ലോകസര്‍ക്കാരിന്റെ നയരേഖ – നടരാജഗുരു

(നടരാജഗുരുവിന്റെ Memorandum on world-Governmentഎന്ന ലേഖനത്തിന്റെ പരിഭാഷ)

മനുഷ്യരാശി ഒന്നാണ്; ഇതാണ് ഈ പ്രകടനപത്രികയുടെ അടിസ്ഥാനദര്‍ശനം. മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ആരംഭിക്കുന്നത് മനുഷ്യരുടെ ഒരുമയും സാഹോദര്യവും വേണ്ടവിധം അംഗീകരിക്കുന്നതില്‍ നിന്നാണ്. ഇതിനു വിരുദ്ധമായി, അധികാരത്തിന്റേയും പ്രയോഗികതയുടേയും ന്യായങ്ങള്‍ പറഞ്ഞ് മനുഷ്യരെ പല അടഞ്ഞ സമൂഹങ്ങളായി പരിഗണിക്കുന്നത് ഈ ദര്‍ശനത്തെ അവമതിക്കലാണ്. മനുഷ്യര്‍ അവരുടെ ജന്മംകൊണ്ടും, സുഖത്തെ ലക്ഷ്യമാക്കുന്ന ദൈനംദിന പ്രവര്‍ത്തികളാലും, ഒരുവന് മറ്റൊരുവനോടുള്ള പാരസ്പര്യംകൊണ്ടും ഒന്നായിരിക്കുന്നു.

യോഗാത്മ ദര്‍ശനം (unitive or dialectical vision)

മനുഷ്യജീവിതത്തിന് അടിസ്ഥാനമായി യോഗാത്മകവും പരമവുമായ ഒരു മൂല്യമുണ്ട്. ആ മൂല്യം ജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ അനിവാര്യതകളെ അതിവര്‍ത്തിക്കുന്ന ഒന്നാണ്. അതിന് പ്രത്യയശാസ്ത്രപരമോ സാന്ദര്‍ഭികമോ ആയ പരിമിതികളൊന്നും ഇല്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ, സംസ്കാരമുള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വേര്‍തിരിവുകളുമില്ല. ഈ മൂല്യത്തെ പ്രാഥമിക മാനദണ്ഡമാക്കുന്ന യോഗദര്‍ശനം, വ്യക്തിയേയും ലോകത്തെയും രണ്ടല്ലാതെ മനസ്സിലാക്കുന്നു. അഥവാ, രണ്ടു വിരുദ്ധ സാധ്യതകള്‍ക്കിടയില്‍ സ്വീകരിക്കുന്ന മധ്യമാര്‍ഗമാണ് യോഗം. അങ്ങനെയൊരു നിഷ്പക്ഷത ഒരുവന്‍ ആര്‍ജിക്കുമ്പോള്‍, ലോകത്തെവിടെയുമുള്ള മനുഷ്യരുടെ/സഹജീവികളുടെ വേദന അയാളുടെയും വേദനയായിത്തീരുന്നു. സഹജീവികളുടെ സഹനത്തോടും അവര്‍ അനുഭവിക്കുന്ന അനീതിയോടുമുള്ള മനുഷ്യരുടെ അനുകമ്പയും അമര്‍ഷവും ദേശകാലങ്ങള്‍ മറികടക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം തിരിച്ചറിവുകളാണ് ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി (one for all), എല്ലാവരും ഓരോരുത്തര്‍ക്കും വേണ്ടിയെന്ന (all for one) ലോകസര്‍ക്കാരിന്റെ അടിസ്ഥാന നിലപാടിനു കാരണം. അമ്മയും കുഞ്ഞും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുപോലെ, ഭൂമിയിലെ ഓരോ മനുഷ്യനും മറ്റെല്ലാവരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സത്യം നാം മറന്നാല്‍ സര്‍വ്വതലങ്ങളിലുമുള്ള ദുരിതവും അനീതിയുമാണ് ഫലം.

ലോകത്തുണ്ടാകുന്ന പലവിധ ദുരന്തങ്ങളെക്കുറിച്ച് ചെറുതും വലുതുമായ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറുണ്ട്. എന്നാല്‍ അതൊക്കെ രാവിലെ ഭക്ഷണത്തിനു മുമ്പ് ഒന്ന് ഓടിച്ചു വായിച്ച് ഉടനടി മറന്നുകളയുന്ന സ്വഭാവമാണ് ആളുകള്‍ക്കുള്ളത്. രാഷ്ട്രീയത്തോടും ആളുകള്‍ക്ക് ഇതേ സമീപനമാണ്. എന്നാല്‍ നമ്മുടെ രീതി ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. മുഴുവന്‍ മനുഷ്യരാശിയുടേയും സുഖവും സമാധാനവുമെന്ന നമ്മുടെ ലക്ഷ്യത്തെ പകലുകളോ രാത്രികളോ അവധി ദിനങ്ങളോ ബാധിക്കുന്നില്ല. എന്നാല്‍ വെറും രാഷ്ട്രീയത്തിലല്ല, ഭൂമിരാഷ്ട്രീയത്തിലാണ് (geo-politics)നമുക്ക് താല്‍പര്യം. ലോകസര്‍ക്കാരിന് അതിര്‍ത്തികളില്ല; ഭൂമിയെ ഒട്ടാകെയാണ് നാം പരിഗണിക്കുന്നത്.

മനുഷ്യസ്വഭാവം ഒരേ സമയം നല്ലതും ചീത്തയുമാണ്

ചരിത്രത്തിലെ എത്രയെങ്കിലും ദുരനുഭവങ്ങള്‍ക്കു ശേഷവും തിന്മ ഇല്ലെന്നും മനുഷ്യരെയെല്ലാം ദൈവം നല്ലവരായാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ആരെങ്കിലും പറഞ്ഞാല്‍ അത് അതിശയോക്തിപരമായിരിക്കും. നേരെ മറിച്ച് തിന്മയാണ് മനുഷ്യസ്വഭാവത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നതും ശരിയല്ല. നന്മതിന്മകള്‍ സന്ദര്‍ഭത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും, പൊതുവായൊരു തീരുമാനം അതിനെക്കുറിച്ചു സാധ്യമല്ലെന്നും ചില മിടുക്കന്മാര്‍ അഭിപ്രായപ്പെട്ടേക്കാം. വേറെ ചിലര്‍, മനുഷ്യനിലെ തിന്മയാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നു പോലും പറയാനിടയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഇന്നത്തെ പോലെ ആയിരകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പും മനുഷ്യരെ വലച്ചിട്ടുണ്ട്. അവയ്ക്കുള്ള പരിഹാരത്തിന്റെ കാര്യത്തില്‍ പലപ്പോഴും അന്നത്തേതില്‍നിന്ന് നാം ഒട്ടുംതന്നെ മുന്നോട്ടുപോയിട്ടുമില്ല.

