മനുഷ്യനായ ദൈവം

സി.ആര്‍. പരമേശ്വരന്റെ ‘പോകുവാന്‍ എങ്ങുമില്ല’ എന്ന ലേഖനത്തില്‍ ഉടനീളം കാണാവുന്ന വികാരം മനുഷ്യസമൂഹത്തെക്കുറിച്ചുള്ള കടുത്ത അശുഭവിശ്വാസമാണ്. ജൈവികമെന്നോണമുള്ള സ്വാര്‍ത്ഥപരമായ ഏകപക്ഷീയതകള്‍ക്കാണ് മനുഷ്യപ്രകൃതത്തില്‍ സ്വാധീനം കൂടുതലെന്നും, അതിനാല്‍ മനുഷ്യരാശിയുടെ സമഗ്രവും ഗുണപരവുമായ പരിവര്‍ത്തനം സാധ്യമല്ലെന്നും അദ്ദേഹം കരുതുന്നു; നമ്മളില്‍ വളരെപ്പേരുടെ ഒരു അടിസ്ഥാന ധാരണയെയാണ് സി.ആര്‍. പ്രതിനിധീകരിക്കുന്നത്. താത്വികമായി വിധിവാദത്തിന്റെ(determinism) പരിധിയിലാണ് അദേഹത്തിന്റെ ലേഖനം വരുന്നതെന്ന് പറയാം.

എന്നാല്‍ മനുഷ്യജീവിതം രൂപപ്പെടുന്നത് വിധിയാല്‍(fate) മാത്രമല്ല; സ്വതന്ത്രേച്ഛയും(free will) ചേര്‍ന്നാണ്. സി.ആറിന്റെ ലേഖനത്തില്‍ പറയുന്ന ജൈവികസ്വാര്‍ഥത വിധിയോട് ചേര്‍ന്നുനില്ക്കുന്നതാണെങ്കില്‍, അതിനുള്ള പ്രകൃതിയുടെ തന്നെ മറുമരുന്നാണ് അറിവും അത് സാധ്യമാക്കുന്ന തിരഞ്ഞെടുപ്പുകളും(choices).

എങ്കിലും, സി.ആറിന്റെ അഭിപ്രായത്തോട് ഒരു തലത്തില്‍ ഈ ലേഖകന്‍ യോജിക്കുന്നുമുണ്ട്. മൂല്യാധിഷ്ഠിതമായ ജീവിതത്തിന്റെ ആദര്‍ശങ്ങള്‍ ഒരുവേള ലോകം ഒരിക്കലും പൂര്‍ണ്ണമായി ഏറ്റെടുത്തേക്കില്ല. ഏറ്റെടുത്താല്‍ തന്നെ അത് താല്‍ക്കാലികമായേക്കാം; ദുരയും അല്‍പ്പത്തവും വീണ്ടും നമ്മെ ബാധിച്ചേക്കാം. യാഥാര്‍ത്ഥ്യബോധമുള്ള ഏതൊരു മനുഷ്യസ്നേഹിയും ഇത്തരം സാദ്ധ്യതകളെ/പരിമിതികളെ അഭിമുഖീകരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം കടുത്ത വിഷാദരോഗമായിരിക്കും ഫലം.

എന്നാല്‍ ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചും, അതര്‍ഹിക്കുന്ന നീതിയേയും കരുതലിനെയുംക്കുറിച്ചും സുനിശ്ചിതത്വമുള്ള ഒരുവന്/ഒരുവള്‍ക്ക്, തന്റെ മൂല്യാധിഷ്ഠിത ജീവിതശൈലിയില്‍നിന്ന് പിന്മാറുവാന്‍ ഇതൊന്നും കാരണമാവേണ്ടതില്ല. അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ മനുഷ്യജീവിതത്തിന്റെ ചില സാര്‍വത്രിക അവസ്ഥകളെയും അനുഭവങ്ങളെയും വിശകലനം ചെയ്യേണ്ടതുണ്ട്.

