‘ഗുരുചിന്തന ഒരു മുഖവുര’ – ഒരു വിമര്‍ശം

‘ഗുരുചിന്തന ഒരു മുഖവുര’ എന്ന പേരില്‍ ഉരു-ഡിസി ബുക്സ് സംയുക്തസംരംഭം പ്രസിദ്ധീകരിച്ച നാരായണഗുരുദര്‍ശനത്തെകുറിച്ചുള്ള പഠനം വായിച്ചു. ഇത്തരത്തില്‍ ഗൗരവമുള്ള പഠനങ്ങള്‍ ഉണ്ടാകുന്നതില്‍ എത്രയും സന്തോഷമുണ്ട്. അതേസമയം, പുസ്തകം വിശദമായി വായിച്ചപ്പോള്‍, ഗുരുദര്‍ശനത്തെ വിശകലനം ചെയ്യുന്നതില്‍ ചിലയിടങ്ങളില്‍ ചില അപാകതകളും, അനാവശ്യ ക്ലിഷ്ടതകളും വന്നിട്ടുള്ളതായി തോന്നി. അവ പങ്കുവെക്കുന്നതാണീ കുറിപ്പ്.

1) “ഭ്രാന്തന്‍ (നാറാണത്ത് ഭ്രാന്തന്‍) എന്നതുതന്നെ ആളുകള്‍ കല്‍പ്പിച്ചുകൊടുത്ത ഒരു വിശേഷണമാണ്, ശ്രീനാരായണനെ ഗുരുവാക്കിയതുപ്പോലെ” (P.37).

നാരായണഗുരുവിനെ എല്ലാവരും ‘ഗുരു’വായി കണ്ടിരുന്നോ ഇല്ലയോ എന്നതിനെ സംബന്ധിച്ച വാസ്തവം എന്തുതന്നെയായിരുന്നാലും, നാരായണഗുരു സ്വന്തം കയ്പപടയില്‍ തന്റെ പേരിനോട് ‘ഗുരു’വെന്നു ചേര്‍ത്ത് എഴുതി ഒപ്പിട്ടിരുന്നുവെന്നത് ഒരു വസ്തുതയാണ്. അദ്ദേഹം ശിഷ്യസംഘമുണ്ടാക്കി. അതിനെ അദ്ദേഹം ഒരു ഗുരുശിഷ്യ പരമ്പരയായാണ് വിഭാവനം ചെയ്തത്. അദ്ദേഹത്തെപ്പോലൊരാള്‍ ആത്മോപദേശശതകവും, ദര്‍ശനമാലയും, ബ്രഹ്മവിദ്യാപഞ്ചകവും മറ്റും എഴുതിയത്, സത്യാന്വേഷികള്‍ക്ക്, ശിഷ്യര്‍ക്കു,വേണ്ടിയെന്നല്ലാതെ, തന്റെ (സ്വകാര്യമായ) ആത്മനിര്‍വൃതിക്കുവേണ്ടിയായിരിക്കാനുള്ള സാധ്യതയുമില്ല.

“സ്പഷ്ടം ന് ലാവങ്ങുനീങ്ങി ദിനകരനുദയം
ചെയ്തു ചന്ദ്രന്‍ മറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാന്‍ പിന്നെയാട്ടെ,
കഷ്ടം ദീനം പിടിച്ചോ മദിരയതുകുടി-
ച്ചോ കിടക്കുന്ന ലോകര്‍-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നിതിപ്പോള്‍”