എന്നാല്‍, ഈ വൈരുദ്ധ്യത്തെ മറികടക്കാനുള്ള വഴി നമ്മെ പഠിപ്പിക്കുവാന്‍ ദേശകാലഭേദങ്ങളില്ലാതെ ജ്ഞാനികള്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊരു മാര്‍ഗം നാം ശാസ്ത്രീയമായി മനസ്സിലാക്കുമ്പോള്‍, ഏതൊരു സാഹചര്യത്തിന്റേയും വിരുദ്ധഘടകങ്ങളെ സമന്വയിപ്പിക്കുവാന്‍ നമുക്ക് കഴിയും. ആ സമന്വിതവീക്ഷണത്തില്‍, മനുഷ്യനില്‍ സഹജമായുള്ള തിന്മ മനുഷ്യനിലെ നന്മയോളം തന്നെ സത്യമാണ്. എല്ലാ മൂല്യങ്ങളും, അവ നല്ലതോ തീയതോ ആകട്ടെ, ഉപരിതനമായ(vertical) ഒരു മൂല്യശ്രേണിയുടെ ഭാഗമാണെന്നും, ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും ഈ വിരുദ്ധസാദ്ധ്യതകളില്‍നിന്നും തനിക്ക് തിരഞ്ഞെടുക്കേണ്ടി വരുമെന്നും മനുഷ്യന്‍ മനസ്സിലാക്കണം. ഈ തിരഞ്ഞെടുക്കല്‍ പ്രക്രിയ ഓരോ സമയത്തും നിരന്തരമായ മൂല്യനവീകരണവും നമ്മില്‍നിന്ന് ആവശ്യപ്പെടും. ഇത് വ്യക്തിയുടെ കാര്യത്തിലെന്നപോലെ കൂട്ടായ്മകളുടെ കാര്യത്തിലും, മുഴുവന്‍ മനുഷ്യരാശിയെ സംബന്ധിച്ചും വാസ്തവമാണ്. (ഇങ്ങനെ, തീര്‍ത്തും ജ്ഞാനാധിഷ്ടിതമായ യോഗമാര്‍ഗത്തെ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഉപയോഗിക്കുമ്പോള്‍ നമുക്കതിനെ ഭൌമയോഗശാസ്ത്രമെന്ന് – science of geo dialectics – വിളിക്കാം).

വാസ്തവത്തില്‍ മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലതോ ചീത്തയോ എന്ന പ്രശ്നം നമ്മെ സംബന്ധിച്ച് അത്ര പ്രസക്തമല്ല. മനുഷ്യന് തന്നിലുള്ള അറിവില്ലായ്മയെ തന്നില്‍ത്തന്നെയുള്ള അറിവുകൊണ്ട് മറികടക്കാനാകുമോ എന്നതാണ് നമുക്ക് അറിയേണ്ട കാര്യം. മനുഷ്യരിലെ നന്മയേയും തിന്മയേയും യാന്ത്രികമായി സമീപിക്കാതെ, കാലപ്രവാഹത്തില്‍ സ്വയം രൂപപ്പെടുന്ന മനുഷ്യജീവിതത്തിന്റെ അനിവാര്യഘടകങ്ങളായി കാണാനാകണം. ആ യോഗാത്മകവീക്ഷണം, മൂല്യാധിഷ്ഠിതമായ മനുഷ്യജീവിതത്തിന്റെ ഊര്‍ധ്വമുഖവും നിരന്തരം പുതുക്കപ്പെടുന്നതുമായ മാറ്റത്തേയും ഉള്‍ക്കൊള്ളണം. “നമ്മെ സ്വതന്ത്രരാക്കുന്ന സത്യത്തേയും” (the Truth that makes men free), നമുക്ക് “ശക്തി തരുന്ന അറിവിനേയും” (the knowledge that gives power) ജീവിതത്തിന്റെ പരിമിതികളെയെല്ലാം അതിവര്‍ത്തിക്കാന്‍ ശേഷിയുള്ള മൂല്യങ്ങളായി വേണം മനസ്സിലാക്കാന്‍.

യോഗാത്മക സമീപനം; പല തലങ്ങളില്‍

മനുഷ്യന്‍ ഒരു വശത്ത് അനിവാര്യതകളാല്‍ ബന്ധിതനായിരിക്കുമ്പോള്‍, മറുവശത്ത് അവന്‍ സ്വാതന്ത്ര്യത്തെ എത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്നു. വിശപ്പും രോഗവും മനുഷ്യജീവിതത്തിലെ അനിവാര്യതകളെ പ്രതിനിധീകരിക്കുന്നുവെങ്കില്‍, സ്വന്തം ഇഷ്ടങ്ങള്‍ക്കും  താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി ജീവിക്കുവാനുള്ള‍ ഇച്ഛ മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തെ വെളിപ്പെടുത്തുന്നു. ഈ രണ്ട് ആവശ്യങ്ങളും നിറവേറപ്പെടുമ്പോഴാണ് സന്തുഷ്ടിയെന്ന മൂല്യാനുഭവം ഒരുവനുണ്ടാകുന്നത്‌. അങ്ങനെ ഓരോ മനുഷ്യനും സന്തുഷ്ടിയുള്ളപ്പോള്‍ മുഴുവന്‍ മനുഷ്യരാശിക്കും സുഖമുണ്ടാവും. പൊതുവായ സന്തുഷ്ടി നിലനില്‍ക്കുമ്പോള്‍ ഓരോ മനുഷ്യന്റേയും സുഖം ഏറ്റവും സുരക്ഷിതമായിരിക്കും. അതുപോലെ, ഒരമ്മയ്ക്കും തന്റെ കുട്ടിയ്ക്കു സുഖമില്ലെങ്കില്‍ സന്തോഷമുണ്ടാവില്ല; ജനങ്ങള്‍ സന്തുഷ്ടരല്ലെങ്കില്‍ ഒരു ഭരണകര്‍ത്താവിനും യഥാര്‍ത്ഥ സന്തോഷം കിട്ടില്ല. ഇങ്ങനെ എതുസന്ദര്‍ഭത്തിലും അതിലുള്ള ഉഭയഘടകങ്ങളേയും ആ ഘടകങ്ങളുടെ മൌലിക സ്വഭാവങ്ങളേയും തിരിച്ചറിഞ്ഞ് മുഴുവന്‍ മനുഷ്യരാശിയുടേയും നന്മയെ ലക്ഷ്യമാക്കി സമന്വയിപ്പിക്കുന്നതാണ് യോഗാത്മക രീതി.