മനുഷ്യജീവിതത്തില്‍ പ്രകൃതിദത്തമായ ഒരു ദുരന്താത്മകതയുണ്ട്. കുറഞ്ഞത് ഒരു നേരമെങ്കിലും നിറക്കേണ്ട വയറാണ് പ്രഥമ ഉദാഹരണം. അതുപോലെ, എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന രോഗങ്ങള്‍, അപകടങ്ങള്‍, മാനസിക പിരിമുറുക്കങ്ങള്‍, (സ്ത്രീ-പുരുഷ)ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങള്‍, മരണം തുടങ്ങിയവയെല്ലാം, നമ്മളെത്ര തന്നെ സാമൂഹികനീതി ആര്‍ജ്ജിച്ചാലും മനുഷ്യജീവിതത്തില്‍നിന്നും വിടപറയാന്‍ ഇടയില്ല. ആറ്റുനോറ്റു വളര്‍ത്തിയ മകന്‍ പതിനാറാം വയസ്സില്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്നു; പെറ്റമ്മയുടെ അവസ്ഥ എന്തായിരിക്കും? ഈ ലോകത്തെ എന്ത് രാഷ്ട്രീയനീതിയാണ്, എന്ത് ഭൌതിക സുഖസൗകര്യങ്ങളാണ് അവരുടെ ദുഖത്തിന് പകരമാവുക? ഇതെല്ലാം എങ്ങനേയും കടന്നുകൂടി ഒരാള്‍ ജീവിച്ച് മരിക്കുന്നു എന്നിരിക്കട്ടെ. മൂന്ന് തലമുറകള്‍ക്കപ്പുറം അയാളെ ആരെങ്കിലും ഓര്‍ക്കുമോ?! ഒരാള്‍ അത്രമേല്‍ ബദ്ധപ്പെട്ട് ചുമന്നിരുന്ന പേരും രൂപവും വ്യക്തിത്വവുമെല്ലാം ഇന്നലകളുടെ അപാരതയില്‍ പോയി മറയുന്നു. ഇനി, ആരെയെങ്കിലും പിന്നീടുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്നു തന്നെയിരിക്കട്ടെ; മരിച്ചുപോയവന് അതുകൊണ്ടെന്തു കാര്യം?! ആകെക്കൂടി നോക്കിയാല്‍, മനുഷ്യന് അവന്റെ ജനനത്തിന് മുമ്പ് എന്താണെന്നറിയില്ല, മരണത്തിനപ്പുറവും പിടിയില്ല. ഇതിനിടക്ക്‌ ഇത്രയും അനിശ്ചിതത്വവും ദുരന്തങ്ങളും ചേര്‍ന്ന ജീവിതത്തിന്റെ ഉദ്ദേശവും അറിയില്ല. പരിപൂര്‍ണ്ണ അജ്ഞതയുമായുള്ള ഗുസ്തിപിടുത്തം പോലെ ഒരു ജീവിതം! വ്യക്തിയുടെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ മനുഷ്യരാശിയുടെ ആകെ ഭാവിയും വ്യത്യസ്തമല്ല. മനുഷ്യരാശി എന്നെങ്കിലും പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് കരുതാതിരിക്കാന്‍ ന്യായമില്ല; കുറഞ്ഞപക്ഷം സൂര്യന്‍ എന്ന നക്ഷത്രത്തിന്റെ ആയുസ്സറ്റിട്ടെങ്കിലും. നമ്മോടൊപ്പം, നമുക്ക് ഗംഭീരവും നികൃഷ്ടവുമായ സകലതും അവസാനിക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കില്‍ പിന്നെ മൂല്യങ്ങളെന്നു പറയപ്പെടുന്നവയ്ക്ക് എന്താണ് പ്രസക്തി? ആരുടെയെങ്കിലും മൂല്യദീക്ഷ കൊണ്ട് ആത്യന്തികമായി എന്ത് പ്രയോജനം?! ഉള്ള നേരത്ത് മനുഷ്യര്‍ അവര്‍ക്ക് സഹജമായ സ്വാര്‍ത്ഥപൂരണത്തിന് ആവുംവിധം ശ്രമിക്കുക… ഇതാണ് ഏറ്റവും യുക്തിഭദ്രം; വാസ്തവത്തില്‍ എത്ര ‘ശാസ്ത്രീയ’മാണ് മുതലാളിത്തം!

