ഏകമതം – നടരാജഗുരു

(നടരാജഗുരുവിന്റെ one-religion എന്ന ലേഖനത്തിന്റെ പരിഭാഷ)

കുറേ ആളുകള്‍ ചില പ്രത്യേക വിശ്വാസ-ആചാരങ്ങളെ പിന്തുടരുന്ന സമ്പ്രദായത്തെ നമുക്ക് മതം എന്നു വിളിക്കാം. മതത്തില്‍ വിശ്വാസവും പ്രവര്‍ത്തിയും ഒരുമിക്കുന്നു. എന്നാല്‍, ഈ വിശ്വാസികളില്‍ ഒരു കൂട്ടര്‍ ഞായറാഴ്‌ചകളിലും മറ്റൊരു കൂട്ടര്‍ ശനിയാഴ്ചകളിലുമാണ് പള്ളിയില്‍ പോകുന്നതെങ്കില്‍ രണ്ടു കൂട്ടരുടെയും മതാചാരങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉള്ളതായി നമുക്ക് മനസ്സിലാക്കാം. ഈ വ്യത്യാസം ബോധ്യപ്പെട്ടു കഴിഞ്ഞാല്‍ രണ്ടു കൂട്ടരോടും അവരുടെ ആചാരങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിക്കാനും, വ്യത്യസ്ത മതവിഭാഗങ്ങളില്‍ ഏതിലെങ്കിലും നമുക്കവരെ ഉള്‍പ്പെടുത്താനും കഴിയും. ഒരു കൂട്ടര്‍ക്കിടയില്‍ ഇല്ലാത്ത വിശ്വാസാചാരങ്ങള്‍ അവരില്‍ ആരോപിക്കുവാന്‍ നമുക്ക് യാതൊരു അവകാശവും ഇല്ല. ത്രിത്വവിശ്വാസികള്‍ ദൈവികതയുടെ മൂന്നു മാനങ്ങളില്‍ വിശ്വസിക്കുന്നതായി നമ്മോടു പറയുമ്പോള്‍, ഏകത്വവിശ്വാസികള്‍ അതു നിഷേധിച്ചിട്ട് തങ്ങള്‍ ഒന്നില്‍ മാത്രം വിശ്വസിക്കുന്നതായി പറയും. നമ്മള്‍ ഇരുകൂട്ടരേയും കൂട്ടികലര്‍ത്താതെ വ്യത്യസ്ത മതവിഭാഗങ്ങളായി പരിഗണിക്കുന്നത് തികച്ചും ന്യായമായിരിക്കും.

ഏതൊരു മതത്തിന്റെയും സവിശേഷസ്വഭാവങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍ ആ മതത്തെ വസ്തുനിഷ്ഠമായോ (objective) ആത്മനിഷ്ഠമായോ (subjective) വിലയിരുത്തേണ്ടതുണ്ട്. അതായത്‌, മതങ്ങളെ ഒന്നുകില്‍ അവയുടെ ബാഹ്യമായ ആചാരങ്ങളെ മുന്‍നിറുത്തിയോ അല്ലെങ്കില്‍ ആന്തരികമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലോ നമുക്ക് വിശകലനം ചെയ്യാം. എന്നാല്‍  ഒരാള്‍ പറയുകയാണ്‌ “ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു; എന്നാല്‍ ഞാന്‍ പള്ളിയില്‍ പോകുന്നില്ല, എന്റെ വിശ്വാസത്തിനു നിരക്കുന്ന രീതിയിലൊന്നും ജീവിക്കുന്നുമില്ല”. ഇയാളെ നമുക്ക് ഒരു മതത്തിലും പെടുത്താനാവില്ല; പരമാവധി നമുക്കയാളെ ഒരു കപടവിശ്വാസിയായി പരിഗണിക്കാം.

