല്‍  ഉപഭോഗാസക്തികളില്‍ മുഴുകിയും സമ്പത്താര്‍ജ്ജിച്ചും ഈ ‘വിധി’യെ മറക്കാനും മറികടക്കാനുമാണ് തുടര്‍ന്നു വ്യക്തി ശ്രമിക്കുക. ഇതയാളെ കൂടുതല്‍ ഗുരുതരമായ അന്യവല്‍ക്കരണത്തിലേക്കു നയിക്കുന്നു. ഇതൊരു ദൂഷിതവലയമാണ്. ഇങ്ങനെ, ഒരു പിരമിഡിന്റെ ഘടനയുള്ള മുതലാളിത്ത വ്യവസ്ഥിതിയിലെ ഭൂരിപക്ഷം അംഗങ്ങളും തങ്ങളുടെ കഴിവിനൊത്ത് വിഭവസമാഹരണത്തിനും ഉപഭോഗത്തിനും ശ്രമിക്കുമ്പോള്‍ താഴെത്തട്ടില്‍നിന്നും മുകളിലേക്കുള്ള നിരന്തരമായ അധികാര-ധന കേന്ദ്രീകരണവും, ഉല്‍പാദനവും ഒഴിവാക്കാനാകില്ല. പരിമിതമായ ഭൌതീകവിഭവങ്ങളുള്ള ഭൂമിയില്‍ അപരിമിതമായി വളരുകയെന്നതിന്റെ അര്‍ത്ഥവും യുദ്ധമെന്നു തന്നെയാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപ്പോലെ, നാണയസമ്പദ്‌വ്യവസ്ഥ ഈ സാഹചര്യങ്ങളെയെല്ലാം അറുവഷളാക്കുന്നു.

മനുഷ്യാവകാശലംഘനങ്ങളെകുറിച്ചും ഭരണകൂടത്തിന്റെ മര്‍ദ്ദകസ്വഭാവത്തെകുറിച്ചുമുള്ള ചര്‍ച്ചകളില്‍ സമ്പദ്‌വ്യവസ്ഥയെകുറിച്ചുള്ള വിലയിരുത്തലുകള്‍ ഉണ്ടാകാറില്ല. പണം എങ്ങനെയാണ് ഇക്കാര്യങ്ങളെ സ്വാധീനിക്കുന്നത് എന്നു വിശദമാക്കാമോ?

ഇതര വ്യവസ്ഥിതികളില്‍നിന്നും വ്യത്യസ്തമായി മറ്റാരുമായും സഹജമായ ബന്ധങ്ങളില്ലാതെ ജീവിക്കാന്‍ ഇന്നൊരുവന് പ്രാപ്തി നല്‍കുന്ന ഉപാധി പണമാണ്. പണമുള്ളവന് അയല്‍ക്കാരനെ ആവശ്യമില്ല; സൂപ്പര്‍ മാര്‍ക്കറ്റു മതി. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇത്രയും മൂര്‍ത്തമായ ഒരു സ്വകാര്യനെ ഉണ്ടാക്കുന്നത്‌ പണമാണ്.

വ്യവസായപൂര്‍വ്വകാലങ്ങളില്‍ ഭൂരിപക്ഷസമൂഹവും വളരെ പരിമിതമായ തലങ്ങളിലാണ് നാണയങ്ങള്‍ ഉപയോഗിച്ചിരുന്നത്. സഹജമായി യാതൊരു മൂല്യവുമില്ലാത്ത, വ്യവഹാരസൗകര്യത്തിനുള്ള ഒരു ഉപാധി മാത്രമാണു പണമെന്ന് വ്യവസായപൂര്‍വസമൂഹങ്ങള്‍ക്ക്   അറിയാമായിരുന്നു. പണം പലിശയ്ക്കു കൊടുക്കുന്നത് പല പാരമ്പര്യങ്ങളിലും വിലക്കിയിരുന്നത് അതിനാലാണ്. മൂല്യമൊന്നുമില്ലാത്ത ഒന്നിനെ ആവര്‍ത്തിക്കുന്നതിലൂടെ സമ്പത്തു പെരുപ്പിക്കുന്നത് സമൂഹത്തിലെ യഥാര്‍ത്ഥ വിഭവങ്ങളെ തടിയനങ്ങാതെ കൊള്ളയടിക്കലാണെന്ന ബോധ്യമായിരുന്നു അതിനു പിന്നില്‍.

ദേശരാഷ്ട്രങ്ങള്‍, വ്യവസായവിപ്ലവം, നഗരവല്‍ക്കരണം, കോളനീവല്‍ക്കരണം, രണ്ടു ലോകയുദ്ധങ്ങള്‍, ഊഹമൂല്യം മാത്രമുള്ള ആഡംബരവസ്തുക്കളുടെ പ്രചാരം, തുടങ്ങിയവയൊക്കെ ചേര്‍ന്നുണ്ടാക്കിയ കമ്പോളവ്യാപനത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും ഭാഗമായാണ് നാണയസമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നത്. അങ്ങനെ, മുമ്പു വിഭവം-പണം-വിഭവം എന്ന നിലയില്‍ ഭിന്നമൂല്യങ്ങളെ ഏകീകരിക്കുവാനുള്ള ഉപാധി ആയിരുന്ന പണം, പിന്നീട് പണം-വിഭവം-പണം എന്ന നിലയില്‍ സകലമൂല്യങ്ങളും പണത്തിനായി, പണത്തിന്റെ മാനദണ്ഡത്തില്‍ മാത്രം മനസ്സിലാക്കപ്പെടുന്ന സാഹചര്യമായി. ഇന്നു പണം വീണ്ടും അമൂര്‍ത്തമായി പ്ലാസ്റ്റിക് കാര്‍ഡുകളും വെറും അക്കങ്ങളും (digits) മാത്രമായിരിക്കുന്നു.

പക്ഷെ പ്രശ്നം ഇതാണ്; സഹജമായി മൂല്യമൊന്നുമില്ലാത്ത പണത്തിന്റെ മൂല്യം ആരാണ് നിശ്ചയിക്കുന്നത്? ഡോളറുമായുള്ള താരതമ്യത്തിലാണു ഇന്നു ലോകം മുഴുവന്‍ മനുഷ്യാദ്ധ്വാനം ഉള്‍പ്പെടെയുള്ള സകല വിഭവങ്ങളുടേയും മൂല്യം നിര്‍ണ്ണയിക്കപ്പെടുന്നത്. ഈ ഡോളറിന്റെ മൂല്യം അന്താരാഷ്‌ട്ര ബാങ്കര്‍മാരുള്‍പ്പെടുന്ന കുറച്ചു കച്ചവടക്കാര്‍-ചൂതുകളിക്കാരാണ് തീരുമാനിക്കുന്നത്. ഒപ്പം തങ്ങളുടെ ബാങ്കുകളിലൂടെ നിരന്തരം പണം സമാഹരിച്ച് അവര്‍ വന്‍കിട കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്നു.  ഓഹരിക്കമ്പോളമെന്ന ഔദ്യോഗിക ചൂതുകളികേന്ദ്രങ്ങളും ഇതിന്റെയൊക്കെ ഭാഗമാണ്. ഇന്ന് വികസിതരാജ്യങ്ങളുടെ ഏറ്റവും പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്‍ ഇങ്ങനെ ഊഹകച്ചവടത്തില്‍നിന്നും ഉണ്ടാകുന്ന (ഫിനാന്‍സ്) മൂലധനവും അതുപയോഗിച്ചുള്ള കടം കൊടുക്കലും പലിശവാങ്ങലുമൊക്കെയാണ്. മൂന്നാം ലോകരാജ്യങ്ങള്‍ എന്ന് ഇവര്‍ അധിക്ഷേപിക്കുന്ന ദേശങ്ങളാണ് മനുഷ്യര്‍ക്കു യഥാര്‍ഥത്തില്‍ പ്രയോജനമുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്നത്‌. വികസിത രാജ്യങ്ങള്‍ നല്‍കുന്ന ലോണുകളുടെ പ്രത്യേകത ഒരു പ്രാദേശിക-കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ മിച്ചമൂല്യത്തില്‍നിന്നും നമുക്കൊരിക്കലും അത്തരം കടങ്ങള്‍ തിരിച്ചടക്കാനാകില്ലെന്നതാണ്. ലോകബാങ്ക്, അതിന്റെ ലോണുകളോടൊപ്പം ഒരു രാജ്യത്തെ സമ്പദ്ഘടനയില്‍ നടത്തുന്ന കമ്പോളോന്മുഖ മാറ്റങ്ങളുടെ (structural changes) അന്തഃസത്തയിതാണ്.