യാന്ത്രിക സമീപനങ്ങളും അതിന്റെ അപകടങ്ങളും

ഓരോ മനുഷ്യനും അയാള്‍ ജീവിതത്തോളം പ്രിയപ്പെട്ടതായി കരുതുന്ന ചില കാര്യങ്ങളുണ്ടാകും. പണം, കുടുംബം, വിശ്വാസം, അങ്ങനെ എന്തുമാവാം അത്. ഈ ഇഷ്ടവിഷയവും അയാള്‍ ജീവിതത്തില്‍ അന്വേഷിക്കുന്ന സന്തോഷവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെ മനുഷ്യര്‍ക്കെന്നതു പോലെ ദേശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അതിന്റേതായ വ്യക്തിത്വങ്ങളുണ്ട്. അവയുടെ വേരുകള്‍ ചരിത്രത്തിന്റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്നു. വെറും സ്ഥിതിവിവരക്കണക്കുകളേയും മറ്റും ആശ്രയിച്ച് യാന്ത്രികമായ രീതിയില്‍ അവയെ കൈകാര്യം ചെയ്‌താല്‍ ഫലം ഗുരുതരമാണ്. രാഷ്ട്രങ്ങളുടെ വിഭജനങ്ങള്‍ എത്ര വലിയ നരഹത്യകളിലാണ് കലാശിച്ചിട്ടുള്ളത്‌!

അതേ സമയം, നൂറ്റാണ്ടുകളുടെ കുത്തൊഴുക്കില്‍ ഉണ്ടായിട്ടുള്ള ചരിത്രപരമായ അനിവാര്യതകള്‍ ദേശരാഷ്ട്രങ്ങളുടെ നിലനില്‍പ്പിനുള്ള ന്യായങ്ങളായി ഇന്ന് കണക്കാക്കപ്പെടുന്നുണ്ട്. ഈ രാഷ്ട്രങ്ങളെ പരമാധികാരകേന്ദ്രങ്ങളായി മനസ്സിലാക്കാനും ആ മട്ടില്‍ ഭൂപടത്തില്‍ രാജ്യങ്ങളെ വേര്‍തിരിക്കാനും നമ്മള്‍ കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കുന്നുമുണ്ട്. കുട്ടി ഇത് പഠിച്ചുക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, യുക്തിസഹമായ കാരണങ്ങള്‍ ഒന്നുമില്ലാതെ ഒരു രാജ്യം മറ്റൊന്നിന്റെ മെക്കിട്ടുക്കേറുകയും അതിര്‍ത്തികള്‍ മാറിമറിയുകയും ചെയുന്നു. ഇന്നത്തെ ദേശരാഷ്ട്രാതിര്‍ത്തികളൊന്നും ലോകത്തെ ശാസ്ത്രീയമായി ക്രമീകരിച്ചതിന്റെ ഫലമല്ല. പലപ്പോഴും അവയുടെ അതിര്‍ത്തികളുടെ തുടക്കവും വളര്‍ച്ചയും അടിച്ചേല്‍പ്പിക്കപ്പെട്ടതോ ആകസ്മികമോ ആയിരിക്കും. അവ ന്യായമോ അന്യായമോ ആയ യുദ്ധങ്ങളുടെ തുടര്‍ച്ചയാണെന്നും വരാം. എങ്ങനെയായാലും, ഇന്നത്തെ ആഗോളരാഷ്ട്രീയം വളരെയധികം ഉല്‍ഘോഷിക്കപ്പെടുന്ന മനുഷ്യമഹത്വത്തിന് നിരക്കുന്നതല്ലെന്ന് തീര്‍ച്ച. പഴയകാലങ്ങളില്‍ ധീരയോദ്ധാക്കള്‍ പരസ്പരം പോരാടിയിരുന്നത് മനുഷ്യരുടെ മാന്യതയ്ക്ക് നിരക്കുന്ന ചില നിയമങ്ങള്‍ക്ക് അനുസൃതമായാണ്. എന്നാല്‍ ഇന്ന്, അത്യാധുനിക ആയുധങ്ങള്‍കൊണ്ട് ഒരു ജനതയെയാകെ നശിപ്പിക്കാന്‍ തുനിയുന്ന സൈന്യാധിപന്മാരെക്കുറിച്ച് നാം കേള്‍ക്കുന്നു. ദുരിതം അനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുന്ന ധീരന്മാരെക്കുറിച്ചല്ല, മറിച്ച് ആയുധമില്ലാത്ത നിരപരാധികളായ മനുഷ്യര്‍ നേരിടുന്ന ഭീഷണികളെക്കുറിച്ചാണ് നാം അറിയുന്നത്. യുദ്ധാനന്തരം യുദ്ധത്തടവുകാര്‍ ശിക്ഷിക്കപ്പെടുന്നതിലെ ന്യായാന്യായങ്ങളും ആരും അറിയാറില്ല.

ഇങ്ങനെ രാഷ്ട്രീയം ദിവസവും നിറംമാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തടങ്കല്‍ കേന്ദ്രങ്ങളും, നിരന്തരം രേഖകള്‍ നിഷേധിക്കപ്പെടുന്നതിനാല്‍ നിയമാനുസൃതം ജോലിചെയ്തു ജീവിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അഭയാര്‍ത്ഥികളും, കാടത്തരത്തിന്റേയും അടിമത്തത്തിന്റേയും നാളുകള്‍ കഴിഞ്ഞിട്ടില്ലന്നുത്തന്നെയാണ് കാണിക്കുന്നത്. ഭയവും സുരക്ഷിതത്വമില്ലായ്മയും വേട്ടയാടുന്ന മനുഷ്യരാശി ആശ്വാസത്തിനായി എങ്ങോട്ട് പോകണമെന്നറിയാതെ ഉഴറുന്നു. ഇന്ന് മനുഷ്യരാശിയുടെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടുമ്പോഴും എന്താണ് ചെയ്യേണ്ടതെന്നറിയാത്ത നിലയിലാണ് നമ്മള്‍. അതിനാല്‍, ലോകസര്‍ക്കാര്‍ മനുഷ്യന്റെ മൂല്യവും ബഹുമാന്യതയും വിളംബരം ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചൊരു കാരണവും കൂടാതെ തന്റെ സഹജീവികളെ വെറുക്കുന്ന മനുഷ്യന്‍ ജീവനുണ്ടെങ്കിലും ചത്തതിനു തുല്യമാണ്. പരസ്പരവിരുദ്ധമായ സ്വകാര്യതാല്‍പ്പര്യങ്ങളുടെ പേരില്‍ പോരടിക്കുന്നവരുടെ നാശവും സുനിശ്ചിതമത്രേ. മനുഷ്യരാശിയുടെ ശത്രുക്കള്‍ ആരൊക്കെയെന്ന് പ്രത്യേകം പേരെടുത്തു പറയേണ്ടതില്ല. അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. മനുഷ്യരാശി പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപ്പോവുക തന്നെ ചെയ്യും. അതില്‍ ലോകസര്‍ക്കാര്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍ എല്ലാ മനുഷ്യസ്നേഹികളും തങ്ങളുടെ ഇരട്ടത്താപ്പുകളും ഒത്തുതീര്‍പ്പുകളും കള്ളത്തരവും സംശയങ്ങളും ഒഴിവാക്കി കൃത്യമായ നിലപാടെടുക്കേണ്ട സമയമായിരിക്കുന്നു.