മതങ്ങളുടെ വര്‍ഗ്ഗീകരണം

വ്യത്യസ്ത മതപ്രസ്ഥാനങ്ങളേയും അതിന്റെ വിശ്വാസികളെയും വിശകലനം ചെയ്തു വേര്‍തിരിക്കുന്ന ഈ രീതി മനസ്സില്‍വെച്ച്   ലോകത്തൊട്ടാകെയുള്ള മതവിഭാഗങ്ങളിലേക്കു നോക്കിയാല്‍ നമുക്കവയെ രണ്ടായി തിരിക്കാനാവും. അനുയായികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആശ്വാസമോ സുഖമോ വാഗ്ദാനം ചെയ്യാത്ത ഒരു മതവുമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു മതത്തിനും അസന്തുഷ്ടി ആത്യന്തിക ലക്ഷ്യമോ ആദര്‍ശമോ ആയി കരുതാന്‍ നിവര്‍ത്തിയില്ല. കാരണം അസന്തുഷ്ടിക്കായി ആരും ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും, അസന്തുഷ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചു പറയാനിടയുള്ള ചില കിറുക്കന്മാരെ നമുക്കു കണ്ടെത്താനാവും. എന്നാല്‍ അങ്ങനെയൊരു നിഷേധാത്മകമൂല്യം കാര്യഗൗരവമുള്ള ഏതെങ്കിലും മതവിഭാഗത്തെ പ്രചോദിപ്പിക്കുന്നതായി കരുതാന്‍ നിവര്‍ത്തിയില്ല. ഇങ്ങനെ ഏതു മതവിഭാഗത്തേയും പ്രചോദിപ്പിക്കുന്ന പൊതു ആദര്‍ശം അഥവാ ലക്ഷ്യം സുഖമാണെന്ന് നമ്മള്‍ സമ്മതിക്കുമ്പോള്‍, അതിനൊപ്പം നാം അംഗീകരിക്കുന്ന കാര്യമാണ് മനുഷ്യരെ സംബന്ധിച്ച് ഏതെങ്കിലും രീതിയില്‍ പ്രസക്തമായ മൂല്യങ്ങളിലാണ് മതങ്ങളെല്ലാം തങ്ങളുടെ വിശ്വാസത്തെ പ്രതിഷ്ഠിക്കുന്നതെന്ന്. അങ്ങനെ ബുദ്ധമതവിശ്വാസികള്‍ നിര്‍വാണത്തെക്കുറിച്ചും, ക്രിസ്ത്യാനികള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂര്‍ണ്ണനാകാനാവുന്ന നിത്യജീവിതത്തെക്കുറിച്ചും പറയുന്നു. പുനര്‍ജന്മത്തില്‍നിന്നും രക്ഷപ്പെടലാണ് ഹിന്ദുക്കള്‍ക്കു മോക്ഷം. ഇസ്ലാം മതവിശ്വാസിയാകട്ടെ പരമോന്നതനായ അല്ലാഹുവിന്റെ ഇച്ഛ അനുസരിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അയാള്‍ക്ക്‌ അന്ത്യവിധിദിനത്തില്‍ അല്ലാഹുവിനെ പ്രീതിപ്പെടുത്താനും അല്ലാഹുവിന്റെ കോപത്തില്‍നിന്നു രക്ഷപ്പെടാനും കഴിയും. യഹോവയും ജൂപ്പിറ്ററും (സ്യൂസ്) മറ്റു ചില പ്രവാചകമതങ്ങളുടെ പരമദൈവങ്ങളാണ്. ഭാവിയിലെ അന്ത്യവിധിദിനത്തില്‍ ദൈവത്തിന്റെ മുന്‍പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്നു വിശ്വസിക്കുന്ന മതങ്ങളാണ് പ്രവാചകമതങ്ങള്‍. ഇക്കൂട്ടത്തില്‍ ചില മതങ്ങള്‍ അന്ത്യവിധിദിനത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവയാണ്.