ഡോളര്‍ എന്ന മാനദണ്ഡം ഉപേക്ഷിച്ചാല്‍ ഇത്തരം പ്രശ്നങ്ങളൊഴിവാക്കാന്‍ പറ്റുമോ?      

ഡോളര്‍ ഉപേക്ഷിച്ചാല്‍ തീരുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. പണം സഹജമായിത്തന്നെ അധികാര കേന്ദ്രീകരണത്തിനു വഴിവെക്കുന്നുവെന്നതാണ്‌ കാരണം. അഥവാ, പണം തന്നെ ഒരു ഉല്‍പ്പന്നമാണ്‌. അതിന്റെ മൂല്യനിര്‍ണ്ണയം നടത്തുന്നുവരാണ് ലോകത്തെ നിയന്ത്രിക്കുന്നത്‌. 2020ഓടുകൂടി ഇന്ത്യയിലെ എല്ലാവരേയും ബാങ്കിംഗിന്റെ ഭാഗമാക്കാനുള്ള ഇന്ത്യന്‍ റിസര്‍വ്‌ബാങ്ക് ലക്ഷ്യത്തെ ഈ പശ്ചാത്തലത്തിലുംകൂടി വേണം പരിശോധിക്കുവാന്‍.

പണം ഉണ്ടാക്കുന്ന കുത്തകവല്‍ക്കരണത്തിനു വേറെയും മാനങ്ങളുണ്ട്. ഒരു മനുഷ്യന്റെ സാമാന്യബുദ്ധിക്കു വഴങ്ങുന്നതും സുതാര്യവും പ്രാദേശികവുമായിരിക്കേണ്ട സാമ്പത്തികതത്വങ്ങളും വ്യവഹാരങ്ങളും ഇന്ന് അത്രമേല്‍ സങ്കീര്‍ണ്ണമായ ഒരു വ്യവസ്ഥയാണ്‌‌. സാധാരണക്കാര്‍ക്ക് എന്നല്ല അതിവിദഗ്ദ്ധരായ സാമ്പത്തികശാസ്ത്രഞ്ജന്മാര്‍ക്കുപ്പോലും പിടികിട്ടുന്നതല്ല അത്. നോബേല്‍ സമ്മാനം നേടിയ സാമ്പത്തികശാസ്ത്രഞ്ജനായ പോള്‍ ക്രൂഗ്മാന്‍(Paul Crugman) നിരീക്ഷിച്ചത്, അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ചയ്ക്കു വഴിയൊരുക്കിയ ചില മ്യുച്വല്‍ ബോണ്ടുകള്‍ (mutual bonds)നിര്‍മ്മിച്ച വിദഗ്ദ്ധര്‍ക്കുപ്പോലും അതിന്റെ സങ്കീര്‍ണതമൂലം പിന്നീട് അതിന്റെ മൂല്യനിര്‍ണ്ണയം നടത്താനായില്ലെന്നാണ്.

ആധുനികരാഷ്ട്രം എന്ന സങ്കല്പം കോളനിവ്യവസ്ഥയുടെ ഭാഗമായാണല്ലോ ഇന്ത്യയില്‍ വേരുറയ്ക്കുന്നത്. പ്രാദേശിക ജനതയുടെ സ്വയംഭരണശേഷിയെ തകര്‍ത്തുകൊണ്ട് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചെടുത്ത ആധുനികരാഷ്ട്രത്തിന്റെ ഭരണവ്യവസ്ഥ തന്നെയല്ലേ ഇവിടെ തുടര്‍ന്നുപോരുന്നത്?

ആ അനുഭവത്തെ സമൂര്‍ത്തമായി മനസ്സിലാക്കാന്‍ നമുക്ക് ഇവിടത്തെ പൊതുഭൂമിയുടെ കാര്യം തന്നെയെടുക്കാവുന്നതാണ്.

ആധുനികരാഷ്ട്രങ്ങളുടെ രൂപപ്പെടലിനു മുമ്പ് ലോകമൊട്ടുക്കുള്ള ഭരണവ്യവസ്ഥകളെല്ലാം പൊതുഇടങ്ങളെ അംഗീകരിച്ചുക്കൊണ്ടാണ് നിലനിന്നിരുന്നത്. ഉദാഹരണത്തിന് ഇന്ത്യയില്‍, ബ്രിട്ടീഷ്‌ ഭരണത്തിനു മുമ്പ് വനങ്ങളടക്കം ഒരു പ്രദേശത്തെ ഭൂമിയുടെ ചെറുതല്ലാത്തൊരു ഭാഗം പൊതുസമൂഹത്തിന്റെതായിരുന്നു. അനാദികാലം മുതല്‍ക്കുള്ള ഈ പൊതുഉടമസ്ഥത രാജാവിനുപോലും ഒരു പരിധിവിട്ടു ചോദ്യം ചെയ്യാനാകുമായിരുന്നില്ല. ഇതിനു വിരുദ്ധമായി ആധുനികരാഷ്ട്രം, സ്വകാര്യസ്വത്ത്, സര്‍ക്കാര്‍ ഭൂമി എന്നിങ്ങനെ രണ്ടുതരം ഉടമസ്ഥതകളയേ അംഗീകരിക്കുന്നുള്ളൂ. ഈ നയത്തിന്റെ ഭാഗമായി ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വനങ്ങള്‍ ഏറ്റെടുത്തതാണ്‌ ഇവിടുത്തെ സാമൂഹിക ഇഴകള്‍ അപ്പാടെ തകരുന്നതിലെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. എത്രയെങ്കിലും ജനസമൂഹങ്ങളുടെ വംശഹത്യയ്ക്കുതന്നെ അതു വഴിവെച്ചിട്ടുണ്ട്.

കോളനിഭരണത്തിനു മുന്‍പ് ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയുടെ മൂലക്കല്ല് വനങ്ങളായിരുന്നു. അങ്ങനെ ഒരു ജനത വനത്തെ ആശ്രയിച്ചു ജീവിക്കുമ്പോള്‍ ആ വനത്തിന്റെ ആരോഗ്യവും സുസ്ഥിരതയും ആ ജനതയുടെ മുന്‍ഗണനയായിരിക്കും. സമൂഹത്തെ വനത്തില്‍നിന്നും അന്യവല്‍ക്കരിച്ച് വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെയാണ് ഇവിടുത്തെ വനനശീകരണം തുടങ്ങുന്നത്. ബ്രിട്ടീഷ് ഭരണകൂടം അവരുടെ വനം വകുപ്പിനെ ഉപാധിയാക്കി കപ്പലുണ്ടാക്കാനും റെയില്‍പാളങ്ങള്‍ക്കുമായി ഇവിടുത്തെ നിത്യഹരിതവനങ്ങളെ വെട്ടിവെളുപ്പിച്ചു. അതേ സമീപനത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍സര്‍ക്കാരിന്റെ വനംവകുപ്പ് വനം വെട്ടി വ്യാവസായിക ആവശ്യത്തിനുള്ള യൂക്കാലിയും അക്വേഷിയയും നട്ടു. ഇന്നു സര്‍ക്കാര്‍, ആദിവാസികളെ വംശഹത്യ നടത്തി വനങ്ങള്‍ അപ്പാടെ തന്നെ ‘വേദാന്ത’ പോലുള്ള കോര്‍പ്പൊറേറ്റുകള്‍ക്കു കൈമാറുന്നു. ഡാമുകളുടെ പേരില്‍ ജലസ്രോതസ്സുകളും പിടിച്ചെടുക്കുന്നു. ഇക്കാര്യത്തില്‍ മുതലാളിത്ത ഭരണകൂടമെന്നോ സോഷ്യലിസ്റ്റ് ഭരണകൂടമെന്നോ ഉള്ള വ്യത്യാസം ഒന്നുമില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നിലനില്‍ക്കുന്നതായി പറയപ്പെടുന്ന ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ എണ്ണപര്യവേക്ഷണം നടത്തുവാന്‍ ആ സര്‍ക്കാരിനെ സഹായിക്കുന്നത് മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ നിലനില്‍ക്കുന്ന വെനിസ്വലയിലെ പൊതുമേഖലാ എണ്ണ കമ്പനിയാണ്.

ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യരുടേയും ജനതകളുടെയും സ്വയംപര്യാപ്തതയും സ്വയംഭരണശേഷിയും നശിപ്പിച്ചുകൊണ്ടാണ് കമ്പോളവും രാഷ്ട്രവും നിരന്തരം ‘വികസിക്കുന്നത്’. ധനകാര്യമന്ത്രി ആയിരുന്ന പി.ചിദംബരത്തോട് ഭാവി ഇന്ത്യയെക്കുറിച്ചുള്ള  അദ്ദേഹത്തിന്റെ സ്വപ്നം എന്താണെന്നു ചോദിച്ചതിന്, 85% ജനങ്ങളും നഗരത്തില്‍ താമസിക്കുന്ന ഇന്ത്യയാണ് തന്റെ സ്വപ്നം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. നഗരം എന്നാല്‍ കമ്പോളാശ്രിതത്വം എന്നാണ് അര്‍ത്ഥം. ചരിത്രത്തില്‍ ആദ്യമായി ഇന്ന് മനുഷ്യരാശിയുടെ പകുതിയിലധികം നഗരങ്ങളിലാണ് താമസിക്കുന്നത്. ആ നിരക്ക് വര്‍ദ്ധിച്ചും വരുന്നു.

നിത്യഹരിത വനങ്ങളില്‍ പിറന്ന മനുഷ്യരാശി കോണ്ക്രീറ്റ്കാടുകളില്‍ കിടന്നു ചാകുന്ന സ്ഥിതിയാണുള്ളത്.

ഭരണകൂടവിധേയരാകാന്‍, അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെകുറിച്ച് അബോധരായിരിക്കാന്‍ വ്യക്തികളെ രാഷ്ട്രം പരുവപ്പെടുത്തുന്നില്ലേ? അന്യവല്‍കരണം അനുഭവപ്പെടുന്നുണ്ടെങ്കില്‍പ്പോലും അതിനെ അഭിമുഖീകരിക്കാതെ ഒളിച്ചോടുന്നതിനുള്ള ഇടങ്ങള്‍ ഭരണകൂടം തന്നെ വ്യക്തികള്‍ക്കായി ഒരുക്കുന്നു. ഉദ്യോഗസ്ഥ വ്യവസ്ഥയ്ക്ക് ലഭിക്കുന്ന വമ്പിച്ച പരിഗണനകളും അങ്ങനെയുണ്ടാകുന്ന മധ്യവര്‍ഗ്ഗ ജീവിതവുമെല്ലാം സമൂഹത്തേയും വ്യക്തികളേയും യാഥാര്‍ത്ഥ്യത്തില്‍നിന്നും വഴുതി മാറുന്നവരാക്കുന്നില്ലേ?

ഉവ്വ്. കുറസോവയുടെ ‘ഇക്ക്റു’ (Ikru) എന്ന സിനിമ ഇതുമായി ബന്ധപ്പെട്ട് കാണേണ്ട പടമാണ്. ഭരണകൂടം വ്യക്തികളെ പാകപ്പെടുത്തുന്നതു മനസ്സിലാക്കാന്‍ രാഷ്ട്രങ്ങളിലെ സൈനീകരുടെ രൂപീകരണം ശ്രദ്ധിച്ചാല്‍ മതി. ആദ്യം അനുസരിക്കുക പിന്നീട് ചോദ്യം ചെയ്യുക (first obey then question)എന്നതാണ് എല്ലാ സൈനീകരും പാലിക്കേണ്ട jjasper_silhou_417

അലിഖിത നിയമം. അതായത്, തന്റെ മേധാവി ആവശ്യപ്പെടുന്ന എന്തു നെറികേടും നിറവേറ്റുക, പിന്നീടു മാത്രം അതിന്റെ നന്മ-തിന്മകളെ വിവേചിക്കുക. മറ്റൊന്ന്, പരിശീലന ഘട്ടത്തില്‍ ഒരു മനുഷ്യനെ നിരന്തര അപമാനങ്ങള്‍ക്കു വിധേയനാക്കി അയാളിലെ മനുഷ്യത്വം നശിപ്പിച്ച്, ആരെയും എപ്പോള്‍ വേണമെങ്കിലും ആജ്ഞാനുസരണം കൊല്ലാന്‍ തയാറുള്ള ഒരു സൈനീകനെ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയാണ്. ഇത്തരത്തില്‍, ശരിയായ വിദ്യാഭ്യാസപ്രക്രിയയ്ക്കു നേര്‍വിപരീതമായ സമീപനങ്ങളാണ് സൈന്യത്തില്‍ അരങ്ങേറുന്നത്. ഗാന്ധിജി രാഷ്ട്രപിതാവായിരിക്കുന്ന ഇന്ത്യയില്‍ സൈനീകര്‍ക്കായി അവര്‍ പെന്‍ഷന്‍പറ്റി കഴിഞ്ഞുപ്പോലും സര്‍ക്കാര്‍ സൗജന്യമായി മദ്യം വിതരണം ചെയ്യുന്നത് എന്തിനാണ്? കാരണം, അവരുടെ ബുദ്ധിമാന്ദ്യത്തിലാണ് ഈ പ്രസ്ഥാനത്തിന്റെ നിലനില്പ്. ഒരിക്കല്‍ ഒരാള്‍ സൈന്യത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ പതിനഞ്ചുവര്‍ഷത്തേക്ക് അയാള്‍ എത്ര ആഗ്രഹിച്ചാലും സേനയില്‍നിന്നും വിടുതല്‍ കിട്ടില്ല. പറയാതെ വിട്ടുപോയാല്‍ ജയിലിലടക്കാന്‍ വകുപ്പുമുണ്ട്. എന്തിനാണ് ഇത്തരം ഏര്‍പ്പാടുകള്‍? കാരണം, സൈന്യത്തില്‍ ചേര്‍ന്നു കഴിഞ്ഞ് അതില്‍നിന്നും പോരാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ മഹാഭൂരിപക്ഷവും അതില്‍നിന്നും രക്ഷപ്പെടും. വാസ്തവത്തില്‍ തുറന്ന ജയിലിലെ തടവുപുള്ളികളാണ് സൈനീകര്‍.

ഇങ്ങനെ സൈന്യത്തെകുറിച്ച് പറഞ്ഞത്, രാഷ്ട്രത്തിന്റെ ഏറ്റവും സമൂര്‍ത്തമായ മുഖമെന്ന നിലയ്ക്കാണ്. പല അനുപാതത്തില്‍ പൊതുവില്‍ പൌരന്മാരെ സംബന്ധിച്ചും പ്രത്യേകിച്ച് ഉദ്യോഗസ്ഥവൃന്ദത്തെ സംബന്ധിച്ചും ഇത് സത്യമാണ്.

ഈ പരുവപ്പെടലില്‍ നിന്നും പുറത്തുകടന്ന്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം അത് വേട്ടയാടുന്നതായാണ് അനുഭവം. രാഷ്ട്രങ്ങളുടെ ആരംഭകാലം മുതല്‍ വ്യക്തികളുടെ മുകളിലുള്ള ഈ ആധിപത്യപ്രവണത കാണാം. ഇന്നത്‌ കൂടുതല്‍ സൈനീകമായ രീതിയിലേക്ക് മാറുകയല്ലേ ഉണ്ടായത്?