മനുഷ്യജീവിതം ഇത്രക്കൊക്കയേ  ഉള്ളൂവെങ്കില്‍, ഇതിലും കടുത്ത ദുരന്തകാവ്യം, അസംബന്ധ നാടകം മറ്റെന്തെങ്കിലുമുണ്ടോ?!

അനിവാര്യതകളുടെ ഈ ആഴമററ ദുരന്തഭൂമികയില്‍ നിന്നാണ് അറിവ് മനുഷ്യനെ അനന്തവിഹായസ്സിലേക്ക് ഉയര്‍ത്തുന്നത്. എങ്ങനെയെന്നറിയാന്‍, മനുഷ്യരാശിയോടൊപ്പം എക്കാലവും ഏതെങ്കിലും രൂപത്തില്‍ കൂടെയുള്ള ദൈവം/ദേവി എന്ന ആശയത്തിന്റെ സാമാന്യസ്വഭാവങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

എന്താണ് ദൈവം?! തത്വശാസ്ത്രപരമായി പരമമായ മൂല്യമെന്നോ, തത്വമെന്നോ പറയാവുന്ന ഒന്നിലേക്ക് അല്പം മനുഷ്യത്വം ചാലിച്ചാല്‍ ദൈവമെന്ന കഥാപാത്രമായി. എന്നാല്‍ ഈ ദൈവം, നേരത്തെപ്പറഞ്ഞ മാനുഷികമായ അനിവാര്യതകളില്‍ നിന്നെല്ലാം തീര്‍ത്തും സ്വതന്ത്രമാണ്. അദ്ദേഹം സര്‍വ്വജ്ഞനാണ്! ആദിയും അന്ത്യവും ഇല്ലാത്ത നിത്യതയുമാണ്! കൂടാതെ, മനുഷ്യനെ സംബന്ധിച്ചുള്ള എല്ലാ ദുരന്തങ്ങള്‍ക്കും പരിഹാരമായ ആത്യന്തിക നീതിയേയും ദൈവം പ്രതിനിധീകരിക്കുന്നു. എന്നാല്‍, ഈ മൂല്യത്തിനുള്ള മാനുഷികഭാവത്തിന്റെ/രൂപത്തിന്റെ അര്‍ത്ഥമെന്താണ്?! എല്ലാ പരിമിതികളില്‍ നിന്നും സ്വതന്ത്രമാകുവാനുള്ള മനുഷ്യത്വത്തിന്റെ സാധ്യതയെ, അങ്ങനെയൊരു സംഭവ്യതയെയാണ് (മനുഷ്യനായ)ദൈവം സാക്ഷ്യപ്പെടുത്തുന്നത്. ഒപ്പം, മനുഷ്യരുടെ ഇച്ഛയോടു പ്രതിസ്പന്ദിക്കുന്ന ആ മൂല്യത്തിന്റെ സ്വഭാവത്തേയും അതിന്റെ മനുഷ്യത്വം വെളിപ്പെടുത്തുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, സ്ഥല-കാലങ്ങളുടെ അനിവാര്യതകളില്‍പ്പെട്ടുഴലുന്ന മനുഷ്യജീവി, സ്ഥല-കാല പരിമിതികളില്ലാത്ത ജീവിതമൂല്യവുമായി താദാത്മ്യപ്പെടുന്ന പ്രക്രിയയാണ് പ്രാര്‍ത്ഥനയും ധ്യാനവും മറ്റും.