ലോകസര്‍ക്കാരിന്റെ പ്രവര്‍ത്തനപദ്ധതി

ലോകസര്‍ക്കാരിന് പ്രത്യേകിച്ചൊരു പ്രവര്‍ത്തനപദ്ധതിയോ അതിര്‍ത്തി താല്‍പ്പര്യമോ ഇല്ല. മജിസ്ട്രെട്ടുമാരുടെയോ പോലീസിന്റെയോ അധികാരത്തിലോ ശക്തിയിലോ, അവരുടെ ശിക്ഷാനടപടികളിലൂടെയോ അല്ല ലോകസര്‍ക്കാര്‍ ഭരണം നടത്തുന്നത്. മറിച്ച് അറിവാണ് അതിന്റെ ശക്തി. പുറമെനിന്നുള്ള സ്വാധീനമായിട്ടല്ലാതെ മനുഷ്യരാശിയെ മനുഷ്യരാശിക്കു വേണ്ടി മനുഷ്യരാശിയിലൂടെയാണ് ലോകസര്‍ക്കാര്‍ സ്വാധീനിക്കുക. ഈ പ്രക്രിയയില്‍ നശിപ്പിക്കപ്പെടേണ്ടതായി യാതൊന്നുമില്ല. യുദ്ധങ്ങള്‍ തുടങ്ങുന്നത് മനുഷ്യമനസ്സുകളിലാണെന്നു പറയുന്നതിലൂടെ, മുഴുവന്‍സമയ രാഷ്ട്രീയക്കാര്‍പ്പോലും സമ്മതിക്കുന്ന കാര്യമാണ് മനുഷ്യരാശിയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തുടങ്ങുന്നത് അറിവിന്റെ തലത്തില്‍ നിന്നാണെന്നത്. അനിവാര്യതയ്ക്കും വിശപ്പിനും പ്രാഥമിക പരിഗണന നല്‍കുന്ന വൈരുദ്ധ്യാത്മക ഭൌതികവാദം (dialectical materialism) ഇതില്‍നിന്നും വ്യത്യസ്തമായ സമീപനമാണ്. ഈ രണ്ടു സമീപനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പ്രകടനപത്രിക.

“അമൂല്യവിലയുള്ള മുത്തായും” “ഭയങ്ങളില്‍ നിന്നെല്ലാം രക്ഷിക്കുന്ന ധര്‍മ്മമായും” അറിയപ്പെടുന്ന ജ്ഞാനമാണ് ഇന്നത്തെ താറുമാറായിരിക്കുന്ന ലോകത്തിനാവശ്യം. അതിലൂടെ മാത്രമാണ് മനുഷ്യജീവിതത്തെ പുനരേകീകരിക്കുവാനും,  പുന:ക്രമീകരിക്കുവാനും കഴിയുക. മനുഷ്യര്‍ക്കെല്ലാം അംഗീകരിക്കാനാവുന്ന സുഖത്തിന്റെയോ മൂല്യത്തിന്റെയോ ഒരു ഉന്നതമാനദണ്ഡത്തെ മുന്‍നിറുത്തി മുഴുവന്‍ മനുഷ്യരാശിയുടെയും ജീവിതത്തെ വിഭാവനം ചെയ്യാന്‍ നമുക്കാവണം. ലോകസര്‍ക്കാരിന്റെ ഏറ്റവും പ്രധാന ദൌത്യം, മനുഷ്യര്‍ക്ക് സഹജവും സ്വാഭാവികവുമായ രീതിയില്‍ മനുഷ്യരാശിയുടെ ദൈനംദിനവൃത്തികളെ വ്യക്തിയുടെ മൌലീകമായ ഇഷ്ടങ്ങളെയോ നിലപാടുകളെയോ ഹനിക്കാത്ത രീതിയില്‍ ശാസ്ത്രീയമായി ക്രമീകരിക്കുക എന്നതാണ്. ഓരോ ഘട്ടത്തിലും ദോഷകരമായ പ്രവണതകളെ ഒഴിവാക്കി യുദ്ധത്തിനും സമാധാനത്തിനും, പ്രവര്‍ത്തനത്തിനും അലസതക്കും, അത്യാവേശത്തിനും ഉദാസീനതക്കും ഇടയ്ക്കുള്ള നീതിപൂര്‍വമായ മധ്യമാര്‍ഗം സ്വീകരിക്കാന്‍ നമുക്കാവണം. അങ്ങനെയാവുമ്പോള്‍ ഏതൊരു സന്ദര്‍ഭത്തിലും അടിസ്ഥാനപരമായ മാനുഷികമൂല്യങ്ങളെ നമുക്ക് ഉയര്‍ത്തിപ്പിടിക്കാനാവും.

ലോകസര്‍ക്കാരിന്റെ സ്വാധീനം ലോകത്തിന്റെ ഏതെങ്കിലും പ്രത്യേക പ്രദേശത്തോ കേന്ദ്രത്തിലോ ഒതുങ്ങിനില്‍ക്കേണ്ടതല്ല. മറിച്ചു ലോകം മുഴുവനും, മനുഷ്യരുടെ രാഷ്ട്രീയസന്തുഷ്ടിയെ ലക്ഷ്യം വെക്കുന്ന ഏതൊരു സന്ദര്‍ഭത്തിലും അതിന്റെ സാന്നിദ്ധ്യം ഉണ്ടാവണം. എന്നാല്‍ ഇപ്പോള്‍ത്തന്നെ മറ്റു സര്‍ക്കാരുകള്‍ ശരിയായി നിറവേറ്റികൊണ്ടിരിക്കുന്ന ചുമതലകളൊന്നും ലോകസര്‍ക്കാര്‍ ഏറ്റെടുക്കുവാനോ അനുകരിക്കുവാനോ ഉദ്ദേശിക്കുന്നില്ല. മറ്റ് ഭരണകൂടങ്ങളുമായി ചേര്‍ന്നുള്ള അധികാരവിഭജനമോ സമാന്തരഭരണമോ അവയ്ക്കുപരിയായ അധികാരകുത്തകയോ നമ്മുടെ ലക്ഷ്യമല്ല. എന്നാല്‍ ഇതുകൊണ്ടൊന്നും ലോകസര്‍ക്കാര്‍ മറ്റൊരു സര്‍ക്കാരിനും പുറകിലുമല്ല. ലോകസര്‍ക്കാര്‍ വാസ്തവത്തില്‍ ചെയ്യേണ്ടത്‌, കാര്യങ്ങളെ അതിന്റെ വഴിക്കുവിടുകയും അത്യാവശ്യമുള്ളതില്‍ ഒട്ടും കൂടുതല്‍ നിയമങ്ങള്‍ ഉണ്ടാക്കാതിരിക്കുകയുമാണ്.