രാഷ്ട്രവും മനുഷ്യരാശിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ക്ക് ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് അമേരിക്കയുടെ ഭരണകൂട ഭീകരതയെ ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തിയ ബ്രാഡ്ലി മാനിംഗ്, ജൂലിയന്‍ അസാന്‍ജെ, സ്നോഡന്‍ തുടങ്ങിയവരുടെ തിക്താനുഭവങ്ങള്‍. ബ്രാഡ്ലി എന്ന ഇരുപത്തിനാലുകാരന് 35 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. വിക്കിലീക്ക്സിന്റെ സ്ഥാപകനായ അസാന്‍ജെ രണ്ടു വര്‍ഷമായി ബ്രിട്ടണിലെ ഇക്വഡോര്‍ എംബസ്സിയില്‍ കഴിയുന്നു. സ്നോഡനു ജന്മദേശത്തു കാലുകുത്താന്‍ കഴിയാത്ത അവസ്ഥയാണ്. മുഴുവന്‍ മനുഷ്യരാശിയെയുംപ്രതി നിലപാടെടുത്ത ഇവരൊന്നൊഴിയാതെ രാഷ്ട്രങ്ങളുടെ പ്രഖ്യാപിത ശത്രുക്കളും അവയാല്‍ വേട്ടയാടപ്പെടുന്നവരും ആകുന്നത് എന്തുക്കൊണ്ടാണ്?

പ്രായോഗികമായി മുതലാളിത്തത്തെ ആശ്രയിച്ചും പ്രത്യയശാസ്ത്രപരമായി രാഷ്ട്രത്തെ അംഗീകരിച്ചും നിലനില്‍ക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ ധാര്‍ഷ്ട്യവും വല്ലാതെ വര്‍ദ്ധിക്കുന്നുണ്ട്. നിര്‍വികാരതയും ഭയവും തുല്യമായി വിതരണം ചെയ്തുകൊണ്ട് ഭരണകൂട അധിനിവേശത്തിന് അനുകൂലമായ പരിസരം മാദ്ധ്യമങ്ങള്‍ നിര്‍മ്മിക്കുന്നില്ലേ? ശ്യാമിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴും അതിസാഹസികമായി പിടികൂടുകയായിരുന്നു എന്ന വാര്‍ത്തയാണ് പോലീസ് ഭാഷ്യത്തോടെ പത്രത്തില്‍ വന്നത്. ഇത് ഒറ്റപെട്ട സംഭവമല്ല. തീവ്രവാദകുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ഒരു മുസ്ലിം ചെറുപ്പക്കാരന്റെ വീട്ടില്‍ അവനും ഉമ്മയും മാത്രമാണ് കഴിഞ്ഞിരുന്നത്. മകന്‍ അറസ്റ്റിലായതോടെ ഒറ്റയ്ക്കായ ഉമ്മ തന്റെ ഒരു ബന്ധുവീട്ടിലേക്ക് താമസം മാറി. എന്നാല്‍ തീവ്രവാദി പിടിയിലായതോടെ ഉമ്മ ഒളിവില്‍ പോയി എന്നാണ് പത്രങ്ങള്‍ ആ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍. പോലീസ് ഭരണകൂടസേവയ്ക്ക് വിനിയോഗിക്കപ്പെട്ടവരാണെന്ന് പറയാം; മാദ്ധ്യമങ്ങളോ?

അതില്‍ അത്ഭുതപ്പെടാനില്ല. ശരത് പറഞ്ഞപോലെ ഭൌതീകമായി മുതലാളിത്തത്തെ ആശ്രയിച്ചും പ്രത്യയശാസ്ത്രപരമായി രാഷ്ട്രത്തെ അംഗീകരിച്ചും കഴിയുന്ന മുഖ്യധാരാമാദ്ധ്യമങ്ങള്‍ക്ക് വേറെ വഴിയൊന്നുമില്ല. ഡല്‍ഹി ബലാല്‍സംഗ സംഭവവുമായി ബന്ധപ്പെട്ട് ‘ഹിന്ദു’ അടക്കമുള്ള മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പടച്ചുവിട്ട ടണ്‍ കണക്കിനു അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ സകലതിനേയും ചരക്കുവല്‍ക്കരിക്കുന്നAbstract_photography_tutorial.creative04

മുതലാളിത്തത്തെക്കുറിച്ചു യാതൊരു പരാമര്‍ശവും നമുക്കു കാണാനാകില്ല. എല്ലാത്തിനേയും ചരക്കാക്കി മാറ്റുന്ന ഒരു വ്യവസ്ഥിതിയെ പ്രശ്നവല്‍ക്കരിക്കാതെ സ്ത്രീ ചരക്കുവല്ക്കരിക്കപ്പെടുന്നതായി മാത്രം വിലപിക്കുന്നത് നാലാംകിട കള്ളത്തരമാണ്.

ഇത്തരത്തില്‍, ഘടനാപരമായ പ്രശ്നങ്ങളെ പുറത്തുകൊണ്ടുവരാതെ മാദ്ധ്യമങ്ങള്‍ പ്രശ്നങ്ങളെ സവിശേഷവല്‍കരിക്കുന്നു. ജെയിംസ് ബോണ്ട്‌ സിനിമയിലെപോലെ, പ്രശ്നങ്ങള്‍ക്കെല്ലാം കാരണം കുറച്ച് അഴിമതിക്കാരും ദുഷ്ടബുദ്ധികളും ആണെന്ന മട്ടിലാണ് മാദ്ധ്യമങ്ങളിലെ ചര്‍ച്ച. അങ്ങനെ, ജനങ്ങളുടെ ശ്രദ്ധ പതിയേണ്ടിടത്ത് പതിയുന്നില്ല എന്ന്‍ അവര്‍ ഉറപ്പുവരുത്തുന്നു. മലയാള പത്രങ്ങളിലെ പിണറായി-അച്യുതാനന്ദന്‍ വാര്‍ത്തകളൊക്കെ ഇത്തരത്തിലുള്ള ശ്രദ്ധ തിരിച്ചുവിടലിന് നല്ല ഉദാഹരണങ്ങളാണ്.

ദേശരാഷ്ട്രത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍ തന്നെ അതിന്റെ രൂപീകരണത്തിന് ആധാരമായ ചോദനകളെ തള്ളിക്കളയാന്‍ പറ്റില്ലല്ലോ? ഫ്യൂഡല്‍ പ്രഭുത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമൂഹങ്ങളുടെ സ്വാതന്ത്രാഭിവാഞ്ജയില്‍ നിന്നും രൂപമെടുത്തതല്ലേ ദേശരാഷ്ട്രങ്ങളുടെ ആദ്യകാല രൂപങ്ങള്‍?

ദേശരാഷ്ട്രം പൂര്‍ണ്ണമായും മനുഷ്യവിരുദ്ധതയില്‍നിന്നു രൂപം കൊണ്ടതാണെന്നല്ല നമ്മള്‍ ഇതുവരെ പറഞ്ഞതിന്റെയൊക്കെ അര്‍ഥം.  ഇന്നത്തെ ഒരുപാടു രാഷ്ട്രങ്ങള്‍ അതാതു പ്രദേശത്തെ ജനങ്ങളുടെ ഒരു കാലത്തെ എത്രയും ഗംഭീരമായ പ്രചോദനങ്ങളുടെ പരിണിതഫലമാണ്. എന്നാല്‍ ജീവിതത്തെ സംബന്ധിച്ച ചില അടിസ്ഥാനതത്വങ്ങള്‍ക്ക് നിരക്കാത്തതിനാല്‍ അവയുടെ അപചയം അനിവാര്യമാണ്. അന്യതാബോധവും അതിര്‍ത്തിയുമാണ് രാഷ്ട്രത്തിന്റെ പ്രാഥമിക മൂലധനം. അതുകൊണ്ടാണ്, മാരകമെന്നു കണ്ട് ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സുപ്രീംകോടതി അതു കയറ്റുമതി ചെയ്യാന്‍ അനുമതി കൊടുക്കുന്നത്. മനുഷ്യരാശി ഇന്നു നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളികളിലൊന്ന്‍ രാഷ്ട്രം എന്ന ചരിത്രപരമായ മണ്ടത്തരത്തെ എങ്ങനെ മറികടക്കാമെന്നതാണ്.