ഈ തത്വത്തെ മനുഷ്യജീവിതത്തില്‍നിന്ന് വ്യവകലനം ചെയ്യുക; ജീവിതത്തിന്റെ എല്ലാ അര്‍ത്ഥവും ചോര്‍ന്നുപോകും. ആദ്യം പറഞ്ഞ അസംബന്ധ നാടകത്തില്‍ നാം തിരിച്ചെത്തും. നിത്യജീവിതത്തില്‍ നാം വ്യവഹരിക്കുന്ന മറ്റെല്ലാ മൂല്യങ്ങള്‍ക്കും  ആധാരം ഈ തത്വമാണ്. ഇതില്ലെങ്കില്‍ മൂല്യങ്ങളെല്ലാം ആപേക്ഷികമാകും. ഇങ്ങനെ മറ്റെല്ലാത്തിനും ഉറവിടമാകയാല്‍, അത് ജീവന്റെ ഒരുമയെ – നമ്മുടെ സഹോദര്യത്തെയും സുവ്യക്തമാക്കുന്നു. നല്ലത്-നല്ലതല്ലാത്തത്, മെച്ചപ്പെട്ടത് (the principle of the Better) തുടങ്ങിയ ആശയങ്ങളും ഇതിനെ ആശ്രയിച്ചിരിക്കുന്നു (സത്യസാക്ഷാത്ക്കാരത്തിന് ഉതകുന്നത് നല്ലതാണ്; അങ്ങനെയല്ലാത്തത്‌ നേരെ തിരിച്ചും). ചുരുക്കിപ്പറഞ്ഞാല്‍, ജീവിതത്തിന് ഭക്ഷണം പോലെ അനിവാര്യമാണ് പരമമായ മൂല്യസങ്കല്‍പ്പവും. അതുകൊണ്ടാണ് ദൈവത്തെ നമ്മള്‍ എത്രശക്തിയായി കുടഞ്ഞെറിഞ്ഞാലും ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍, ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ അത് മനുഷ്യരാശിയോടൊപ്പം തുടരുന്നത്.

എന്നാല്‍, ഈ മൂല്യം/ദൈവം മനുഷ്യത്വത്തില്‍നിന്നും ഭിന്നമായി വേറെ എവിടെയോ നിലനില്ക്കുന്ന ഒന്നാണെന്ന് നമ്മള്‍ കരുതിയാലും കാര്യങ്ങള്‍ ഗുരുതരമാവും. കരുണാമയനായ ദൈവത്തെപ്രതി അവിശ്വാസികളെ കൂട്ടക്കൊല ചെയ്യുന്ന ‘വിശ്വാസി’കളും, അവിടെയെങ്ങാണ്ടോ ഒരു നീതി ഇരുപ്പുണ്ട്, ഇനിയിപ്പോ ഭൂമിയില്‍ ബാക്കിയുള്ളവരുടെ സ്ഥിതി എന്തുമാവട്ടെ, നമുക്ക് നമ്മുടെ റബ്ബറു വിറ്റ് കാലം കഴിക്കാം എന്ന മനോഭാവവും, കര്‍മ്മസിദ്ധാന്തങ്ങളും മനുഷ്യജീവിതത്തെ എത്രയെങ്കിലുമധികം നരകതുല്യമാക്കുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യര്‍ തങ്ങളില്‍നിന്ന് അന്യമല്ലാതെയും, സത്യസാക്ഷാത്ക്കാരത്തിനുള്ള സങ്കേതമായും ദൈവസങ്കല്‍പ്പത്തെ മനസ്സിലാക്കേണ്ടത് അനിവാര്യമാകുന്നത്.