ഒരു മനുഷ്യന്‍ മെച്ചപ്പെടുന്നത് നന്മക്കുവേണ്ടി ബോധപൂര്‍വ്വവും തീവ്രവുമായി ആഗ്രഹിക്കുമ്പോഴാണ്. അങ്ങനെ ഒരുവന് വിവേകം ഉണ്ടാകുമ്പോള്‍ അയാള്‍ ബാക്കിയുള്ളവരുടെ ജീവിതത്തില്‍ അനാവശ്യമായി തലയിടാതെ തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരുവന് മനുഷ്യനെന്ന നിലയില്‍ തന്റെ ആന്തരിക ചോദനകള്‍ക്കനുസരിച്ചു ജീവിക്കാനും മറ്റു മനുഷ്യരെ അതിന് അനുവദിക്കാനും കഴിയണം. ഒരാളെ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന മൌലികസ്വഭാവത്തിന്, ആത്മപ്രകാശനത്തിനും വികാസത്തിനും വേണ്ട എല്ലാവിധ അവസരങ്ങളും ഉണ്ടാകണം. ഈ നിയമങ്ങള്‍ വ്യക്തികള്‍ക്കെന്ന പോലെ കൂട്ടായ്മകളുടെയും രാഷ്ട്രങ്ങളുടെയും സവിശേഷസ്വഭാവങ്ങളെ സംബന്ധിച്ചും  പ്രസക്തമാണ്. ചിന്നിച്ചിതറികിടക്കുന്ന വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ ആദര്‍ശങ്ങളെ പിന്തുടരട്ടെ. അങ്ങനെ സമൂഹത്തിലെ എല്ലാ കൂട്ടായ്മകളും സ്ഥാപനങ്ങളും ഒരേ നിയമങ്ങള്‍ പിന്തുടരുമ്പോള്‍ ലോകസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ലോകക്രമം സാദ്ധ്യമാവും. അതല്ലാതെ അനാവശ്യമായ കര്‍മ്മപരിപാടികളൊന്നും നമുക്ക് ആവശ്യമില്ല. മുഴുവന്‍ മനുഷ്യരുടെയും ബോധപൂര്‍വമായ സഹകരണത്തിലൂടെയും തിരിച്ചറിവിലൂടെയും ലോകസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പാരമ്യതയില്‍ എത്തുമ്പോള്‍ ഭക്ഷണവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കും ലഭ്യമാവും.

ഓരോ ദിവസത്തേയും ഭക്ഷണം കണ്ടെത്തേണ്ട പാവപ്പെട്ട മനുഷ്യര്‍ അതിന് തങ്ങള്‍ക്കുള്ള പ്രകൃതിദത്തമായ സാഹചര്യങ്ങളില്‍നിന്നും മനുഷ്യനിര്‍മ്മിതമായ യാന്ത്രികനിയമങ്ങളാല്‍ ഇന്ന് മാറ്റിനിറുത്തപ്പെടുന്നു. അത്തരം നിയമങ്ങള്‍ നിലംപരിശാക്കപ്പെടണം. ദേശാഭിമാനത്തിന്റെയും മറ്റും പേരുപറഞ്ഞ് ചെറുതും വലുതുമായ രാജ്യങ്ങള്‍ ഉണ്ടാക്കുന്ന അനാവശ്യനിയമങ്ങള്‍ ഇന്ന് യാത്രകളെ കൂടുതല്‍ കൂടുതല്‍ ദുഷ്കരമാക്കുന്നു. അതേ സമയം അന്താരാഷ്ട്ര നിയമങ്ങളുടെ പേരില്‍ ഒരു രാജ്യത്തിലെ അന്യായമായ വ്യവസ്ഥിതി വിദേശരാജ്യങ്ങളിലെ സൈന്യത്തിന്റെ പിന്തുണയോടെ നിലനിറുത്തപ്പെടുന്ന സാഹചര്യങ്ങളുമുണ്ട്. വാസ്തവത്തില്‍, ദേശീയതയ്ക്ക് ജാതീയതയോടും മതഭ്രാന്തിനോടും ഏറെ സാദൃശ്യമുണ്ട്. ഇത്തരം  സങ്കുചിതത്വങ്ങളുടെ ഊരാകുടുക്കുകളില്‍പ്പെട്ട് ലോകംതന്നെ വലിയൊരു തടവറയായി മാറിയിരിക്കുന്ന മനുഷ്യര്‍ക്ക് രക്ഷ വേണമെങ്കില്‍, ശാസ്ത്രീയമായും വിമര്‍ശനാത്മകമായും രൂപപ്പെടുത്തിയ തത്വശാസ്ത്രവും മതസങ്കല്പവും അത്യാവശ്യമാണ്.

1948-ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനരേഖ, നീതിയുക്തവും എന്നാല്‍ ഇതുവരെ നടപ്പില്‍ വരാത്തതുമായ ആഗോളമാനമാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ചെറുതും വലുതുമായ പല രാഷ്ട്രങ്ങളും ഈ രേഖ അംഗീകരിച്ചിട്ടുമുണ്ട്. വിവിധ ഭരണകൂടങ്ങളോട് ഈ ഉടമ്പടി വേണ്ടവിധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ അവരവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്നു മാത്രമാണ് ലോകസര്‍ക്കാര്‍ പറയുന്നത്.

ലോകസര്‍ക്കാരിനു വിപുലമായ പ്രവര്‍ത്തനസാദ്ധ്യതകളുള്ള മറ്റൊരു മേഖല വികേന്ദ്രീകരണമാണ്. അതായത്, ഓരോ സാഹചര്യത്തിന്റേയും പരസ്പരാശ്രിതമായ വൈരുദ്ധ്യങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുക. ഉദാഹരണത്തിന്, അദ്ധ്വാനത്തെ യാതനയാക്കുന്നത് മൂലധനമാണ്. വന്‍കിട വ്യവസായശാലകളാണ് ചേരികളെ ഉണ്ടാക്കുന്നത്. വിവേചനബുദ്ധിയില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണ് യാചനക്കു കാരണം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ മൂന്നാമതൊരു കേന്ദ്രത്തില്‍ നിന്ന് ശിക്ഷാനടപടികളോ പരിഷ്കാരങ്ങളോ വരേണ്ടതില്ല.

