മനുഷ്യനും രാഷ്ട്രവും

തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (2016) സിനിമാപ്രദര്‍ശനത്തിനു മുമ്പുള്ള ദേശീയഗാനാലാപന വേളയില്‍, എഴുന്നേറ്റു നില്‍ക്കാതിരുന്ന, പോലീസുകാരനും മേള ചെയര്‍മാന്‍തന്നെയും ആവശ്യപ്പെട്ടിട്ടും എഴുന്നേല്‍ക്കാന്‍ വിസ്സമതിച്ച, പ്രിയ സുഹൃത്തുക്കളെകുറിച്ച് സന്തോഷവും അഭിമാനവുമുണ്ട്.

വാസ്തവത്തില്‍‍, ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കേണ്ടതുണ്ടോ?!

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുവും ശിഷ്യരും ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സന്ദര്‍ഭം. നീണ്ടയാത്രകൊണ്ടു വിശന്നുവലഞ്ഞ ശിഷ്യര്‍, അവര്‍ പോകുന്ന വഴിയില്‍ വിളഞ്ഞു നിന്നിരുന്ന ധാന്യമണികള്‍ കൊറിച്ചുതിന്നു. അതൊരു സാബത്ത് ദിനമായിരുന്നു; ജൂതന്മാര്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമായി നിശ്ചയിച്ചിട്ടുള്ള ദിനം. അന്നത്തെ ‘പണ്ഡിതര്‍’ ഈ ‘നിയമലംഘനം’ വലിയ പ്രശ്നമാക്കി. അവരുണ്ടാക്കിയ ഒച്ചപ്പാടുകള്‍ക്ക് മറുപടിയായി യേശു ഉന്നയിച്ച ചോദ്യമിതാണ്: മനുഷ്യന്‍ സാബത്തിനു വേണ്ടിയാണോ? അതോ, സാബത്ത് മനുഷ്യനു വേണ്ടിയാണോ?

സമാനമായ ചോദ്യംതന്നെയാണ് ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും ഉന്നയിക്കപ്പെടെണ്ടത്: കഷ്ടി രണ്ടുനൂറ്റാണ്ടു മാത്രം ആയുസ്സുള്ള ദേശരാഷ്ട്രമെന്ന ഒരു സംവിധാനത്തിനു വേണ്ടിയാണോ മനുഷ്യന്‍?!

നാം ഇന്നു കാണുന്ന, സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം തുടങ്ങിയ ആദര്‍ശങ്ങള്‍ പ്രഖ്യാപിതലക്ഷ്യങ്ങളായുള്ള, ദേശരാഷ്ട്ര സങ്കല്‍പ്പം ഫ്രഞ്ചുവിപ്ലവത്തെതുടര്‍ന്നാണ്‌ സ്ഥാപനവല്‍കരിക്കപ്പെടുന്നത്. ഈ സംവിധാനത്തിന്റെ സൈദ്ധാന്തികസത്ത പ്രധാനമായും രൂപംകൊള്ളുന്നത്‌ റൂസ്സോയില്‍നിന്നാണ്. ആ റൂസ്സോയുടെ സുചിന്തിതമായ അഭിപ്രായം “മനുഷ്യന്‍ ജന്മനാല്‍ സ്വതന്ത്രനാണെ”ന്നാണ്. തനിക്കുതാന്‍പോന്ന, പരമാധികാരിയായ (sovereign), ആ മനുഷ്യനെ ശ്രേഷ്ഠനായ കാട്ടാളന്‍ (noble savage) എന്നാണ് റൂസ്സോ വിളിക്കുന്നത്. ഈ മനുഷ്യന്‍, വന്യമായ പ്രകൃതിയിലെ തന്റെ സുഗമമായ ജീവിതത്തിനു കൂടുതല്‍ അനുയോജ്യമെന്നുകണ്ട് സമാനചിന്താഗതിക്കാരായ മറ്റു പരമാധികാരികളോട് ഒത്തുചേര്‍ന്ന് ഒരു ഉടമ്പടിയുണ്ടാക്കുന്നു (social contract). ഈ ഉടമ്പടിയിലൂടെയാണ് പൌരന്മാര്‍ ഉണ്ടാകുന്നത്. ഈ ഉടമ്പടിതന്നെയാണ് എല്ലാ ഭരണസംവിധാനത്തിന്റെയും അടിസ്ഥാനവും. ഇന്ത്യന്‍ ഭരണഘടനയും അത്തരത്തിലുള്ള ഒരു ഉടമ്പടിയാണ്. (ജനങ്ങള്‍ തങ്ങള്‍ക്കുതന്നെ ഈ ഭരണഘടന നല്‍കുന്നുവെന്നു പറഞ്ഞാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അവസാനിക്കുന്നത്). മുമ്പു സൂചിപ്പിച്ചതുപ്പോലെ, മനുഷ്യര്‍ക്ക്‌, നീതി-സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം തുടങ്ങിയവ ഉറപ്പുവരുത്തുകയാണ് ഇന്ത്യന്‍ ഭരണഘടനയുടേയും ലക്ഷ്യം. ഈ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള ഒരു ഉപാധി മാത്രമാണ് രാഷ്ട്രം.