ദൈവസങ്കല്‍പ്പം പലപ്പോഴും മനുഷ്യചരിത്രത്തിലെ ഏറ്റവും കടുത്ത ചൂഷണോപാധിയാകുന്നുണ്ടെങ്കിലും അതിന് പരിഹാരം എന്തെങ്കിലും പ്രത്യയശാസ്ത്ര മുട്ടുന്യായം പറഞ്ഞ് ഈ ആശയത്തെ തള്ളിക്കളയലല്ല; ശാസ്ത്രീയമായി അതിനെ അഭിമുഖീകരിക്കലും പുനര്‍നിര്‍വചിക്കലുമാണ്. മതങ്ങളുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളെ മാറ്റിനിറുത്തി സൂക്ഷ്മമായ തലത്തില്‍  അവയ്ക്കുള്ള മൂല്യപരമായ സമാനതകളെ വിശകലനം ചെയ്ത് ക്രോഡീകരിക്കണം. അപ്പോള്‍ മതങ്ങളുടെ ചേരിതിരിവുകള്‍ അപ്രസക്തമാവുകയും അവയിലെല്ലാം ഒരുപോലെയുള്ള ദൈവമെന്ന ലക്ഷ്യം, ലോകത്തെവിടെയും എക്കാലത്തുമുള്ള മനുഷ്യമനസ്സുകളുടെ സമാനതയെ/ഒരുമയെ സുവ്യക്തമാക്കുകയും ചെയ്യും. താത്വികമായി മൂല്യം എന്ന് പരിഗണിക്കപ്പെടേണ്ട ഒന്ന് ദൈവമാകുന്നത്, കാര്യങ്ങളെ അമൂര്‍ത്തവല്ക്കരിക്കുവാനുള്ള മനുഷ്യരുടെ കഴിവിലെ വ്യത്യാസങ്ങള്‍കൊണ്ടും മനുഷ്യരൂപത്തിലാകുമ്പോള്‍ ആ മൂല്യവുമായി താദാത്മ്യപ്പെടുവാന്‍ എളുപ്പം ആണെന്നതുകൊണ്ടുമാണ്. ജ്ഞാനതൃഷ്ണ ഉള്ളവര്‍ക്കായി കൃത്യമായ തത്വശാസ്ത്രം ദൈവസങ്കല്‍പ്പത്തിനു സമാന്തരമായി/ഉപരിയായി നിലനിറുത്തുക മാത്രമാണ് അത്തരം പരിമിതികള്‍ക്കുള്ള പരിഹാരം.

സി.ആര്‍.ന്റെ ലേഖനത്തില്‍ ഒരിടത്ത്‌ എഴുതുന്നു: “മൂല്യങ്ങളുടെ പടയാളികള്‍ ഒന്നുകില്‍ പൊരുതി മരിക്കുന്നു; അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നു. അതുമല്ലെങ്കില്‍ മുതലാളിത്തത്തോട് പൊരുതുന്നതായി നടിച്ച് മുതലാളിത്തം തന്നെ ആയി മാറുന്നു”. ചിന്തയിലും എഴുത്തിലുമുള്ള ആത്മവിശ്വാസം അല്‍പ്പം പരിധി വിട്ടുവെന്ന് മാത്രം പറയട്ടെ.

ഒരു മനുഷ്യന്‍ തന്റെ സ്നേഹത്തിന് ആനുപാതികമായി ‘താനും അപരനും’ അഥവാ ‘താനും താനല്ലാത്തതും’ എന്ന ദ്വന്ദ്വത്തെ മറികടക്കുന്നുണ്ട്; അത്തരം അന്യതാബോധങ്ങള്‍ക്കപ്പുറമായ യാഥാര്‍ത്ഥ്യത്തിന്റെ സമഗ്രതയെ, പൂര്‍ണ്ണതയെ അബോധമായെങ്കിലും അനുഭവിക്കുന്നുണ്ട്. “സ്നേഹം ദൈവമാകുന്നു” എന്ന് ജ്ഞാനികള്‍ പറയുന്നത് അതുകൊണ്ടാണ്. ആ സ്നേഹം പാകമാകുന്നതിന് അനുസൃതമായി ദൈവരാജ്യം ഇനിയെപ്പോഴെങ്കിലും വരേണ്ടതല്ല അതിപ്പോള്‍ത്തന്നെ നിലനില്ക്കുന്നുവെന്ന് അവന്‍/അവള്‍ അറിയുന്നു(1).

ഇങ്ങനെയൊക്കെ അറിഞ്ഞാല്‍ പിന്നെ രോഗം ഉണ്ടാവില്ല, ക്ഷീണം തോന്നില്ല എന്നൊന്നുമല്ല. അവയൊക്കെ ശാരീരികമായ അനിവാര്യതകളാണ് അതുകൊണ്ടുതന്നെ താല്കാലികവും എന്നു കൂടിയാണ് നമ്മള്‍ അറിയുക. അഥവാ, എന്തൊക്കെയായാലും മനുഷ്യനെ വിട്ടുപിരിയാത്ത അനിവാര്യതകള്‍ ഉള്ളതുകൊണ്ടു തന്നെ അത്തരം പരിമിതികള്‍ക്ക് സ്പര്‍ശിക്കാനാവാത്ത സ്വാതന്ത്ര്യവും നമ്മളില്‍ ഉണ്ടെന്നാണ് മനസ്സിലാവുക (അനിശ്ചിതത്വമാര്‍ന്ന ഭൌതിക സുഖസൌകര്യങ്ങളുടെ പാരമ്യതയിലല്ല, അറിവിലാണ് മനുഷ്യന്റെ സ്വാതന്ത്ര്യം കുടികൊള്ളുന്നതെന്ന വസ്തുത ഇന്നത്തെ ‘വികസന’ മതത്തിന്റെ പൊള്ളത്തരവും വെളിപ്പെടുത്തുന്നുണ്ട്).