ഭാവിയെ കൂടുതല്‍ കണക്കിലെടുക്കുന്ന ഈ രീതിയില്‍നിന്ന് വ്യത്യസ്തമായി പഴയ കാലത്തെ ആചാരസമ്പ്രദായങ്ങളെ അതേപടി പിന്തുടരുന്ന മതങ്ങളേയും നമുക്ക് കാണാനാവും. ഇത്തരം വിഭാഗങ്ങളിലുള്‍പ്പെട്ടവരെ പലപ്പോഴും പ്രാകൃതരെന്നോ അവിശ്വാസികളെന്നോ വിളിച്ചുപോരുന്നു. സത്യവിശ്വാസികളായി സ്വയം കരുതുന്നവരെ സംബന്ധിച്ചു ഇവര്‍ നിന്ദിക്കപ്പെടെണ്ടവരാണ്. ഏതായാലും ഇങ്ങനെ നമ്മള്‍ മതജീവിതത്തിലെ രണ്ടു പ്രധാനവിഭാഗങ്ങളെ തിരിച്ചറിയുന്നു; അന്ത്യവിധി ദിനത്തില്‍ വിശ്വസിക്കുന്നവരും, ഭാവിയിലെ അങ്ങനെയൊരു സംഭവത്തിനു വലിയ പ്രാധാന്യം കൊടുക്കാത്തവരും. ഇവരെ നമുക്ക് യഥാക്രമം പ്രവാചകമതങ്ങളെന്നും ഗോത്രമതങ്ങളെന്നും വിളിക്കാം.

കൂടുതല്‍ തിരിവുകള്‍

പ്രവാചകമതങ്ങളും ഗോത്രമതങ്ങളും തമ്മില്‍ പ്രാഥമികമായ ഈ വേര്‍തിരിവു നടത്തിയശേഷം സുഖമെന്ന മൂല്യത്തെ ലക്ഷ്യംവെക്കുന്ന അവരുടെ ആചാരവിശ്വാസങ്ങളെ നമുക്ക് കൂടുതല്‍ പരിശോധിക്കാം. ഗോത്രവര്‍ഗ്ഗക്കാരെന്നു വിളിക്കപ്പെടുന്നവരില്‍ത്തന്നെ വെളിച്ചത്തിനും അറിവിനും പകരം ഭൌതികവസ്തുക്കളെയും പ്രകൃതിശക്തികളെയും ആരാധിക്കുന്നവരെ നമുക്ക് കാണാനാവും. സകലതിലും ജീവനുണ്ടെന്നു വിശ്വസിക്കുന്ന അനിമിസ്റ്റുകളായോ (animists) ഭൌതികവാദികളായോ (materialists)അവര്‍ അറിയപ്പെടുന്നു. സോക്രട്ടീസ്‌പൂര്‍വ കാലഘട്ടത്തിലെ അയോണിയന്‍ (ionian), എലിയാറ്റിക്‌ (eleatic)തത്വചിന്തകന്മാര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ്. ഇതിനു വിരുദ്ധമായി, വെറും ഗണിതശാസ്ത്രതത്വങ്ങളെയോ മൂല്യങ്ങളെയോ മഹത്വവല്ക്കരിക്കുന്നുവെന്ന പേരില്‍ പൈതഗോറസിനോട് അന്നത്തെ അഥീനിയക്കാര്‍ മോശമായാണ് പെരുമാറിയിരുന്നത്.