തന്റെ ‘സോഷ്യല്‍ കോണ്ട്രാക്റ്റ്’ എന്ന കൃതിയില്‍ റൂസ്സോ മറ്റു ചില കാര്യങ്ങളും പറയുന്നുണ്ട്: കൂട്ടായ ഉടമ്പടിയിലൂടെ പ്രകൃത്യാല്‍ പരമാധികാരികളായ മനുഷ്യര്‍ തങ്ങളുടെ പരമാധികാരം രാഷ്ട്രത്തിനു (community) സമര്‍പ്പിക്കുന്നു. വ്യക്തികളുടെ ദീര്‍ഘദൃഷ്ടിയില്ലാത്ത, സ്വകാര്യ-സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുപരിയായി, രാഷ്ട്രം എല്ലായ്‌പ്പോഴും ദീര്‍ഘദൃഷ്ടിയോടെ, പൊതുനന്മയെപ്രതി, മുന്നോട്ടുപോകുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മനുഷ്യര്‍ തങ്ങളുടെ പരമാധികാരം ഈവിധം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്. ഇങ്ങനെ ഓരോരുത്തരും തന്നെ എല്ലാവര്‍ക്കുംവേണ്ടി സമര്‍പ്പിക്കുന്നതിലൂടെ (One for All), എല്ലാവരും ഓരോരുത്തര്‍ക്കുംവേണ്ടി (All for One) നിലകൊള്ളുന്ന ഒരു സംവിധാനം നിലവില്‍വരുന്നു. എപ്പോഴാണോ ഒരു രാഷ്ട്രം അതിന്റെ പ്രഖ്യാപിത ഉദ്ദേശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെടുന്നത്, എപ്പോഴാണോ അത് പൊതുനന്മയെ പ്രതിനിധീകരിക്കുന്നതില്‍ പരാജയപ്പെടുന്നത്, അപ്പോള്‍ അതിന്റെ പൌരന്മാര്‍ക്ക് ആ സാമൂഹിക ഉടമ്പടിയില്‍നിന്നു പിന്‍വാങ്ങാനുള്ള, തങ്ങളുടെ പരമാധികാരം തിരിച്ചെടുക്കാനുള്ള, എല്ലാ അവകാശവുമുണ്ട്. എന്നല്ല, പൊതുനന്മയ്ക്കായി നിലകൊള്ളുന്ന ഓരോ മനുഷ്യന്റെയും ധാര്‍മ്മികബാധ്യതതന്നെയാണത്. മനുഷ്യന്‍ അനിവാര്യമായും കൂട്ടായി ജീവിക്കുന്ന ഒരു ജീവിയായതിനാല്‍, പരമാധികാരം വീണ്ടെടുത്ത മനുഷ്യര്‍ക്ക്, അപചയം സംഭവിച്ച സംഘാടകസംവിധാനത്തിനു പകരം മറ്റൊന്നിനു രൂപംകൊടുക്കേണ്ടിയും വരും; ദാര്‍ശനികമായ പിഴവുകളില്‍നിന്നും, ചരിത്രപരമായ മണ്ടത്തരങ്ങളില്‍നിന്നും പഠിച്ചുകൊണ്ടുതന്നെ.