എന്നാല്‍, ഇത്തരം അറിവുകളില്‍ നിന്നെല്ലാമുള്ള പുറകോട്ടു നടപ്പാണ് സ്വാര്‍ഥത. ഇത്‌ വിശദീകരിച്ചാല്‍: ജഡത്തിന്റെ(matter) അടിസ്ഥാന സ്വഭാവം അതിന്റെ സവിശേഷമായ(exclusive) സ്ഥല-കാലമാണ്. ഒരു ജഡവസ്തു, അത് നിലനില്ക്കുന്നിടത്ത് മറ്റൊരു വസ്തുവിന് സ്ഥിതി ചെയ്യാനാവാത്ത മൌലികമായ അസ്തിത്വമാണ്. മനുഷ്യമനസ്സ്‌ ഈ ജഡത്തിന്റെയും(അ-സത്ത്), ജീവന്റെയും(സത്ത്) ഒരു ചേരുവയാണ്. അതുകൊണ്ടാണ് മനസ്സ് ഒരു നിമിഷം അധോമുഖമായി ജഡത്തിന്റെ ഏകപക്ഷീയതകളിലേക്ക് ഊളിയിടുകയും അടുത്ത നിമിഷം ഊര്‍ധ്വമുഖമായി അനന്തതയിലേക്ക് ചിറക് വിരിക്കുകയും ചെയ്യുന്നത്. അഥവാ, ഒരു സമയം മറ്റെല്ലാത്തില്‍ നിന്നും സ്വയം അന്യവല്ക്കരിക്കുവാനും അടുത്ത നിമിഷം എല്ലാത്തിനെയും സ്വയം മറന്ന് പുല്കുവാനും കഴിയുന്നത്. ജഡത്തിന് അതിന്റെ അല്‍പ്പത്തരങ്ങളില്‍ തുടരുവാനുള്ള ഒരു പ്രവണതയുണ്ട്(law of inertia)(2)(3). ഈ പ്രവണതയില്‍നിന്ന് അതിനെ മുക്തമാക്കി, അസ്തിത്വത്തേയും അറിവിനേയും സമന്വയിപ്പിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം (4). അതില്‍ നിന്നുണ്ടാകുന്ന വിവേകമാണ്(5) മനുഷ്യജീവിതത്തിന് ദിശാബോധം നല്‍കേ‍ണ്ടത്.