അറിവിനേക്കാള്‍ പദാര്‍ത്ഥത്തിനു (matter)പ്രാധാന്യം കൊടുത്തിരുന്ന വേറെയും വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. തത്വശാസ്ത്രപരമായി അവര്‍ ഹൈലോസോയ്സ്റ്റുകള്‍ (hylozoists)എന്നറിയപ്പെടുന്നു. സ്വന്തം ജീവിതം ക്രമീകരിക്കുന്നതില്‍ താത്വികമൂല്യങ്ങളെയൊന്നും അവര്‍ പരിഗണിച്ചിരുന്നില്ല; പദാര്‍ത്ഥത്തിനായിരുന്നു പ്രധാന്യം. ഇങ്ങനെ തയില്‍സില്‍ (Thales)തുടങ്ങി ഹെരാക്ലീറ്റസിലൂടെ (Heraclitus) അഗ്രിജെന്‍റ്റത്തിലെ എമ്പെഡോക്ലസ് (Empedocles of Agrigentum)വരെ അടിസ്ഥാനപരമായി ഭൌതികവാദികളായിരുന്ന അനിമിസ്റ്റുകളുടെയും ഹൈലോസോയിസ്റ്റുകളുടെയും ഒരു നീണ്ട നിരതന്നെ നമുക്കുണ്ട്. ഇക്കൂട്ടരെ നാം അണിനിരത്തേണ്ടത് പ്ലേറ്റോയും അരിസ്റ്റോട്ടിലും പോലുള്ള ദാര്‍ശനികരുടെ എതിര്‍ദിശയിലാണ്. തോമിസവും (Thomism) അഗസ്റ്റിയനിസവും (Augustinianism)ഉടലെടുത്തത് അരിയോപാഗയ്റ്റ് ദയോനിസ്യുസില്‍ (Dionysius, the Areopagite)നിന്നും, അലെക്സാണ്ട്രിയയിലെ പ്ലേറ്റോ അനന്തര പ്ലോട്ടിനസത്തില്‍നിന്നുമാണ്.

ക്രിസ്തുമതത്തിന്റേയും ഇസ്ലാം മതത്തിന്റേയും പൊതുപൂര്‍വികനായ അബ്രഹാം വിഗ്രഹാരാധനയെ മോഷണമോ കൊലപാതകമോ പോലെ അങ്ങേയറ്റം നിന്ദ്യമായി കരുതി. ഖുറാന്റെ സമാനമായ വീക്ഷണത്തില്‍ അവിശ്വാസികളെ ആനകളുടെ കാല്‍കീഴിലിട്ട് ഉരുട്ടാവുന്നതാണ്. ഇത്തരം ഏകപക്ഷീയ ആവേശത്തിന്റെ ഉദാഹരണങ്ങളായി ഇന്ത്യയുടെ ചരിത്രത്തിലെ പല സംഭവങ്ങളേയും കാണാനാവും. ഏതായാലും ഹിന്ദുക്കളും ഇരുട്ടിന്റെ ശക്തികളെക്കാള്‍ വെളിച്ചത്തിന്റേയും ജ്ഞാനത്തിന്റേയും പ്രതിനിധിയായ ദൈവത്തിന് പ്രാധാന്യം കൊടുക്കാതെയില്ല.

അവിശ്വാസവും വിശ്വാസവും

ഇനി നമ്മള്‍ മറുവശത്തേക്ക് കണ്ണോടിച്ച് ശാസ്ത്രീയനിലപാടും മതവിശ്വാസവും തമ്മിലുള്ള ബന്ധത്തെ പരിശോധിച്ചാല്‍ നമുക്ക് എളുപ്പം കാണാവുന്ന കാര്യമാണ് വിശ്വാസത്തിന്റെയും, അവിശ്വാസമെന്ന് അറിയപ്പെടുന്ന ശാസ്ത്രത്തിന്റേയും ഭാഗത്ത് ഒരുപോലെ ധാരാളം രക്തസാക്ഷികള്‍ ഉണ്ടെന്നത്. വിശ്വാസത്തിന്റെ പേരില്‍ റോമാന്‍കാരാല്‍ വേട്ടയാടപ്പെട്ട ആദിമക്രിസ്ത്യാനികളെപ്പോലെ ജിയോര്‍ദാനോ ബ്രൂണോയും (Giordano Bruno) ഗലീലിയോ ഗലീലിയും (Galileo Galilei)ആധുനികശാസ്ത്രത്തിന്റെ രക്തസാക്ഷികളാണ്. ഇങ്ങനെ വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും വശങ്ങളില്‍ ഒരുപോലെ രക്തസാക്ഷിത്വം ഉണ്ടെന്നത് വ്യക്തമാക്കുന്നത് ‘ഹോമോസാപ്പിയന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ജീവിവര്‍ഗ്ഗത്തിന്റെ സ്വഭാവത്തില്‍ ഈ രണ്ടുപ്രവണതകളും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നാണ്.