എന്നു തന്റെ ആദ്യകാലകൃതികളിലൊന്നായ ‘സുബ്രഹ്മണ്യകീര്‍ത്തന’ത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ളത് ഇവിടെ ശ്രദ്ദേയമാണ്. ലോകജീവിതത്തില്‍, ലോകൈകരെ സംബന്ധിച്ച്, തന്നെപ്പോലൊരു സത്യദര്‍ശിയുടെ സ്ഥാനവും പ്രാധാന്യവും പ്രസക്തിയും എന്താണെന്ന് ഗുരുവിന് തുടക്കത്തിലേ വ്യക്തതയുണ്ടെന്നാണ് അത് കാണിക്കുന്നത്. ‘ഗുരു’വെന്ന വാക്ക് തന്റെ പേരിനോട് ചേര്‍ത്തത്, ലോകജീവിതത്തില്‍ ഗുണപരമായി ഇടപെടാന്‍ തീരുമാനിച്ച ആ ജ്ഞാനി തന്റെ നിലയും ഉദ്ദേശവും മറ്റുള്ളവര്‍ക്ക് വ്യക്തമാകാനുംകൂടി ഉദ്ദേശിച്ച് ബോധപൂര്‍വ്വം ചെയ്ത ഒരു കാര്യമാകാനേ തരമുള്ളൂ. ചുരുക്കത്തില്‍, ഗുരുവിനെ ഗുരുവാക്കിയത്‌ ഗുരുതന്നെയാണ്.

2). മറ്റൊരിടത്ത്, “ഗുരുവില്‍ മുന്തിനില്‍ക്കുന്നത് തത്ത്വചിന്തോത്മുഖതയല്ല, ആധ്യാത്മികതയും കാവ്യോത്മുഖതയുമാണ്‌” (P. 51) എന്നെഴുതി കാണുന്നു. ആത്മോപദേശശതകവും ദര്‍ശനമാലയുപ്പോലെ ഇത്ര തെളിവുറ്റ തത്ത്വശാസ്ത്രകൃതികള്‍ രചിച്ച ഒരാളെകുറിച്ച് ഇങ്ങനെ പറയാവതാണോ?! തത്ത്വശാസ്ത്രമേഖലയില്‍ ആവശ്യമില്ലാതെ കാടുംപടലും തല്ലാന്‍ ഗുരു ഒരുമ്പെട്ടിട്ടില്ല എന്നാണുദ്ദേശിച്ചതെങ്കില്‍ കാര്യം കൃത്യമാണ്. പക്ഷെ, അക്കാര്യം ഇങ്ങനെ അവതരിപ്പിക്കുമ്പോള്‍ അത് തെറ്റിദ്ധാരണകള്‍ക്ക് ഇടംകൊടുക്കുന്നുണ്ട്.

3). “തത്ത്വചിന്തകര്‍ തങ്ങളോ മറ്റുള്ളവരോ ദര്‍ശിച്ചതിനെപ്പറ്റി പ്രബന്ധങ്ങള്‍ എഴുതുന്നു (പറയുന്നു). തത്ത്വജ്ഞാനികള്‍ തങ്ങള്‍ ദര്‍ശിച്ചത് സ്വന്തം ജീവിതത്തില്‍ പരീക്ഷിക്കുന്നു”(P.37).

ഈ ലേഖകന്റെ അഭിപ്രായത്തില്‍, തത്ത്വത്തെ (വിവിധകോണുകളിലൂടെ) നിരന്തരം മനനം ചെയ്യുന്നവരാണ് തത്ത്വചിന്തകര്‍. ആത്മാര്‍ഥതയുള്ള തത്ത്വചിന്തകരുടെ ജീവിതം, അവരുടെ മനസ്സിലാക്കലുകള്‍ക്ക് അനുസരിച്ച് സ്വാഭാവികമായി രൂപാന്തരപ്പെടുന്നു. അല്ലാതെ, മനസ്സിലാക്കലിനുപരിയായി, കര്‍മ്മസ്വഭാവമുള്ള പരീക്ഷണങ്ങളൊന്നും ആവശ്യമില്ല.