ഇതിന് വിരുദ്ധമായി, മനുഷ്യരെ മതത്തിന്റെയും ലിംഗത്തിന്റെയും സമ്പത്തിന്റെയും പേരില്‍ അന്യരായി കാണുകയും, അതേ അന്യതാബോധം കൊണ്ട് പ്രകൃതിയുടെ മെക്കിട്ടുകേറുകയും ചെയ്യുന്നവര്‍ ജഡോന്മുഖമായ അഹന്തയെന്ന പൊട്ടക്കിണറ്റിലാണ് വാസം. ഇത്തരം കാര്യങ്ങളെ പരിഗണിക്കയാലാണ് സമൂഹം എങ്ങനെ ആയിരുന്നാലും അതുകണ്ടു പേടിച്ച് തിരിഞ്ഞ് ഓടേണ്ടതില്ലെന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ എഴുതിയത്. സത്യം നമ്മെ സ്വതന്ത്രരാക്കുമെന്നത് നിയമമാണ്; ആരുടേയും ഔദാര്യമല്ല. സത്യസന്ധമായ ഒരു ജീവിതമോ, ഒരൊറ്റ നിമിഷംപോലുമോ വെറുതയല്ല. മൂല്യങ്ങള്‍ മൂല്യവത്താവുന്നത് പിന്തുണക്കുന്നവരുടെ എണ്ണത്തിനനുസരിച്ചല്ലെന്നു സാരം. അതുപോലെ ഒരാള്‍ ബുദ്ധനാവുന്നുണ്ടോ, സാധാരണക്കാരനാണോ എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ വെറും സാമൂഹികമാണ്. ഓരോരുത്തരും തങ്ങളുടെ കഴിവിനൊത്ത് സത്യത്തോട് താദാത്മ്യപ്പെട്ട്, ആ നിലക്ക് മുഴുവന്‍ ജീവനോടുമുള്ള തന്റെ സാഹോദര്യത്തെപ്രതി ജീവിക്കുന്നുണ്ടോ എന്നതുമാത്രമാണ് കാര്യം (6). മനുഷ്യശരീരം എന്തെങ്കിലും തരത്തിലുള്ള കര്‍മ്മം നിര്‍ബന്ധിതമാക്കുന്നുണ്ടല്ലോ. ചെയ്യുന്നവയെല്ലാം ജീവന്റെ ഒരുമയെപ്രതി ചെയ്യുക; ഫലത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടാനൊന്നും ഇല്ല. ഫലമുണ്ട്. വ്യക്തി തന്റെയുള്ളില്‍ സത്യത്തെ അറിയുന്നുണ്ട്; മനുഷ്യരാശി തമ്മില്‍ തല്ലി ഒടുങ്ങുന്നുമില്ല.

നമ്മള്‍ എല്ലാവരും അവരവരുടേതായ വഴികളിലൂടെ, തങ്ങളുടെ ആവശ്യത്തിനും കഴിവിനും അനുസൃതമായി സുഖത്തെ-സത്യത്തെ ആരായുന്നു, ആസ്വദിക്കുന്നു. ഈ യാത്രയില്‍ നമുക്ക് പരസ്പപരം സഹായിക്കുവാനും വേദനാകരമാകുവാനും കഴിയും (ഇതും പ്രകൃതിദത്ത സാഹചര്യമാണ്). അതിനാലാണ് പൊതുവായ ചില മര്യാദകള്‍ പാലിക്കുന്ന സാമാന്യസംസ്കാരത്തെ മനുഷ്യരാശിക്ക് മനനം ചെയ്യേണ്ടി വരുന്നത്. അതിനുതകുന്ന വിദ്യാഭ്യാസസമ്പ്രദായം, സംസ്കാരം നമുക്ക് സാധ്യമായാല്‍ മനുഷ്യരുടെ വ്യക്തിപരമായ ഏതുതരം അനിവാര്യതകളെയും മറികടത്തുവാന്‍ അതിനു സാധിക്കും.

ഇങ്ങനെയൊക്കെ വിശദീകരിച്ചാലും, മനുഷ്യജീവിതമെന്ന ഇത്ര ഗംഭീരമായ-ഭയങ്കരമായ ഒന്നിന്റെ ഉദ്ദേശം എന്തായിരിക്കും?! അറിവിന്-സത്യത്തിന് അതിനെത്തന്നെ അറിയുവാനുള്ള ആഗ്രഹം കൊണ്ട് എന്നൊക്കെ പലരും പല രീതിയില്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വയം അറിയുവാനുള്ള പ്രകൃതിയുടെ ഇച്ഛയാവാം മനുഷ്യന്‍; ആത്യന്തികമായി ഇക്കണ്ട അഭ്യാസങ്ങളെയെല്ലാം സാധൂകരിക്കുന്നതാവാം ആ അറിവ്…

ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ പലതും ധാരാളം ചോദ്യങ്ങളും ചിലപ്പോള്‍ വൈരുദ്ധ്യങ്ങളും ഉയര്‍ത്തി വിട്ടേക്കാമെന്ന് ലേഖകന് ബോധ്യമുണ്ട്. അതിനെ കുറിച്ചൊക്കെയുള്ള സംവാദങ്ങള്‍ ആത്മവിദ്യയുടെ സൂക്ഷ്മപഠനം ആവശ്യപ്പെടുന്നതാണ്(7); അത് ഈ ലേഖനത്തിന്റെ പരിധിയില്‍പ്പെടുന്നില്ല. അറിഞ്ഞവര്‍ ഒന്നൊഴിയാതെ പറയുന്നത്, അറിവിന്റെ ആനുഭവികതലത്തില്‍ അത്തരം ചോദ്യങ്ങള്‍ എല്ലാം അവസാനിക്കുമെന്നാണ്. ഏതായാലും, ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ നാം നമ്മെക്കുറിച്ചു തന്നെയാണ് പറയുന്നതെന്ന് പറഞ്ഞു കൊണ്ട്, നിറുത്തട്ടെ…

അടിക്കുറിപ്പുകള്‍:

(1) യേശുവിനോട് അവന്റെ ശിഷ്യന്മാര്‍ ചോദിച്ചു: “എന്നാണ് ദൈവരാജ്യം വരിക?”. യേശു പറഞ്ഞു: “അതിനു വേണ്ടി കാത്തിരിക്കുന്നത് കൊണ്ട് അതുവരികയില്ല. ‘ഇതാ, അത് ഇവിടെയാണെന്നോ, അതാ, അത് അവിടെയാണെന്നോ പറയാവുന്ന ഒരു കാര്യമല്ല അത്. എങ്കിലോ, പിതാവിന്റെ രാജ്യം ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു; മനുഷ്യര്‍ അത് കാണുന്നില്ല.” – തോമസിന്റെ സുവിശേഷം; വിവ:വിനയചൈതന്യ, Pub:തിയോ ബുക്സ്‌

(2) ന്യൂട്ടന്റെ ചലനനിയമം: എല്ലാ വസ്തുക്കളും, പുറമേ നിന്നുള്ള ശക്തി/ഊര്‍ജ്ജം അതിനെ മാറുവാന്‍ പ്രേരിപ്പിക്കുംവരെ അതിന്റെ        നിശ്ചലാവസ്ഥയിലോ അല്ലെങ്കില്‍ നേര്‍രേഖയില്‍ നിശ്ചിതവേഗത്തിലുള്ള അതിന്റെ‍ പ്രയാണത്തിലോ തുടരുന്നു.

(3) നമ്മുടെ ബോധത്തിലെ, രണ്ടല്ലാത്തതിനെ രണ്ടായി തെറ്റിദ്ധരിക്കുവാനുള്ള സാദ്ധ്യതയെയാണ് ‘മായ’ എന്നു പറയുന്നത്.

(4) ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും
അസത്തില്‍നിന്ന് സത്യത്തിലേക്ക് നയിച്ചാലും
മരണത്തില്‍നിന്ന് അമൃതത്വത്തിലേക്ക് നയിച്ചാലും (ബൃഹദാരണ്യകോപനിഷദ്‌)

(5) എന്താണ് നിത്യമായത്, എന്താണ് അനിത്യമായത് എന്ന് വിവേചിച്ചറിയുവാനുള്ള കഴിവാണ് വിവേകം.

(6) ഏറ്റവും പ്രധാനപ്പെട്ട നീതിപ്രമാണങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിന്റെ കര്‍ത്താവായ ദൈവത്തെ പൂര്‍ണ്ണആത്മാവോടും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും സ്നേഹിക്കുക; നിന്നെപ്പോലെ നിന്റെ അയല്ക്കാരനേയും സ്നേഹിക്കുക. ഈ രണ്ടു നിയമങ്ങളില്‍ മറ്റെല്ലാ നിയമങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു” (പുതിയ നിയമം: മത്തായി;12.30-32)

(7) കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് സഹായകരമാകാവുന്ന കൃതിയാണ് നാരായണഗുരുവിന്റെ ആത്മോപദേശശതകം. വ്യാഖ്യാനം ആവശ്യമുള്ളവര്‍ക്ക് മലയാളത്തില്‍ എം.എച്ച്. ശാസ്ത്രികളുടെയും (Pub: ശിവഗിരി), ഇംഗ്ലീഷില്‍ നടരാജഗുരുവിന്റെയും (Pub:നാരായണഗുരുകുലം) കൃതികളെ ആശ്രയിക്കാവുന്നതാണ്.