ഈ മറികടക്കലിന്റെ ദിശയെന്താണ്? പരമാധികാരികളായ രാഷ്ട്രങ്ങളുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് അതെങ്ങനെയാണ്‌ സാധ്യമാകുന്നത്? മുതലാളിത്തത്തിന് എതിരായ ചട്ടപ്പടി സമരങ്ങളെല്ലാം പതറുന്ന കാഴ്ച എന്ത് പുനര്‍ചിന്തയാണ് ആവശ്യപ്പെടുന്നത്?

മുതലാളിത്തവ്യവസ്ഥയുടെ രൂപപ്പെടലിനു പ്രാഥമിക കാരണങ്ങളിലൊന്ന് അഞ്ചാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ യൂറോപ്പു ഭരിച്ച കത്തോലിക്കാസഭയുടെ ദൈവശാസ്ത്രത്തിലും പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ അവിടത്തെ പൊതുമണ്ഡലത്തില്‍ ശക്തിപ്പെട്ട് പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ച ആധുനികശാസ്ത്രത്തിന്റെ ജ്ഞാനമീമാംസയിലുമുള്ള (epistemology) ദ്വൈതബുദ്ധിയാണ് (dualism). ഏതാണ്ടു ആയിരം വര്‍ഷത്തോളം മനുഷ്യനേയും ദൈവത്തേയും (എല്ലാ മൂല്യങ്ങളുടേയും ഉറവിടം എന്ന അര്‍ത്ഥത്തില്‍ ദൈവത്തെ നമുക്ക് ഇന്ന് പ്രകൃതി എന്നു വിളിക്കാം) അന്യവല്‍ക്കരിച്ച് മനുഷ്യന്‍ ജന്മനാല്‍ പാപിയാണെന്ന് പഠിപ്പിക്കുകയും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിനിടയ്ക്ക് സ്വയം പ്രതിഷ്ഠിക്കുകയും ചെയ്ത കത്തോലിക്കാസഭ/പൌരോഹിത്യം വാസ്തവത്തില്‍ മനുഷ്യന്റെയും പ്രകൃതിയുടെയും ചരക്കുവല്‍ക്കരണം തന്നെയാണ് നടത്തിക്കൊണ്ടിരുന്നത്. ഈ അന്യവല്‍ക്കരണം മനുഷ്യനും പ്രപഞ്ചവുമെന്ന ദ്വൈതത്തിലൂടെ ആധുനികശാസ്ത്രത്തിലും അനുസ്യൂതം തുടരുകയാണ്. അതായത്, ശാസ്ത്രം എല്ലായ്പ്പോഴും പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യനു പുറത്തുള്ള, മനുഷ്യനില്‍നിന്നും അന്യമായ കാര്യങ്ങളായാണ് വ്യവഹരിക്കുന്നത്. അതുക്കൊണ്ടാണ് ശാസ്ത്രം സാധ്യമാക്കുന്ന അറിവുകളൊന്നും നമ്മെ സംബന്ധിച്ച് മൂല്യാനുഭവങ്ങള്‍ ആകാതെ വെറും വസ്തുനിഷ്ഠ വിവരങ്ങള്‍ (objective informations)ളായി പോകുന്നത്. ഇതേ ഭേദബുദ്ധിതന്നെയാണ് സ്വകാര്യവ്യക്തിയുടെയും ഗര്‍ഭഗൃഹം. അതിനുപകരം, പ്രപഞ്ചത്തെയും മനുഷ്യനേയും രണ്ടല്ലാതെ മനസ്സിലാക്കുന്ന ഒരു ജ്ഞാനമീമാംസയും മൂല്യശാസ്ത്രവും (axiology)രീതിശാസ്ത്രവും (methodology) അതിനൊത്ത വിദ്യാഭ്യാസസമ്പ്രദായവും നമുക്കുണ്ടെന്നു കരുതുക; വിശ്വത്തോളം വിശാലമായ ബുദ്ധിയും ഹൃദയവുമുള്ള ധീരരായ മനുഷ്യരാണ് അതിന്റെ പരിണിതഫലം; ഫാക്ടറികളില്‍ നട്ടും ബോള്‍ട്ടും തിരിച്ചുകഴിയുന്ന പൊട്ടന്മാരല്ല.

ചുരുക്കത്തില്‍‍, മുതലാളിത്തത്തിന്റെ ദാര്‍ശനിക അടിത്തറ ആധുനികശാസ്ത്രമാണെന്നു പറയാം. ഐന്‍സ്റ്റയിന്റെ അപേക്ഷികതാസിദ്ധാന്തവും ചാള്‍സ് ഡാര്‍വിന്റെ പരിണാമവാദവുമൊക്കെ മുതലാളിത്തം അതിന്റെ നീതീകരണത്തിനായി ഉപയോഗിക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ അന്ത്യം തുടങ്ങുക, ഒരു ജീവിതശാസ്ത്രത്തെ (science of life), ദര്‍ശനത്തെ നമുക്ക് രൂപപ്പെടുത്താനാകുമ്പോഴാണെന്നു പറയാം‌.

ആ ജീവിതശാസ്ത്രത്തെക്കുറിച്ചു കൂടുതല്‍ പറയാമോ?

മനുഷ്യരാശിയെ സംബന്ധിച്ച് എവിടെയും എക്കാലവും പ്രസക്തമായ ചില അടിസ്ഥാന മാനദണ്ഡങ്ങളുടെ അത്യാവശ്യം നമുക്കുണ്ട്‌. വിദ്യാഭ്യാസം, നീതി, വികസനം, മതം, ആരോഗ്യം എന്നിങ്ങനെ സകല വിഷയങ്ങളിലും നാം ഇന്നു നേരിടുന്നത് ഇത്തരം മാനദണ്ഡങ്ങളുടെ അഭാവമോ പരസ്പരവിരുദ്ധമായ മാനദണ്ഡങ്ങളുടെ ആധിക്യമോ ആണ്.

നമ്മെ സംബന്ധിച്ച സത്യം നമ്മുടെ ഒരുമയാണ്. ഇവിടെ നമ്മള്‍ എന്നുപ്പറയുമ്പോള്‍ ഉള്ളതിനെയെല്ലാം ഉള്‍ക്കൊണ്ടിട്ടാണ് പറയുന്നത്. പ്രപഞ്ചം നമുക്ക് പുറത്താണെന്ന മട്ടിലാണ് നാം മനസ്സിലാക്കുകയും ജീവിക്കുകയും ചെയ്യുന്നത്. പക്ഷെ, പ്രപഞ്ചത്തിനു പുറത്തായിരിക്കുക എന്നത് ശാസ്ത്രീയമായ ഒരു അസാധ്യതയാണ്. നാം ഈ പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന് കരുതുന്നതില്‍പോലും ദ്വൈതബുദ്ധിയുടെ നിറം കലര്‍ന്നിട്ടുണ്ട്. നാം പ്രപഞ്ചം തന്നെയാണെന്നതാണ്‌, അഥവാ ഉള്ളതെല്ലാം താന്‍ തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം. അതങ്ങനെയല്ല എന്ന് നമുക്കു തോന്നുന്നത് ശരീരത്തിന്റെ സവിശേഷമായ സ്ഥല-കാല ബോധം കൊണ്ടാണ്. നമ്മുടെ ഈ സവിശേഷ സ്വത്വത്തെ നമ്മുടെ തന്നെ സാര്‍വത്രികതയുമായി സമന്വയിപ്പിക്കാന്‍ നമുക്കാവണം. അറിവും സ്നേഹവുമാണ് അതിനുള്ള ഉപാധികള്‍.

“തന്നില്‍ നിന്നന്യമല്ലാതെയെന്നു കാണുന്നു സര്‍വ്വവും
അന്നേതു മോഹം അന്നേതു ശോകം ഏകത്വദൃക്കിന്” (വിവര്‍ത്തനം: നാരായണഗുരു) എന്ന് ഈശാവാസ്യോപനിഷത്തില്‍ പറയുന്നു.