തത്ത്വജ്ഞാനികള്‍ തത്ത്വത്തെ അറിഞ്ഞവരാണ്, സാക്ഷാത്കരിച്ചവരാണ്. അവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും പരീക്ഷണങ്ങളുടെ ആവശ്യമില്ല. പരീക്ഷകള്‍ നടക്കാന്‍, പരീക്ഷകനും പരീക്ഷണവും പരീക്ഷണവിഷയവുമൊക്കെ  വേണ്ടേ? അറിഞ്ഞവള്‍ക്ക്, തന്നില്‍നിന്നും അന്യമായിട്ടൊന്നുമില്ലാത്ത ഒരാള്‍ക്ക്, എന്തിനെയാണ്, എന്തിലാണ്, പരീക്ഷിക്കാനാകുക? അത്തരം പരീക്ഷകള്‍കൊണ്ട്, കര്‍മ്മങ്ങള്‍കൊണ്ട്, പൂര്‍ത്തിയാകാനിരിക്കുന്ന എന്തെങ്കിലുമാണോ തത്ത്വം/ആത്മം? അതല്ല, തന്റെ തത്ത്വജ്ഞാനത്തെ, സാമൂഹികജീവിത സന്ദര്‍ഭങ്ങളില്‍ ഒരാള്‍ പ്രയോഗിച്ചു പരീക്ഷിക്കുന്നതിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ (നാരായണഗുരു, ജാതിവ്യത്യാസമില്ല്ലാതെ ആളുകള്‍ ഒരുമിച്ചുകൂടാനുള്ള ഇടമെന്ന നിലയ്ക്ക് അമ്പലങ്ങള്‍ സ്ഥാപിച്ചുനോക്കുന്നതുപ്പോലെ) അത് ലോകജീവിതത്തിന്റെ സന്ദര്‍ഭത്തില്‍ മാത്രം പ്രസക്തിയുള്ള ഒന്നാണ്. അക്കാര്യത്തെ, തത്ത്വജ്ഞാനിയെ നിര്‍വചിക്കുന്നതുപോലുള്ള ഒരു വാചകത്തില്‍ കൊണ്ടുവരേണ്ടതുണ്ടോ?

4). “ആത്മസ്ഥിതനും ജഗത്സന്ദേഹിയുമായ ഗുരു നിര്‍ബാധ്യനാവുന്നതില്‍ അസ്വഭാവികമായി ഒന്നുമില്ല” (P.81). ഇവിടെയും മറ്റു പലയിടത്തും, ഗുരു ജഗത്തിന്റെ യാഥാര്‍ത്ഥ്യത്തെകുറിച്ച് സന്ദേഹമുള്ള ഒരാളാണെന്ന മട്ടില്‍ ഗ്രന്ഥകാരന്‍ പലതും എഴുതി കാണുന്നു.

അദ്വൈതദീപികയില്‍, ശ്ലോകം:

1. പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴുംവിഷയമായിരമാം പ്രപഞ്ചം
ഒരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും
നേരാമുണര്‍ന്നളവുണര്‍ന്നവനാമശേഷം

4. വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലിതിന്റെ
വിത്തമാമവിദ്യയ്തുമില്ല…

5. ആരായ്കിലീയുലകമില്ലിതവിദ്യ തത്ത്വ-
മോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍…

6. …രജ്ജുഖണ്ഡത്തിലില്ലുരഗ,മുള്ളതു രജ്ജുമാത്രം – ഇവിടെ രജ്ജുവിനെ ആത്മമായിട്ടും ഉരഗത്തെ പ്രപഞ്ചവുമായിട്ടാണ് പറയുന്നത്.

ദര്‍ശനമാലയില്‍,

II.2. അന്യന്ന കാരണാത് കാര്യ-
മസദേതദതോƒഖിലം
അസതഃ കഥമുത്പത്തി-
രനുത്പന്നസ്യ കോ ലയഃ? എന്നും

(കാരണത്തില്‍നിന്നന്യമായി കാര്യമില്ല. അതുകൊണ്ട് ഇതെല്ലാം (പ്രപഞ്ചം) അസത്താകുന്നു (ഇല്ലാത്തത്). അസത്തിന്‌ ഉദ്ഭവം എങ്ങനെ? ഉദ്ഭവമില്ലാത്തതിന് ലയം ഏത്?)