വിശ്വപൌരനും മനുഷ്യരാശിയും

ഈ പത്രികയ്ക്ക് അടിസ്ഥാനമായിരിക്കുന്ന രാഷ്ട്രീയസിദ്ധാന്തം എന്താണെന്ന് ചോദിച്ചാല്‍ ആദ്യമേ പറയാവുന്ന ഒരു കാര്യം, ലെസ്സസ്‌ ഫെയര്‍ (laissez faire)സിദ്ധാന്തവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ്. “കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍” എന്ന രീതിയുമായി നമുക്കത്രപോലും അടുപ്പമില്ല. “പരമാവധി ആളുകളുടെ പരമാവധി സന്തോഷം” എന്ന ബെന്ത്യമിന്‍ സിദ്ധാന്തവും ഈ പത്രികയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു നിരക്കുന്നതല്ല. വാസ്തവത്തില്‍ നമ്മള്‍ സംഖ്യാപരമായി ചിന്തിക്കുന്നേയില്ല. അങ്ങനെയായാല്‍ യാന്ത്രികവും പക്ഷപാതപരവുമായ പ്രവര്‍ത്തികളിലാവും നാം ചെന്നെത്തുക. ലോകസര്‍ക്കാരിന്റെ സമന്വയദര്‍ശനത്തില്‍ അതിന്റെ രാഷ്ട്രീയം ഒരേ സമയം രാഷ്ട്രീയവും അരാഷ്ട്രീയവുമാണെന്ന് പറയാം. രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന രാഷ്ട്രീയമായും ഇതിനെ കാണാവുന്നതാണ്.

മനുഷ്യരാശിയുടെ പൊതുവായ നന്മയെ പ്രതിനിധീകരിക്കുന്ന വിശ്വപൌരനും മനുഷ്യസമൂഹവും തമ്മിലുള്ള ഉടമ്പടിയാണ് ലോകസര്‍ക്കാരിന്റെ അടിസ്ഥാനം. രണ്ടായി തിരിച്ചുപ്പറയുന്നുവെങ്കിലും മനുഷ്യരാശിയുടെ പരിപൂര്‍ണ്ണമായ സുഖം-നന്മ-നീതി എന്ന നാണയത്തിന്റെ രണ്ടുവശങ്ങളായി വേണം ഇവയെ മനസ്സിലാക്കാന്‍. ലോകസര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വം ലോകത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിന് പുതുതും സമഗ്രവുമായ ജീവിതദര്‍ശനം മുന്നോട്ടുവെക്കുക എന്നതാണ്. ഇത് സാദ്ധ്യമായാല്‍ ലോകത്തില്‍ കൂടുതല്‍ കൂടുതല്‍ വിശ്വപൌരന്മാര്‍ ഉണ്ടാവും. ഒരേ സമയം പൊതുവായ നന്മയേയും ഓരോരുത്തരുടെ നന്മയേയും പ്രതിനിധീകരിക്കുന്ന ഇവര്‍ തങ്ങള്‍ക്കു സന്തോഷം തരുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിനൊപ്പം എല്ലായ്പ്പോഴും സഹജീവികളുടെ സന്തുഷ്ടിക്കായും പ്രയത്നിക്കും. വിരുദ്ധതാല്‍പ്പര്യങ്ങള്‍ക്കിടയിലെ അവരുടെ നിഷ്പക്ഷതയാല്‍ സമൂഹത്തില്‍ വ്യക്തിയുടെ മൂല്യം വര്‍ദ്ധിക്കും. അങ്ങനെയുള്ള വ്യക്തികള്‍ക്ക് തങ്ങളുടെ ചുറ്റുപാടുകളില്‍ ഗുണപരമായ സ്വാധീനശേഷിയും ഉണ്ടായിരിക്കും.

പഴയകഥകളിലെ ധീരനായ പോരാളിയെപ്പോലെ മനുഷ്യരാശിയോടുള്ള സ്നേഹത്താല്‍ അയാള്‍ എപ്പോഴും യഥാര്‍ത്ഥ സാഹസികപ്രവര്‍ത്തികള്‍ അന്വേഷിക്കും. പരമമായ ഒരു ആദര്‍ശത്തിനായി സ്വയം സമര്‍പ്പിക്കുന്നതിലൂടെ വ്യക്തിയെന്ന നിലക്കും, സഹജീവിയെന്ന നിലക്കും തന്റെ അവകാശങ്ങളേയും ഉത്തരവാദിത്വങ്ങളേയും അയാള്‍ ശരിയായി അഭിമുഖീകരിക്കുന്നു. ഒരാള്‍ അങ്ങനെയൊരു നിലപാടെടുക്കുമ്പോള്‍ മനുഷ്യരാശിയെ മുഴുവന്‍ സേവിക്കുവാനുള്ള എത്രയെങ്കിലും അവസരങ്ങള്‍ അയാളെ തേടിയെത്തും. ഇത്തരം വിശ്വപൌരന്മാരെ തങ്ങളുടെ പ്രതിനിധികളായി ലോകം മുഴുവന്‍ സൃഷ്ടിക്കാനാകുന്നതിനെ ആശ്രയിച്ചാണ് ലോകസര്‍ക്കാരിന്റെ വിജയം നിലനില്‍ക്കുന്നത്. ഇവരാണ് ലോകസര്‍ക്കാരിന്റെ മൂലക്കല്ലും ഏറ്റവും വിലപിടിച്ച സമ്പത്തും.

അങ്ങനെയുള്ള ഒരാള്‍ക്ക്‌ തന്റെ ആദര്‍ശത്തിന്റെ വിജയത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടായാല്‍ അയാള്‍ ഇപ്പോഴെവിടെയാണോ അവിടെനിന്നുതന്നെ അയാള്‍ക്കത് തുടങ്ങാവുന്നതാണ്. ഉദാഹരണത്തിന് ഒരാള്‍ ജനപ്രതിനിധിയാണെങ്കില്‍ ലോകസര്‍ക്കാരിന്റെ ആദര്‍ശങ്ങളെ മുന്‍നിറുത്തി അയാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതും സുസ്ഥിരനയങ്ങളെ പിന്തുണയ്ക്കാവുന്നതുമാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെല്ലാം, തങ്ങള്‍ പിന്തുടരുന്നത് സാര്‍വത്രികമായ മാനദണ്ഡങ്ങളെയാണെന്നതിനാല്‍ തങ്ങള്‍ ഇപ്പോഴുള്ള പ്രസ്ഥാനങ്ങളില്‍ തുടര്‍ന്നുകൊണ്ടുതന്നെ ലോകസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാവുന്നതാണ്. പുതിയ രാഷ്ട്രങ്ങള്‍ ഇപ്പോഴും ഉണ്ടാവുന്നുണ്ട്; അവയ്ക്കു പുതിയ ഭരണഘടനകളും ആവശ്യമുണ്ട്. ഏകലോകദര്‍ശനത്തെ മുന്‍നിറുത്തി അവര്‍ക്ക്‌ തങ്ങളുടെ ഭരണഘടനകള്‍ക്ക് രൂപം കൊടുക്കാവുന്നതാണ്. അങ്ങനെയാവുമ്പോള്‍ ഭാവിയിലെ മാറിയ സാഹചര്യത്തില്‍ സ്വയം തകരുന്നതില്‍നിന്ന് അവര്‍ രക്ഷപ്പെടും.