ഇങ്ങനെ ഒരു മനുഷ്യനാണ് എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെയും ലക്ഷ്യമായിരിക്കേണ്ടത്. ഇതിനര്‍ത്ഥം, എല്ലാവരും ഉടനെ ബുദ്ധനാകണമെന്നൊന്നുമല്ല. ഒരാള്‍ ബുദ്ധനാണോ സാധാരണക്കാരനാണോ എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ വെറും സാമൂഹികമാണ്. ഓരോരുത്തരും തങ്ങളുടെ കഴിവിനൊത്ത് സത്യത്തോടു താദാത്മ്യപ്പെട്ട്, ആ നിലക്ക് മുഴുവന്‍ ജീവനോടുമുള്ള തന്റെ സാഹോദര്യത്തെപ്രതി ജീവിക്കുന്നുണ്ടോ എന്നതു മാത്രമാണ് കാര്യം. അങ്ങനെ ജീവിക്കാനാകുമ്പോള്‍ ഒരാള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയി നിത്യതയെ അനുഭവിക്കുന്നുണ്ട്; മരണത്തെ മറികടക്കുന്നുണ്ട്. പൊതുനന്മയെപ്രതി തങ്ങളുടെ സ്വകാര്യതാല്‍പ്പര്യങ്ങളെ ത്യജിച്ചു ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടുള്ള എല്ലാ മനുഷ്യരുടേയും ഊര്‍ജ്ജസ്രോതസ്സ് ഇതാണ്. ഇതിനു വിരുദ്ധമായി, സ്വകാര്യവ്യക്തിയെന്ന പൊട്ടക്കിണറ്റില്‍ തലപൂണ്ടിരിക്കുന്നവര്‍ തങ്ങളുടെ യഥാര്‍ത്ഥ സത്തയെ തന്നെയാണു ചില്ലിക്കാശിനു കൈവെടിയുന്നത്.

ഇങ്ങനെ, എകത്വദൃക്കെന്നും സ്വകാര്യവ്യക്തിയെന്നും പറയുന്നതിലൂടെ തന്നെ ചില സുപ്രധാന മാനദണ്ഡങ്ങള്‍ നമുക്കു ലഭ്യമാകുന്നുണ്ട്. ഈ ദിശയില്‍ വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ട്. നടരാജഗുരുവിന്റെ കൃതികള്‍ ആ നിലയ്ക്കു ശ്രദ്ധേയമാണ്. അത്തരം പഠനങ്ങളിലൂടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും തന്നെയും അപരനേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ഒരു മധ്യമാര്‍ഗ്ഗം നമുക്കു കണ്ടെത്താനാകും; നിലവില്‍ നമ്മള്‍ ഇടപഴകുന്ന പല മേഖലകളിലേയും അപര്യാപ്തതകള്‍ തിരിച്ചറിയാനാകും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി, ആശാന്റെ നെഞ്ചത്തുനിന്നും കളരിക്കു പുറത്തേക്കു ചാടും പോലെ വേറെയാര്‍ക്കെങ്കിലും വേണ്ടി മാത്രമായി ഒരാള്‍ ജീവിക്കുന്നതിലുള്ള എകപക്ഷീയതയാണ്. ഇരുപക്ഷങ്ങളെയും ഒരുപ്പോലെ ഉള്‍ക്കൊള്ളുന്ന നിഷ്പക്ഷതയെക്കുറിച്ചാണ് നമ്മള്‍ ഇതുവരെ പറഞ്ഞത്.

പരമാധികാര രാഷ്ട്രങ്ങളുടെ ഇടങ്ങള്‍ക്ക്‌ അകത്താണ് നമ്മളെല്ലാം ഇടപഴകുന്നത്. രാഷ്ട്രങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന എല്ലാവിധ ആലോചനകളെയും അവര്‍ക്ക് ദേശവിരുദ്ധമായി കണക്കാക്കാന്‍ കഴിയും. ഭരണഘടനാപരമായ പിന്തുണയും അവര്‍ക്കുണ്ട്. അതിനാല്‍, നിലവിലുള്ള വ്യവസ്ഥയെ അപ്പാടെ മറികടക്കാനുള്ള ചിന്തകള്‍ എത്രത്തോളം പ്രായോഗികമാണ്. ഈ വ്യവസ്ഥയെ മറികടക്കാന്‍ ഇതിനകത്തും ഇടപെടലുകള്‍ വേണ്ടി വരില്ലേ? നിലവിലുള്ള ജനാധിപത്യത്തെ കൂടുതല്‍ വികസിതമാക്കേണ്ടതല്ലേ?

നിലവിലെ വ്യവസ്ഥിതിയെ മറികടക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ നീക്കം ആഗോള/ദേശീയ  ഉത്പാദനം/ഉപഭോഗം കുറച്ചു കൊണ്ടുവരിക എന്നതായിരിക്കും. കാരണം, കമ്പോളവ്യവസ്ഥയെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ സംഗതി നിരന്തരം വളരുക, വളര്‍ച്ച ഉറപ്പു വരുത്തുക എന്നതാണ്‌. അതുകൊണ്ടാണ് GDP വളര്‍ച്ചയെക്കുറിച്ചും മറ്റും മുതലാളിമാരും നേതാക്കന്മാരും നിരന്തരം ആവലാതിപെടുന്നത്. ഇതിനു വിരുദ്ധമായി, ഉല്‍പാദനവും ഉപഭോഗവും നമുക്ക് നിരന്തരം കുറച്ചു കൊണ്ടുവരാനായാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ഈ സ്വകാര്യമൂലധന വ്യവസ്ഥിതി വളരെ ജൈവീകമായെന്നോണം തകര്‍ന്നു വീഴും. ഈ നീക്കത്തിന്റെ സൗന്ദര്യം എന്താണെന്നുവെച്ചാല്‍, വ്യവസ്ഥിതിയുടെ കരുത്തുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ നിസ്സാരമായ ഊര്‍ജ്ജം ചെലവഴിച്ച്, തീകച്ചും വികേന്ദ്രീകൃതമായി, ഓരോ മനുഷ്യനും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നതരത്തില്‍ നമുക്കതിനെ ഏറ്റെടുക്കാം എന്നതാണ്.

നിലവിലെ വ്യവസ്ഥിതിയില്‍ അടിമുടി മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന, എന്നാല്‍ പരസ്പരം അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ള  എല്ലാ കൂട്ടായ്മകള്‍ക്കും അവരുടെ സവിശേഷമായ പരിപാടികളൊന്നും വേണ്ടെന്നു വെയ്ക്കാതെ തന്നെ ഉല്‍പാദനം കുറയ്ക്കുക എന്ന ആഗോളലക്ഷ്യത്തില്‍ ഒരുമിക്കാനാകും. ഇങ്ങനെ ഉല്‍പാദനം കുറയ്ക്കുക എന്നു പറയുന്നതിന് അര്‍ഥം നമ്മള്‍ പട്ടിണി കിടക്കണം എന്നൊന്നുമല്ല. വ്യവഹാരങ്ങളുടെ ഒരു പുനഃക്രമീകരണമാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ജൈവകൃഷി ചെയ്യുന്ന ഒരു കൂട്ടായ്മക്ക് തങ്ങളുടെ വിഭവങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാതെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കാം.

ഇവിടെ മറക്കരുതാത്ത സംഗതി, മുതലാളിത്തം സാര്‍വത്രികമൂല്യങ്ങള്‍ തൊട്ടുതീണ്ടാത്ത, അന്യവല്‍കരിക്കപ്പെട്ട, ജഡോന്മുഖമായ, നിരന്തരം സ്വകാര്യസുഖത്തെ ധ്യാനിക്കുന്ന മനുഷ്യമനസ്സാണ് എന്നതാണ്. ഈ അല്‍പത്തരത്തില്‍നിന്നുള്ള ആന്തരിക മോചനവും ഭൌതീകമായ പ്രവര്‍ത്തനങ്ങളും സമന്വയിക്കപ്പെടണം. അതല്ലെങ്കില്‍, ഉല്‍പാദനം കുറയ്ക്കലും മറ്റും മറ്റൊരു മതപരമായ യജ്ഞമായി മാറും.