II.5. കാര്യത്വാദസതോƒസ്യാസ്തി
കാരണം നഹ്യതോ ജഗത്
ബ്രഹ്മൈവ തര്‍ഹി…

(കാര്യത്വം ഹേതുവായിട്ട് ഇല്ലാത്തതായിരിക്കുന്ന ഈ പ്രപഞ്ചത്തിന് സത്തായ ഒരു കാരണമുണ്ട്. സത്തായിരിക്കുന്ന ആ കാരണം ബ്രഹ്മം തന്നെയാകുന്നു)

എന്നിങ്ങനേയും മറ്റും അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുള്ള ഗുരു ജഗത്സന്ദേഹിയാണെന്നു പറയുന്നത് മഹാകഷ്ടവും, അദ്ദേഹത്തെ അപമാനിക്കലുമാണ്. കാരണം, ഗുരുവിന്റെതന്നെ വാക്കുകളില്‍:

അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു ദൃഢബോധനിതില്ല തെല്ലും
സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന
തര്‍ക്കം ഭ്രമം കയറുകാണ്‍കിലിതില്ല തെല്ലും  (അദ്വൈതദീപിക – ശ്ലോകം.17)

അതായത്, ഗ്രന്ഥകാരന്റെ അഭിപ്രായമാണ് ശരിയെങ്കില്‍, ഗുരു സത്യത്തെകുറിച്ച് ദൃഢബോധമില്ലാത്ത ഒരാളാണെന്നു വരും. അതദ്ദേഹത്തിന്റെ ഗുരുത്വത്തെതന്നെ നിഷേധിക്കലുമാകും. അഥവാ, “ആത്മസ്ഥിതത്വവും ജഗത്സന്ദേഹ”വും ഒരുമിച്ചിരിക്കുക അസാധ്യമാണ്.

5). “ആത്മം ശുദ്ധമായ ബോധരൂപമാണ്” (P.43).

“ലോകത്തിലെ വ്യത്യസ്ത മത, ദൈവശാസ്ത്രപാരമ്പര്യങ്ങളില്‍ ഇതിനു സദൃശ്യമായ ആശയങ്ങളുണ്ട്. ഇവയെല്ലാം പങ്കിടുന്ന ഒരു പൊതുപാഠമാണ് ആത്മം ഭൌതികമല്ലെന്നും, ശാശ്വതമാണെന്നുമുള്ളത്. നാരായണഗുരു പിന്തുടരുന്ന മാതൃക ഉപനിഷത്തുക്കളില്‍ ഏറെക്കുറെ സമഗ്രമായി പ്രതിപാദിക്കപ്പെട്ട ആത്മദര്‍ശനമാണ്. ഉപനിഷത്തുകള്‍ ആത്മത്തെ മാറ്റമില്ലാത്തതും മറ്റെന്തെങ്കിലുമൊത്തു സംയോജിക്കാത്തതും ആയി കാണുന്നു.” (P. 46).

“പൌരാണികമായ ഒരു പരികല്‍പ്പനയാണ് ബോധം ആത്മം ആണെന്നുള്ളത്‌. ശരീരത്തില്‍നിന്നും വ്യതിരിക്തമായ ഒരു സത്തയായിട്ടാണ് ആത്മം സങ്കല്‍പ്പിക്കപ്പെടുന്നത്. ജീവനുള്ള ശരീരങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബോധം അതിനാല്‍ ആത്മസാന്നിധ്യമാണ്” (P. 52)

“അഹം ഇരുളല്ല എന്ന് ഗുരു പറയുമ്പോള്‍ അതില്‍ ആത്മസാന്നിധ്യമുണ്ടെന്നാണ് ധ്വനി. അഹം തീര്‍ത്തും ഇല്ലാതാവുക എന്നതല്ല അതുകൊണ്ട് ഗുരുവിന്റെ ബോധനം. പിന്നെ എന്താണ്? അഹം ആത്മത്തിന്റെ പരിമിതിയാണ്. ഞാന്‍ ഞാന്‍ എന്ന് ഓരോരുത്തരും കരുതിപ്പോരുന്നത് ഈ പരിമിതി മൂലമാണ്.” (P. 53).