ബുദ്ധമതം അടിസ്ഥാനപരമായി ദൈവശാസ്ത്ര സ്വഭാവമുള്ളതല്ല. എന്നാല്‍ അതിന്റെ വിശ്വാസികള്‍ യുക്തിപരമോ സദാചാരപരമോ ആയ ചില മൂല്യങ്ങളെ ദൈവതുല്യം ആരാധിക്കുന്നില്ലെന്ന് ഇതിനര്‍ത്ഥമില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മതം ദൈവശാസ്ത്രപരമോ യുക്തിപരമോ ആകട്ടെ, അതിന്റെ പ്രാഥമികമായ ഉള്ളടക്കം മനുഷ്യന്റെ സന്തുഷ്ടിക്കു സഹായകരമായ ഒരു ഉന്നതമൂല്യം ആയിരിക്കും. ഓരോ മതവും ഏതെങ്കിലും വിശ്വാസത്തിലൂടെയോ ആചാരത്തിലൂടെയോ ദുഃഖത്തെ ഒഴിവാക്കാനും സുഖത്തെ വാഗ്ദാനം ചെയ്യാനും ആഗ്രഹിക്കുന്നു. ഈ വീക്ഷണത്തില്‍ കമ്മ്യൂണിസത്തെപ്പോലും ഒരു മതമെന്നോ, കുറഞ്ഞപക്ഷം മതസ്വഭാവമുള്ളതെന്നോ പറയാനാവും. സ്വര്‍ഗ്ഗത്തിനു പകരം അത് വാഗ്ദാനം ചെയ്യുന്നത് വര്‍ഗ്ഗരഹിത സമൂഹമോ, തൊഴിലാളിവര്‍ഗ്ഗ സര്‍വാ‍ധിപത്യമോ ആണെന്നു മാത്രം. ഇപ്രകാരം, അവിശ്വാസമെന്നോ യുക്തിസഹമെന്നോ ദൈവാധിഷ്ഠിതമെന്നോ അറിയപ്പെടുന്ന മതങ്ങളെയെല്ലാം നമുക്ക് താരതമ്യം ചെയ്യാനാവും.

എല്ലാ മതങ്ങളുടെയും ചട്ടക്കൂടുകള്‍ക്കുള്ളില്‍ അവ പരമമായി കരുതുന്ന മൂല്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു മാനദണ്ഡം ഉണ്ടായിരിക്കും. തുറന്നതും വസ്തുനിഷ്ഠവും സത്യസന്ധവുമായ സമീപനത്തിലൂടെ യാഥാസ്ഥിതികവും യാഥാസ്ഥിതികവിരുദ്ധവുമായ മതങ്ങള്‍ക്കെല്ലാം ബാധകമായ ഈ ഘടനാപരമായ അനിവാര്യത നമുക്ക് ഭാവനയില്‍ കാണാനാവണം. അപ്പോള്‍ അവിശ്വാസികള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഉന്നത മൂല്യങ്ങളുടെയെല്ലാം താരതമ്യപഠനം നമുക്ക് സാദ്ധ്യമാകും. മതം എന്നത് അങ്ങനെ അവിശ്വാസമെന്ന പേരില്‍ അറിയപ്പെടുന്നതടക്കമുള്ള എല്ലാവിധ മതരൂപങ്ങളേയും ഉള്‍ക്കൊള്ളുന്നതാവും. അവിശ്വാസമെന്നത് ഒരുതരം നിഷേധാത്മക വിശ്വാസമാണ്; മറ്റേതൊരു മതവിശ്വാസത്തെയും പോലെ അതിനും ഭ്രാന്തമാകാനാകും. ഇക്കാര്യത്തില്‍ അതിന്റെ പേരുകൊണ്ടു മാത്രം നാം തെറ്റിദ്ധരിക്കപ്പെടരുത്. വിശ്വാസികള്‍ക്കു തുല്യരായ അവിശ്വാസികളും നേരെ തിരിച്ചുമുണ്ട്.