സ്വകാര്യതാല്‍പ്പര്യാധിഷ്ഠിതവും അതിനാല്‍ മത്സരാധിഷ്ഠിതവും, ചൂഷണാധിഷ്ഠിതവുമായ, കമ്പോളത്തെ ആശ്രയിച്ചുമാത്രം നിലനില്‍ക്കാനാകുന്ന ആധുനികദേശരാഷ്ട്രസംവിധാനത്തിന് പൊതുനന്മയെ പ്രതിനിധീകരിക്കാനുള്ള ശേഷിയില്ലായ്മ, അതിന്റെ ‘വികസന’പ്രവര്‍ത്തനങ്ങളിലൂടെ വെളിപ്പെടുന്ന അതിന്റെ ഹൃസ്വദൃഷ്ടി, ഇന്ന് ചിന്തിക്കുന്ന മനുഷ്യര്‍ക്കെല്ലാം സുവ്യക്തമായിരിക്കേണ്ടതാണ് (വിശദാംശങ്ങള്‍ക്ക്: https://hobostream.wordpress.com/20… ). കാലഹരണപ്പെട്ട രാഷ്ട്രമെന്ന ഉപാധിയെ അഹിംസാത്മകമായും ആസൂത്രിതമായും കയ്യൊഴിയുകയും, അതിനനുസൃതമായി സ്വാതന്ത്ര്യം-സമത്വം-സഹോദര്യമെന്ന നമ്മുടെ അനാദിയായ ആദര്‍ശങ്ങളെ സാക്ഷാത്കരിക്കുവാന്‍പോന്ന സംഘാടകസംവിധാനങ്ങളെ നാം പുനരാവിഷ്കരിക്കേണ്ടിയുമിരിക്കുന്നു (https://hobostream.wordpress.com/20… ). കൂടാതെ, എപ്പോഴൊക്കെ രാഷ്ട്രം അതിന്റെ അധികാരത്തെ സവിശേഷസന്ദര്‍ഭങ്ങളില്‍ ദുര്‍വിനിയോഗം ചെയ്യുന്നുവോ അപ്പോഴൊക്കെ നാം അതിനെ വെളിപ്പെടുത്തേണ്ടതും നിസ്സംശയം പരാജയപ്പെടുത്തേണ്ടതുമാണ്‌. ദേശീയഗാനം നിര്‍ബന്ധമായും അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടനടപടിയും, അത്തരത്തിലൊരു നിലപാട് ആവശ്യപ്പെടുന്നതുതന്നെയാണ്.

ചിന്താഗതി എന്തുമാകട്ടെ, അതിനു സന്നദ്ധരായ സുഹൃത്തുക്കള്‍ക്ക് സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍…

“ഞാനെന്റെ ഔന്നത്യത്തില്‍നിന്നും കീഴെയുള്ള രാഷ്ട്രങ്ങളെ നോക്കുന്നു
എന്റെ മുന്നില്‍ അവ വെണ്ണീറാകുന്നു
മുകിലുകള്‍ക്കിടയിലെ എന്റെവാസം ശാന്തമത്രേ
എന്റെ വിശ്രാന്തിയുടെ മഹത്തായ ഇടങ്ങള്‍ സ്വച്ഛവും”

(Poems of Ossian by James macpherson (1790). Later qutoed by Henry David Thoreu)