“അഹം ആയി പരിമിതപ്പെടാത്ത ആത്മം തന്നെ ബ്രഹ്മം” (P.53)

“മറ്റ് പല ആത്മവാദികളെയുംപോലെ നാരായണഗുരുവും ശരീരത്തില്‍നിന്ന് സത്താപരമായി വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ആത്മമെന്ന് എടുക്കുന്നതിനാല്‍…” (P.54)

“ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ ശരീരം ഉണ്ട്. ഒരു ശരീരത്തിലുള്ളത് മറ്റൊന്നിലില്ല. അതുകൊണ്ട് അത് സത്തുമല്ല അനൃതവുമല്ല. മറിച്ച് അവാച്യമാണെന്നു പറയാം. (ആത്മോപദേശശതകം, ശ്ലോകം 87). ശരീരത്തിന്റെ യാഥാര്‍ത്ഥ്യത്തെ ഗുരു അടച്ചുനിഷേധിക്കുന്നില്ല എന്നുവേണം ഇതില്‍നിന്നും അനുമാനിക്കാന്‍” (P.55).

“ലൌകികവ്യവഹാരവുമായി ബന്ധപ്പെട്ടു കറങ്ങുന്ന ഒരു ഉപഗ്രഹ വ്യവഹാരമാണ് അഹം എന്നു പറയാം.” (P. 80-81)

ഇങ്ങയെല്ലാം എഴുതിയിരിക്കുന്നതിലൂടെ കടന്നുപോകുമ്പോള്‍, ഗ്രന്ഥകാരന്‍ ആത്മത്തിന്റെ സദ്രൂപത്തേക്കാള്‍ (അസ്തിത്വമാനം) ചിദ്രൂപത്തില്‍ (ബോധമാനം‍) സമനില തെറ്റിയ ഒരു ഊന്നല്‍ നടത്തിയിട്ടുള്ളതായി തോന്നുന്നു. ഇതിനു കാരണം, നാരായണഗുരുവും ശങ്കരാചാര്യരും ഉപനിഷദ് ഋഷികളും മറ്റും സ്വീകരിച്ചുപ്പോരുന്ന ഒരു രീതിശാസ്ത്രം വേണ്ടത്ര വ്യക്തമാകാത്തതായിരിക്കാം.

നാരായണഗുരുവിന്റെ ദര്‍ശനമാലതന്നെയെടുത്താല്‍, അതിന്റെ ആദ്യഭാഗങ്ങളില്‍ (മുകളില്‍ ചിലയിടങ്ങളില്‍ കൊടുത്തിട്ടുള്ള ഉദ്ധരണികള്‍ ഉദാഹരണം) പ്രപഞ്ചത്തെ പൂര്‍ണ്ണമായും അസത്തായി പറയുന്ന ഗുരുതന്നെ

ജ്വലതി ജ്വലനോ വായുര്‍-
വാതി വര്‍ഷതി വാരിദഃ
ധരാത്മാ സന്‍ ധരതി ഖ-
ല്വേകോ വഹതി വാഹിനീ    എന്നും,

(ഏകനായ ആത്മാവ്തന്നെയാണ് അഗ്നിയായി ജ്വലിക്കുന്നതും, കാറ്റായി വീശുന്നതും, മേഘമായി മഴ പെയ്യുന്നതും, ഭൂമിയായി താങ്ങികൊണ്ടിരിക്കുന്നതും, ആറായി ഒഴുകുന്നതും) – അദ്ധ്യായം 6 – കര്‍മ്മദര്‍ശനം, ശ്ലോകം: 6.

അസ്തിജന്മര്‍ദ്ധിപരിണ-
ത്യപക്ഷയവിനാശനം
ഷഡ്ഭാവമിഹ യോ യാതി
സ നാന്യോƒവിക്രിയാത്മനാഃ  (അദ്ധ്യായം 6 – കര്‍മ്മദര്‍ശനം, ശ്ലോകം: 8) – എന്നും പറയുന്നു.