ഉത്തരവാദിത്വപരമായ നിയമലംഘനത്തിന്റെ (civil disobedience) അനന്തസാധ്യതകള്‍ നാം അന്വേഷിക്കണം. എന്താണ് നിയമം? നീതി? എന്നതൊക്കെ പുനര്‍വായനയ്ക്ക് വിധേയമാകണം. വനങ്ങള്‍ പ്രാദേശികസമൂഹത്തിന്റേതാകണം. ഭൂപരിഷ്കരണം ഉണ്ടാകണം. വന്‍കിട തോട്ടങ്ങള്‍ ഇല്ലാതാകണം. രാസവളകൃഷിയും അവസാനിക്കണം. ട്രോളറുകള്‍ കടലില്‍ പ്രവേശിക്കരുത്. രക്തബന്ധാടിസ്ഥാനത്തിലുള്ള കുടുംബങ്ങള്‍ക്കു പകരം സമാനമനസ്കരുടെ കൂട്ടുജീവിതങ്ങള്‍ ഉണ്ടാകണം. ചട്ടപ്പടിയുള്ള ജോലികള്‍ ക്രമേണയെങ്കിലും ഒഴിവാക്കണം. അങ്ങനെ, നമ്മള്‍ ഓരോരുത്തരും തന്റെ സ്ഥലത്തിനും സമയത്തിലുമുള്ള പരമാധികാരം വീണ്ടെടുക്കണം. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സാധ്യതകള്‍ നമ്മുടെ മുന്നിലുണ്ട്.

നമ്മള്‍ ഇതുവരെ വ്യക്തി, മുതലാളിത്തം, രാഷ്ട്രം, ശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളും സംസാരിച്ചു. വ്യക്തികളെ കാര്യമായി സ്വാധീനിക്കുന്ന വേറെയും സ്ഥാപനങ്ങളുണ്ട്; കുടുംബം മതം പോലുള്ളവ…

ഇവയെ സംബന്ധിച്ചും മുമ്പു നമ്മള്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രസക്തമാണ്. ഒരുമയെന്ന സത്യത്തിലേക്കു നമ്മെ വളര്‍ത്തുന്നതെന്തും നല്ലതാണ്; അതിനു വിരുദ്ധമായത് നല്ലതല്ല. ആ നിലയ്ക്കു നോക്കിയാല്‍ ഇപ്പോഴത്തെ അണുകുടുംബങ്ങളുടെ നിലവാരം ഭീകരമാണ്; മറീനട്രഞ്ചുപ്പോലും ഇത്ര താഴ്ന്നിട്ടല്ല.

മനുഷ്യന്‍ പ്രകൃത്യാല്‍തന്നെ സാമൂഹികജീവിയാണ്. ആ നിലയ്ക്ക് ദൈനംദിന ദാമ്പത്യജീവിതവും കുട്ടികളെ വളര്‍ത്തലുമൊക്കെ ഗോത്ര-കൂട്ടുകുടുബ സമ്പ്രദായങ്ങളുമായി ഇഴുകിച്ചേര്‍ന്നു കിടക്കുന്ന കാര്യങ്ങളാണ്. അഥവാ, സംഘജീവിതമാണ് അവയുടെ സ്വാഭാവികപശ്ചാത്തലം. സമാനമായി, ദാമ്പത്യജീവിതത്തില്‍, തന്നെയും പങ്കാളിയേയും ഒരുമിച്ചറിയേണ്ടതുണ്ട്. ഈ ഘടകങ്ങളുമായുള്ള വൈരുദ്ധ്യം കൊണ്ടു തന്നെ മുതലാളിത്തവ്യവസ്ഥിതിയില്‍ കുടുംബത്തിന്റെ നാശം ഒഴിവാക്കാനാകില്ല.

ഒരു മനുഷ്യന് മറ്റെല്ലായിടങ്ങളിലും തനി തന്‍കാര്യം നോക്കിയും മത്സരബുദ്ധിയും ആയിരുന്നശേഷം ആ വ്യവസ്ഥയ്ക്ക് അകത്തുള്ള കുടുബത്തില്‍ മാത്രം സ്നേഹവാനായിരിക്കാന്‍ കഴിയില്ല; ഏതെങ്കിലും ഒന്നേ നടക്കൂ. സ്വകാര്യവ്യക്തിക്കു സ്നേഹം സാധ്യമല്ല; വ്യഭിചാരമേ പറ്റൂ. ഗോത്ര-കൂട്ടുകുടുബ വ്യവസ്ഥയില്‍നിന്നും ഏകരക്ഷാകര്‍ത്താക്കളും (single parents) വ്യക്തികളും മാത്രമുള്ള അവസ്ഥയിലേക്കുള്ള പരിണാമത്തിനിടയിലെ ഒരു ഘട്ടം മാത്രമാണ് അണുകുടുംബം. അതുക്കൊണ്ടാണ് കേരളത്തില്‍ ഒരു ദിവസം 120 വിവാഹമോചനങ്ങള്‍ നടക്കുന്നത്.

കുടുബത്തിനകത്തെ ഏര്‍പ്പാടുകളെല്ലാം സ്നേഹമയമാണെന്നാണ് വെപ്പ്. പക്ഷെ, ജാതി, മതം, പണം ഇവയൊക്കെ തൂക്കിനോക്കിയാണ് ഓരോ പുതിയ കുടുംബവും ഉണ്ടാകുന്നത്. ഇവയും സ്നേഹവുമായിട്ടെന്താണ് ബന്ധം? ഇത്രയും ഒത്തുതീര്‍പ്പുകളുടേതായ ഒരു ഇടത്തിലാണ് മനുഷ്യക്കുട്ടികള്‍ വളരുന്നത്‌. കുട്ടികളെ കമ്പോളത്തില്‍ അങ്കംവെട്ടാനുള്ള അടിമകളായി വളര്‍ത്തുന്നതില്‍ എന്തു സ്നേഹമാണുള്ളത്‌? സ്വാര്‍ത്ഥതയെ സ്നേഹമായി തെറ്റിദ്ധരിപ്പിക്കുന്നതാണ്‌ അണുകുടുംബങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം. കേരളത്തിലെ രക്ഷാകര്‍ത്താക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്കു വിഷമില്ലാത്ത ഭക്ഷണം കൊടുക്കാനുള്ള ഔല്‍സുക്യമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതുത്തന്നെ കാര്യമായ രാഷ്ട്രീയാവബോധം നമുക്കിടയില്‍ ഉണ്ടാക്കിയേനെ. സര്‍ഗാത്മകതയുള്ള മനുഷ്യരുടെ ഊര്‍ജ്ജം മുഴുവന്‍ ഊറ്റിക്കുടിക്കുകയും ചെറുപ്പക്കാരെ സാങ്കല്‍പ്പിക പ്രാരാബ്ധങ്ങളില്‍ തളച്ചിടുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഇന്നത്‌.

കുടുംബം തകരണമെന്നാണോ?

കുടുംബമോ രാഷ്ട്രമോ ഒന്നും തകരണമെന്നല്ല; നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരായിരിക്കാന്‍ ഇതൊക്കെ സഹായിക്കുന്നുണ്ടോ ഇല്ലയോ എന്നതാണു പ്രശ്നം. Inclusively transcend എന്ന് നടരാജഗുരു പറയുമായിരുന്നു. ഒന്നിനേയും നശിപ്പിക്കലല്ല,  പൂര്‍ത്തിയാക്കലാണ് നമ്മുടെ ലക്ഷ്യം.

കുടുംബത്തിനു സമാനമായല്ലേ മതവും ചലിക്കുന്നത്? പരസ്പരസഹായത്താല്‍ നിലനില്‍ക്കുന്ന അടഞ്ഞ വ്യവസ്ഥിതികള്‍ അല്ലേ രണ്ടും?

അതെ. പക്ഷെ, കുടുംബങ്ങളില്‍നിന്നു വ്യത്യസ്തമായി മതങ്ങള്‍ക്ക് മുതലാളിത്തം നല്ല കാലമാണ്. മതം, നമ്മെ വിഭജിച്ചു ഭരിക്കാനുള്ള കമ്പോളത്തിന്റെ ഉപാധിയായിരിക്കുന്നതു കൊണ്ടാണത്.