സ്വാധീനമുള്ള പദവികളിലെ മനുഷ്യര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ലോകസര്‍ക്കാരിന്റെ പ്രവര്‍ത്തനപദ്ധതികള്‍ പഠിക്കുകയും  സാധ്യമാവുന്നതു പോലെ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. കലയിലും സംസ്കാരത്തിലും ജ്ഞാനസമ്പ്രദായങ്ങളിലുമുള്ള മികച്ചതെല്ലാം സംരക്ഷിക്കപ്പെടണം. ദാന്തെയും ഷേക്സ്പിയറും കാളിദാസനും മനുഷ്യരാശിയുടെ പൊതുസ്വത്താണ്; അവര്‍ ഏതെങ്കിലും പ്രത്യേകരാജ്യങ്ങളില്‍ ആയിരുന്നുവെന്നത് യാദൃശ്ചികം മാത്രമാണ്. അറിവ് വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നതിലൂടെ സമൂഹത്തിലെ ഏറ്റവും അടിതട്ടിലുള്ളവരുടേതടക്കം താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കപ്പെടുന്നു.

കൂടുതല്‍ കൂടുതല്‍ നികുതികള്‍ കര്‍ഷകരില്‍ അടിച്ചേല്‍പ്പിക്കുന്ന ഇന്നത്തെ ഏര്‍പ്പാടിനു പകരം ലോകസര്‍ക്കാര്‍ കര്‍ഷകരെ ആദരിക്കണം. ചൂഷണവും മത്സരവും ഉണ്ടാക്കുന്ന ദുരിതം കുറയ്ക്കുവാന്‍ ലോകസര്‍ക്കാരിനു സ്വയംപര്യാപ്ത – സഹകരണാധിഷ്ഠിത  കൂട്ടായ്മകള്‍ ആരംഭിക്കാവുന്നതാണ്. ഇസ്രയേലിലുള്ള ‘കിബുട്സ്’ അത്തരമൊരു കൂട്ടായ്മയാണ്. കരിഞ്ചന്തക്കാരെ ഒഴിവാക്കാന്‍ ഉതകുന്ന സഹകരണഷോപ്പുകളും ലോകസര്‍ക്കാരിനു തുടങ്ങാം.

ലോകസര്‍ക്കാര്‍ അതിന്റെ കാഴ്ച്ചപ്പാടുകള്‍ യാതൊരു വിട്ടുവീഴ്ച്ചയും സംശയവുമില്ലാതെ, വ്യക്തമായും ആധികാരികമായും വിളംബരം ചെയ്യേണ്ടതാണ്. അങ്ങനെ സത്യം പുലരുവാനുള്ള സാഹചര്യം ഉണ്ടാവണം. ഏകപക്ഷീയമായ ഒത്തുതീര്‍പ്പുകളാണ് മനുഷ്യരാശിയെ ഇന്ന് ദുര്‍ബ്ബലമാക്കുന്നത്. ലോകസര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ പൊതുജനശ്രദ്ധയെ ആകര്‍ഷിക്കുമ്പോള്‍ അത് മനുഷ്യരാശിയുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങളെ നിരന്തരം തുറന്നു കാണിക്കുകയും, അങ്ങനെ മാനവരാശിയുടെ മനഃസാക്ഷിയെ പ്രതിനിധീകരിക്കുകയും ചെയ്യും. ഈ ദൌത്യത്തിനിടയില്‍ നിലവിലുള്ള ഏതെങ്കിലും അധികാരകേന്ദ്രങ്ങളുടെ ചട്ടുകങ്ങളായി മാറാതിരിക്കുവാനും നമ്മള്‍ ശ്രദ്ധിക്കണം. അത്തരക്കാരുടെ എന്തെങ്കിലും സഹായം വേണ്ടിവന്നാല്‍ത്തന്നെ, പിശകുകള്‍ ചൂണ്ടികാണിക്കുന്നതിലുള്ള നമ്മുടെ നിഷ്പക്ഷത സംശയാതീതമായിരിക്കണം. അനാവശ്യ മാദ്ധ്യമശ്രദ്ധയും പ്രശസ്തിയും ഒഴിവാക്കേണ്ട കാര്യങ്ങളാണ്. ആവശ്യമെങ്കില്‍ ലോകസര്‍ക്കാരിന് അതിന്റെ ആശയങ്ങളുടെ കൃത്യമായ പ്രകാശനത്തിന് സ്വന്തമായി മാദ്ധ്യമങ്ങള്‍ തുടങ്ങാവുന്നതുമാണ്.

ഐക്യരാഷ്ട്രസഭയും മറ്റ് ആഗോളസമിതികളും

ഇപ്പോള്‍ത്തന്നെ ആഗോളമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുമായി ചേര്‍ന്ന് നമ്മള്‍ പ്രവര്‍ത്തിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമാണ്. പ്രശ്നങ്ങളോടുള്ള അവരുടെ സമീപനം അടിസ്ഥാനപരമായി നിഷേധാത്മകമോ ഏകപക്ഷീയമോ ആയതുകൊണ്ട് എന്നതാണ് ഉത്തരം. “നിഷേധാത്മകത” എന്നതുകൊണ്ട്  ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കാന്‍ നമുക്ക് രാജ്യങ്ങള്‍ക്കിടയിലെ സമാധാന – നിരായുധീകരണ ഉടമ്പടികളുടെ കാര്യമെടുക്കാം. പലപ്പോഴും ഇത്തരം ഉടമ്പടികള്‍ ഉണ്ടാകുന്നത് ഏതെങ്കിലും രാജ്യങ്ങള്‍ക്ക് തങ്ങള്‍ അടുത്തയിടെ നടത്തിയ യുദ്ധത്തെക്കുറിച്ചുള്ള കുറ്റബോധത്തില്‍നിന്നോ, വരാനിരിക്കുന്ന യുദ്ധത്തെക്കുറിച്ചുള്ള ഭയത്തില്‍നിന്നോ ആണ്. അത്തരം സന്ദര്‍ഭങ്ങളില്‍ അതിനനുകൂലമായ ജനവികാരവും നിലനില്‍ക്കുന്നുണ്ടാവും. ഈ അവസരം മുതലെടുത്ത് പെട്ടെന്ന് പ്രശ്നപരിഹാരം വാഗ്ദാനം ചെയ്യുന്നവര്‍ വിവിധ രാഷ്ട്രങ്ങളില്‍നിന്ന് ധാരാളം പണം കൈക്കലാക്കുന്നു. കുറച്ചുനാള്‍ കഴിയുമ്പോള്‍ രാജ്യങ്ങളുടെ ഭയവും കുറ്റബോധവും ഇല്ലാതാകും. വാഗ്ദാനം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട സമിതി മാറുകയും നയപരിപാടികളില്‍ ഭേദഗതികളോടെ പുതിയൊരു സംഘടന അവതരിക്കുകയും ചെയ്യും. ലീഗ് ഓഫ് നേഷന്‍സ് മാറി ഐക്യരാഷ്ട്രസഭ ഉണ്ടാകുന്നത് ഇങ്ങനെയാണ്. ലോകസമാധാനം നിലനിറുത്തുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ പരാജയം വ്യക്തമാകുന്ന സന്ദര്‍ഭത്തില്‍ സഭയ്ക്കും ലീഗ് ഓഫ് നേഷന്‍സിന്റെ ഗതികേടു സംഭവിക്കും.

പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും നിരായുധീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഐക്യരാഷ്ട്രസഭയ്ക്ക് യാതൊന്നും ചെയ്യാനായിട്ടില്ല. വാസ്തവത്തില്‍ സഭ ഇന്ന് വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ക്ക് പരസ്പരം ചെളിവാരിയെറിയുവാനുള്ള ഒരു ‘മാന്യ’വേദിയാണ്. സഭയുടെ ഘടനപോലും ശക്തരായ രാഷ്ട്രങ്ങള്‍ക്ക് അത്ര ശക്തരല്ലാത്ത രാഷ്ട്രങ്ങളുടെ മേല്‍ മേധാവിത്വം നല്കുന്ന തരത്തിലാണ്; ചില രാഷ്ട്രങ്ങള്‍ക്കുള്ള വീറ്റോ അധികാരംതന്നെ ഉദാഹരണം. ഇത്തരം രീതികളെയാണ് “എകപക്ഷീയത” എന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുനത്. കൂടാതെ സഭയിലെ പ്രവേശനം, അംഗത്വത്തില്‍ തുടരല്‍, പുറത്താക്കല്‍ തുടങ്ങിയവയ്ക്കൊന്നും ഏകീകൃതമാനദണ്ഡങ്ങളോ ശാസ്ത്രീയ അടിസ്ഥാനമോ ഇല്ല.

ഐക്യരാഷ്ട്രസഭയെ കൂടാതെ വേറെയും ആഗോളസംഘടനകളുണ്ട്. കത്തോലിക്കാസഭ, കമ്യുണിസ്റ്റ്‌ പാര്‍ട്ടി തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. പലവിധ ഏകപക്ഷീയതകളും അശാസ്ത്രീയതയും കൊണ്ട് ഇവയും ലോകസര്‍ക്കാരിന്റെ രീതികളോട് യോജിച്ചുപോവുകയില്ല.

ത്യാഗത്തിന്റെ  അനിവാര്യത

മനുഷ്യരുടെ ഒരുമ ഇന്ന് ഒരു സ്വപ്നമാണ്. ഈ സ്വപ്നം മുഴുവന്‍ മനുഷ്യരാശിയും ഏറ്റെടുക്കണമെങ്കില്‍ ആ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ അധികാരമോഹികളോ ദുരാഗ്രഹികളോ അല്ലെന്ന് ജനങ്ങള്‍ക്കു ബോദ്ധ്യമുണ്ടാകണം. ത്യാഗത്തിലൂടെ മാത്രമേ നമ്മള്‍ വിഭാവനം ചെയ്യുന്ന ഏകലോകം സാധ്യമാവുകയുള്ളൂ എന്ന് അതിനായി നിലകൊള്ളുന്ന വിശ്വപൌരന്മാര്‍ തിരിച്ചറിയണം. അങ്ങനെയുള്ള ത്യാഗം വെറും ഉപരിപ്ലവമോ ആചാരപരമോ ആയാല്‍ പോര. തന്നില്‍ത്തന്നെ തൃപ്തനായിരിക്കുമ്പോഴാണ് മനുഷ്യന്‍ വളര്‍ച്ചയുടെ പൂര്‍ണ്ണതയില്‍ എത്തുന്നത്. ഈ സ്വയംപര്യാപ്തമായ സന്തുഷ്ടി ഒരുവന് ലഭിക്കുക താന്‍ തന്നെക്കുറിച്ചു ചെയ്യുന്ന മനനത്തില്‍നിന്ന്, ആത്മവിചാരത്തില്‍നിന്നു മാത്രമാണ്. അത് ജാതി-മത-ലിംഗ-ദേശകാല ഭേദങ്ങളൊന്നുമില്ലാതെ എല്ലാ മനുഷ്യര്‍ക്കും പ്രാപ്യമാണ്. ഏറ്റവും എളിയവനും ആത്മജ്ഞാനത്തിന്റെ പാതയില്‍ സഞ്ചരിക്കാം.

അങ്ങനെ, ഒരു വിശ്വപൌരനാകുവാന്‍ നമ്മള്‍ ഓരോരുത്തരും ദാഹം തീര്‍ക്കേണ്ടതായ ജ്ഞാനത്തിന്റെ ഉറവിടത്തെക്കൂടി പരാമര്‍ശിച്ചുകൊണ്ട് ലോകസര്‍ക്കാരിന്റെ പ്രകടനപത്രിക അതിന്റെ എല്ലാ കുറവുകളോടുംകൂടി മുഴുവന്‍ മനുഷ്യസ്നേഹികള്‍ക്കും  സമര്‍പ്പിക്കുന്നു. അവരിത് തികഞ്ഞ ആത്മാര്‍ഥതയോടും അലിവോടുംകൂടി പരിഗണിക്കുമെന്ന് കരുതട്ടെ. ഈ പത്രിക പ്രസക്തമല്ലെന്നു കരുതുന്നവര്‍ അവരുടെ ഇടപെടലുകളില്‍നിന്നും കുറ്റപ്പെടുത്തലുകളില്‍നിന്നും ലോകസര്‍ക്കാരിന്റെ പ്രവര്‍ത്തകരെ ഒഴിവാക്കുകയെങ്കിലും ചെയ്യുക. ഈ പ്രാര്‍ഥനയോടെ ജ്ഞാനത്തേയും മനുഷ്യരാശിയേയും സ്നേഹിക്കുന്നവര്‍ക്കായി പത്രിക കൈമാറട്ടെ.