(ഈ ദൃശ്യപ്രപഞ്ചത്തില്‍ യാതൊന്ന് സ്ഥിതി, ജനനം, വളര്‍ച്ച, മാറ്റം, ക്ഷയം, നാശം എന്നിങ്ങനെയുള്ള ആറുവികാരങ്ങളെ പ്രാപിക്കുന്നുവോ, അത് അവിക്രിയനായിരിക്കുന്ന ആത്മാവല്ലാതെ വേറൊന്നുമല്ല)

‘വിവേകചൂഡാമണി’യുടെ തുടക്കത്തില്‍ (ശ്ലോകം: 124) – “ദേഹം, ഇന്ദ്രിയം, പ്രാണന്‍, മനസ്സ്, അഹങ്കാരം, എന്നിവ തുടങ്ങി എല്ലാ വികാരങ്ങളും വിഷയങ്ങളും സുഖം മുതലായവയും ആകാശം മുതലായ ഭൂതങ്ങളും അവ്യക്തം വരെയുള്ളതും ഈ മുഴുവന്‍ വിശ്വവും അനാത്മാവ്തന്നെയാകുന്നു” എന്നു പറയുന്ന ശങ്കരാചാര്യര്‍, അതേ കൃതിയുടെ അവസാനഭാഗങ്ങളിലേക്ക് എത്തുമ്പോള്‍ (ശ്ലോകം: 394) “വാക്കാലും മനസ്സാലും അറിയപ്പെടുന്ന ഈ മുഴുവന്‍ ജഗത്തും സത്തുതന്നെ. പ്രകൃതിയുടെ പരമമായ അതിരില്‍ നില്‍ക്കുന്നവന് സത്തില്‍നിന്ന് അന്യമായി യാതൊന്നുമില്ല” എന്നും പറയുന്നു.

(സത്യം) ഇതല്ല, ഇതല്ല (നേതി, നേതി) എന്ന്‍ സകലതിനോടും നിഷേധാത്മകസമീപനം പുലര്‍ത്തുന്ന ഋഷിമാര്‍തന്നെ എത്രയെങ്കിലും ഉപനിഷത്തുക്കളില്‍ അന്നം (ശരീരം), പ്രാണന്‍, മനസ്സ്, വാക്ക്, ഇവയെല്ലാം ബ്രഹ്മംതന്നെയെന്നു പറയുന്നു (ഉദാ:ഭൃഗുവല്ലി, ശ്ലോകം 2.).

അറിവിന്‌, സാന്ദര്‍ഭികമായി രണ്ടുപക്ഷങ്ങളുണ്ടെന്നു പറയാം; പൂര്‍വ്വപക്ഷവും ഉത്തരപക്ഷവും. സ്ഥലകാലങ്ങളെയും വ്യവഹാരങ്ങളെയും അനുഭവിക്കുന്ന, അവയാല്‍ പരിമിതപ്പെടുന്ന, എന്നാല്‍ അവയാല്‍ പരിമിതപ്പെടാത്തതാണ് തന്റെ യഥാര്‍ത്ഥനിലയെന്ന് ഊഹമുള്ള ജ്ഞാനാന്വേഷിയുടേതാണ് പൂര്‍വപക്ഷം. സത്യത്തെ സാക്ഷാത്കാരിച്ച, ആദിമധ്യാന്തം അതിനെ (തന്നെ) മാത്രമറിയുന്നതാണ് ഉത്തരപക്ഷം. ആത്മത്തിന്റെ തനതുനിലയില്‍, അറിയുന്നയാള്‍-അറിവ്-അറിയപ്പെടുന്നത് എന്ന ഭേദമില്ലാത്തതിനാല്‍, ആത്മത്തെ അതില്‍തന്നെയായി അറിയാന്‍, സാധകന്‍ തന്നിലെ അറിവിന്റെ എല്ലാവിധ വ്യവഹാരങ്ങളെയും നിഷേധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, സാധകന്റെതന്നെ പഴകിയ വാസനകളും, നാമ-രൂപ വ്യവഹാരങ്ങളിലൂടെ ലോകത്തുനിന്നു കിട്ടുന്ന സംസ്കാരവുമെല്ലാം ചേര്‍ന്ന്, തെറ്റിദ്ധാരണകളുടെതായ ഒരുപാട് സാധ്യതകളും തലങ്ങളും സജീവമാകും. മേല്‍പ്പറഞ്ഞ നിഷേധത്തോടൊപ്പംതന്നെ, സാധകന്‍ ഉള്ളതിന്റെ സര്‍വ്വവ്യാപിത്വത്തിലും, ഏകത്വത്തിലും ഊന്നേണ്ടതുമുണ്ട് (assertion). അതായത്, ഒരേസമയം നിഷേധത്തിലൂടെയും ഊന്നലിലൂടെയും മനസ്സിനെ-വ്യവഹാരത്തെ അടക്കുന്ന യോഗാത്മകമായ (dialectical) സമീപനമാണത്.