വാസ്തവത്തില്‍, മതങ്ങളുടെ ചേരിതിരിവുകളെല്ലാം പഴയൊരു കാലത്തിന്റെതാണ്‌. ജനതകള്‍ കടലിനാലും മരുഭൂമികളാലുമൊക്കെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന, ‘പുറത്തുള്ള’തിനോടെല്ലാം പുറംതിരിഞ്ഞു നില്‍ക്കുന്ന ഗോത്ര സ്വഭാവത്തിന്റെ ബാക്കിപത്രമാണവ. നേരെ മറിച്ച്, ആധുനിക-ആഗോളവല്‍ക്കരണ കാലത്ത് ലോകത്തുള്ള എല്ലാ ആദ്ധ്യാത്മിക-മതസമ്പ്രദായങ്ങളെയും പരിചയപ്പെടുവാനും ആഴത്തില്‍ പഠിക്കുവാനുമുള്ള അവസരം നമുക്കുണ്ട്. ഈ മാറിയ പശ്ചാത്തലത്തില്‍ നമുക്കു മനസ്സിലാകുന്നത്‌, ദേശകാലഭേദങ്ങളാല്‍ ഉണ്ടായിട്ടുള്ള ഉപരിപ്ലവമായ മാറ്റങ്ങള്‍ ഒഴിച്ചാല്‍ മതങ്ങളെല്ലാം തത്വദൃഷ്ട്യാ ഒരേ ആശയങ്ങളെ പ്രകാശിപ്പിക്കുന്നുവെന്നാണ്. തങ്ങളുടെ മതത്തെത്തന്നെ സൂക്ഷ്മമായി സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം എക്കാലത്തും വ്യക്തമായിരുന്ന വസ്തുത തന്നെയാണിത്. ഈ സാമാന്യബുദ്ധിയെ നിഷേധിച്ചുക്കൊണ്ട് കാലഹരണപ്പെട്ട മതസ്വത്വങ്ങളില്‍ ഊന്നുന്നത് പൌരോഹിത്യ-സ്ഥാപിത താല്‍പ്പര്യങ്ങളുള്ളവരാണ്. തങ്ങള്‍ വിശ്വസിക്കുന്നതായി പറയുന്ന മതത്തെപ്പോലും ഗൌരവമായി സമീപിക്കാത്ത മന്ദബുദ്ധികളും വികാരജീവികളുമാണ് ഇത്തരക്കാരുടെ അനുയായികള്‍. ഗുരുക്കന്മാരും അവരുടെ വചനങ്ങളും മുഴുവന്‍ മനുഷ്യരാശിയുടെതുമാണ്; അവരെ  ഈ വിധം സ്വകാര്യസ്വത്താക്കുവാന്‍ അനുവദിച്ചുകൂടാത്തതാണ്.

ഓരോ മതത്തിനും ജ്ഞാനസമീപനത്തിന്റെ സവിശേഷമായ ഒരു ചട്ടക്കൂടു കാണും. ആ ചട്ടക്കൂടിനെ മനസ്സിലാക്കി വേണം അതിനെ പഠിക്കാന്‍. അപ്പോഴാണ്‌ മതങ്ങളുടെ താത്വീക സമാനത വെളിപ്പെടുക. എല്ലാ മതങ്ങള്‍ക്കും ദേശകാലബന്ധിതമായ പരിമിതികളുണ്ട്. ഒരു പ്രത്യേക മതമാണ്‌ പരമസത്യം എന്നു വിശ്വസിക്കുന്നവരില്‍ ആ മതത്തിന്റെ എല്ലാ ഏകപക്ഷീയതകളും വന്നടിയും. അവയില്‍നിന്നുള്ള രക്ഷയും സമഗ്രതയുമാണ് സമബുദ്ധിയോടെയും ഭക്തിയോടെയും വിവിധ മതങ്ങളെ പഠിക്കുന്നതിന്റെ മെച്ചം.

ഇങ്ങനെയൊന്നുമല്ലാതെയും, പരദ്രോഹം, സ്ത്രീകളോടുള്ള സമീപനം, പ്രകൃതിയോടുള്ള സമീപനം, കള്ളപ്പണം, ചൂതുകളി, യുദ്ധം തുടങ്ങിയ ‘സല്‍ഗുണങ്ങള്‍’ പരിഗണിച്ചാലും നമ്മള്‍ ഒരു മതക്കാരാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ലല്ലോ.

അവസാനമായി ഒരു ചോദ്യം കൂടി; ഇന്ത്യയിലെ മാവോയിസ്റ്റു മൂവ്മെന്റിനെ എങ്ങനെയാണ് കാണുന്നത്?

സര്‍ക്കാരിനെതിരെ ഇന്ത്യയിലെ വലിയൊരു ഭാഗത്ത് യുദ്ധം ചെയ്യുന്ന ആദിവാസികളും മറ്റു പ്രദേശവാസികളും അതിനു തുനിഞ്ഞിരിക്കുന്നത് മാവോയിസം പഠിച്ചു ബോധ്യപ്പെട്ട ശേഷമാണെന്നു ഞാന്‍ കരുതുന്നില്ല. നൂറ്റാണ്ടുകള്‍ നീണ്ട ചൂഷണത്തോടുള്ള സഹജവും അതിഗംഭീരവുമായ പ്രതികരണമാണത്. അതിനെ ‘മാവോയിസം’ എന്നു വിളിക്കുന്നത്‌, ആ മൂവ്മെന്റിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമയേയും ആഴത്തേയും സൗന്ദര്യത്തേയും സാധ്യതകളേയും വളരെ ചുരുക്കിക്കളയുന്ന ഒരേര്‍പ്പാടാണ്.

അതുപ്പോലെ, ഒരു പ്രദേശത്തെ ആയുധമെടുത്തുള്ള ചെറുത്തുനില്‍പ്പിനെ അവിടത്തെ സവിശേഷ സാഹചര്യങ്ങളോടുള്ള അടിയന്തരവും പരിമിതവുമായ പ്രതികരണമായേ മനസ്സിലാക്കാനാകൂ. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്തരം സാഹചര്യങ്ങളെ മാറ്റിതീര്‍ക്കേണ്ടത്, സര്‍ഗാത്മകവും ജനാധിപത്യപരവുമായ ദാര്‍ശനിക-രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ്. ഇങ്ങനെ നോക്കിയാല്‍, നിലവിലെ ഈ പോരാട്ടം അതിന്റെ സവിശേഷമായ പ്രാദേശിക അനുഭവങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതായാണ് തോന്നുന്നത്. ഇന്ത്യയിലെ നഗരങ്ങള്‍ ഉള്‍പ്പടെയുള്ള ഇതരഭാഗങ്ങളിലെ വിവിധ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള ജനതകളുടെ ഭാവനയെ പ്രചോദിപ്പിക്കുന്ന സംവാദങ്ങളൊന്നും മാവോയിസ്റ്റു നേത്രത്വം ഉയര്‍ത്തിക്കൊണ്ടു വരുന്നതായി കാണാനാകുന്നില്ല. ഈ അര്‍ത്ഥത്തില്‍ അതു വളരെ ആരാഷ്ട്രീയമാണ്.

പക്ഷെ പൊതുവില്‍ അതുന്നയിക്കുന്ന ആവശ്യങ്ങള്‍ നമ്മള്‍ എല്ലാവരെ സംബന്ധിച്ചും പ്രസക്തമാണ്. വനങ്ങള്‍ ആദിവാസികളുടേതും പ്രാദേശിക സമൂഹത്തിന്റെതുമായി നിലനില്‍ക്കണം. കൃത്യമായ ഭൂപരിഷ്ക്കരണം നടക്കണം. നമുക്കു് ഒരുപാട് പൊതുസ്ഥലങ്ങള്‍ ഉണ്ടാകണം…

ചുരുക്കത്തില്‍, അന്നം മുതല്‍ അറിവുവരെയുള്ള മൂല്യങ്ങളെയെല്ലാം ശാസ്ത്രീയമായി നാം കോര്‍ത്തിണക്കണം; അനന്തമായ വൈവിധ്യങ്ങളിലൂടെ അതിനെ ആവിഷ്കരിക്കുകയും വേണം. പ്രകൃതി അതാണു ചെയ്യുന്നത്.

abstract-expressionist-autumn-sky-1953