ഈ സമീപനത്തിലൂടെ തന്റെ സത്യസ്ഥിതി വെളിപ്പെട്ടു കിട്ടിയ ജ്ഞാനിയാല്‍ വാക്ക്, മനസ്സ്, ശരീരം, എന്നിങ്ങനെ സകലതും ആത്മസത്തതന്നെയായി അറിയപ്പെടുകയും, അവ ഒരുവിധത്തിലും ദുഃഖകാരണമാകാതെയുമാകുന്നു. ജ്ഞാനിക്ക് സത്തുലക്…എന്നും (അദ്വൈതദീപിക, 11),

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേക ജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം (ആത്മോപദേശശതകം, ശ്ലോകം: 2).

എന്നും നാരായണഗുരു.

ആത്മോപദേശശതകം അവസാന ശ്ലോകത്തിലാകട്ടെ ‘അഹം’ സച്ചിദമൃതമെന്നു (സത്ത്-ചിത്ത്-അമൃത് – Existence-Subsistance-Value)  തെളിഞ്ഞു ധീരനാകാനാണ് ഗുരുവിന്റെ ഉപദേശം.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പൂര്‍വ്വപക്ഷത്തുനിന്നു തുടങ്ങി ഉത്തരപക്ഷത്തേക്ക് പടര്‍ന്ന്‍, ആത്യന്തികമായി സകലതുമുള്ളതുതന്നെയെന്ന്‍ അറിയുന്നതാണ് ആത്മവിദ്യയുടെ ഗതി. രീതിശാസ്ത്രപരമായ അനിവാര്യതയെന്ന (methodological necessity) നിലയ്ക്കലാതെ അതൊന്നിനേയും നിഷേധിക്കുന്നില്ല; നാമരൂപവ്യവഹാരങ്ങളുടെ ആകത്തുകയായ പ്രപഞ്ചത്തെപ്പോലും. വ്യാവഹാരികമായ, ആപേക്ഷികമായ, തലത്തിലല്ലാതെ പ്രപഞ്ചത്തിന് അതില്‍തന്നെയായി ഒരു യാഥാര്‍ത്ഥ്യമുണ്ടെന്നു കരുതരുതെന്നേ ഗുരുക്കന്മാര്‍ ഉദ്ദേശിക്കുന്നുള്ളൂ.

എന്നാല്‍, ഗ്രന്ഥകാരന്റെ “ആത്മം ശുദ്ധമായ ബോധരൂപമാണ്” എന്നുതുടങ്ങി മേലുദ്ധരിച്ച പ്രസ്താവനകളിലെല്ലാം പലരീതിയില്‍, സത്തിന്റെ-ഉള്ളതിന്റെ അസ്തിത്വപരമായ മാനങ്ങള്‍ നിഷേധിക്കപ്പെടുകയോ കുറച്ചുകാട്ടപ്പെടുകയോ ചെയ്യുകയും പൂര്‍വ്വപക്ഷത്തിന്റെ പരിമിത ഭാവനകള്‍‍, ഉത്തരപക്ഷത്തിന്റെ കാഴ്ചയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. ഇതിനുമുമ്പ് പറഞ്ഞവിഷയത്തിലാകട്ടെ, ഗ്രന്ഥകാരന്‍, അസത്തായ പ്രപഞ്ചം ഉണ്ടോ ഇല്ലയോ എന്ന സന്ദേഹത്തില്‍പ്പെട്ടു പോയിട്ട്, ആ സന്ദേഹം ഗുരുവിന്റെ സന്ദേഹമായി വിക്ഷേപിക്കുന്നു.

6). “ഇതരരും തന്നെപ്പോലെതന്നെ സ്വന്തം സുഖത്തിനുവേണ്ടിയാണ് യത്നിക്കുന്നത് എന്നു അറിയുന്നുവെങ്കിലും തന്റെ പ്രവര്‍ത്തി അപരരുടെ ആ സുഖത്തെ കെടുത്തുന്നതായിക്കൂടാ എന്ന ഉത്തരവാദിത്തം ഒരാള്‍ക്കുണ്ടാകുക അനിവാര്യമോ സ്വാഭാവികമോ അല്ല. മറിച്ച്, സന്ദര്‍ഭങ്ങളനുസരിച്ച് മറ്റെയാളെ എതിരാളിയായി കാണാനുള്ള സാധ്യത വളരെയേറെയാണുതാനും. താന്‍ അദ്വൈതവാദിയായതുകൊണ്ട് പൊടുന്നനെ അപരരോടുള്ള എന്റെ സമീപനം മാറുകയില്ല. അന്യരോട് ഉപാധിയില്ലാത്ത ഉത്തരവാദിത്തം ഉണ്ടാവേണ്ടതിന് എന്നില്‍ എന്തൊരു രൂപാന്തരണമാണ് സംഭവിക്കേണ്ടത്‌? ഇത് വ്യക്തമല്ല” (P. 107).

ആത്മസുഖത്തിനായി യത്നിക്കുന്ന എല്ലാവര്‍ക്കും വളരെ പ്രാഥമികമായി ഉണ്ടായിരിക്കേണ്ട തിരിച്ചറിവാണ് ആത്മത്തില്‍ താന്‍ എന്നോ അപരനെന്നോ ഉള്ള യാതൊരു ഭേദവുമില്ലായെന്ന സത്യം. ആത്മസാക്ഷാത്കാരമാണ് ആത്യന്തികസുഖമേന്നിരിക്കേ, ആ പരമസുഖമാണ് ഒരാള്‍ക്ക്‌ ഏറ്റവും അഭിലഷണീയമെന്നിരിക്കേ, ഭേദരഹിതമായ ആ ആത്മത്തെ അറിയാന്‍ താനും മറ്റൊരാളും എന്നുള്ളതടക്കം സകലമാന അന്യതാബോധങ്ങളെയും ഒരാള്‍ മറികടക്കേണ്ടത് അനിവാര്യമാണ്. ‘അപരന്‍’ എന്നാല്‍ പരന്‍-വേറൊരാള്‍, അല്ലാത്തത് എന്നാണ് അര്‍ത്ഥം. (ഭ്രമത്താല്‍) മറ്റൊരാള്‍ എന്നു തോന്നുമ്പോഴും യഥാര്‍ഥത്തില്‍ മറ്റൊരാള്‍ അല്ലാത്തത് എന്ന്. അതിനാല്‍ ആത്മസുഖം ഇച്ഛിക്കുന്ന ഏതൊരാളും തന്നെപ്പോലെ അപരനേയും പരിഗണിക്കാന്‍ നിര്‍ബന്ധിതയാണ്. അപരനോട് ഉപാധിരഹിതമായ തുറവുണ്ടാകുമ്പോഴേ, തന്നെ (ആത്മത്തെ) തനിക്ക് ഉപാധിരഹിതമായി വെളിപ്പെടുകയുള്ളൂ.

‘ഗുരുചിന്തന ഒരു മുഖവുര’ എന്ന പുസ്തകത്തില്‍, ആത്മാര്‍ഥതയുള്ള വിദ്യാര്‍ഥികളെ ആശയകുഴപ്പത്തിലാക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് തിരിച്ചറിയപ്പെടെണ്ടതാണെന്നുള്ളതുകൊണ്ടാണ് ഇത്രയും എഴുതിയത്.