അന്തര്‍ലീനമായിരിക്കുന്ന ഘടനാപരമായ ഏകത്വം

കറുത്തതും വെളുത്തതും എന്ന് ഭഗവത്ഗീത വിശേഷിപ്പിച്ച, ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിന്റെ ചരിത്രത്തിലുടനീളമുള്ള രണ്ടു വിരുദ്ധപാതകള്‍ക്കിടയില്‍ ഒരു മധ്യമാര്‍ഗം നമുക്ക് സ്വീകരിക്കാനായാല്‍ എല്ലാ മതങ്ങളുടെയും ഹൃദയത്തില്‍ ഒരു വാഗ്ദത്തമൂല്യം ഉള്ളതായി നമുക്ക് കാണാനാവും. ഈ മൂല്യത്തിനായി ഒരുവന്‍ അതത് മതങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും മോശമായി കരുതപ്പെടുന്നവ ഒഴിവാക്കുകയും വേണം. എന്നാല്‍ ഒരു മതം അനാദരിക്കുന്നത് എല്ലായ്പ്പോഴും മറ്റൊരു മതത്തിന് നിന്ദ്യമാവണമെന്നില്ല. ഒരു മുസല്‍മാന് പന്നിമാംസം കഴിക്കുന്നത് നിഷിദ്ധമാണ്; എന്നാല്‍ ഒരു സിഖുകാരന് താന്‍ അങ്ങനെ ചെയ്യുന്നത് അല്‍പ്പം കേമത്തരമായിപ്പോലും തോന്നാം. സിഖുകാരനെ സംബന്ധിച്ച് നീണ്ടമുടി പ്രശംസനീയമാണ്. എന്നാല്‍ മറ്റു രണ്ടു മതങ്ങളില്‍ മുടി വടിക്കുന്നതാണ് ആചാരം. പദാര്‍ത്ഥവും(body) പ്രതിപദാര്‍ത്ഥവും(anti-body)പോലെയാണ് ചരിത്രപരമായി ഇവയുടെ വളര്‍ച്ച. ചിലപ്പോള്‍ ഒരു ചരിത്രസന്ദര്‍ഭംതന്നെ ഇവ രണ്ടിനേയും സൃഷ്ടിക്കും. ഒന്നില്‍ കൂടുതല്‍ ഊന്നുന്നത് മറ്റേതിന്റെ വിത്തു വിതക്കലാവും. അങ്ങനെ വിഗ്രഹാരാധനയും വിഗ്രഹഭഞ്ജനവും പരസ്പരം ചൂടും ചൂരും പകരുകയും അനാവശ്യ വാശികളിലൂടെ കലാപങ്ങള്‍ ആളികത്തിക്കുകയും ചെയ്യുന്നു.

ഇത്തരം വ്യത്യസ്തമായ ഉദാഹരണങ്ങളിലൂടെ നമ്മള്‍ ആകെ ചൂണ്ടികാണിക്കുവാന്‍ ആഗ്രഹിക്കുന്നത്, ഏകപക്ഷീയമായ ആവേശങ്ങളും പെരുപ്പിക്കലുകളും ഒഴിവാക്കിയുള്ള മതജീവിതത്തിന്റെ സാദ്ധ്യതയെയാണ്. പോന്റിയസ് പൈലെറ്റ്‌ (Pontius Pilate)ചോദിച്ചു; “എന്താണ് സത്യം?” സത്യം എന്നത് ഒരു ദ്വിമാന വിഷയം പോലും അല്ല. അതിന്റെ സംയോജകശേഷി (polyvalance) കാണിക്കുന്നത്, കുറഞ്ഞപക്ഷം അതൊരു ചതുര്‍മാന (four dimensional) ചതുര്‍ഭുജ (quaternion)ഘടനയോടു കൂടിയതാണെന്നാണ്. ചതുര്‍ഭുജഘടന, ചതുര്‍മാനപ്രപഞ്ചം എന്ന പേരില്‍ ആധുനികശാസ്ത്രം അവതരിപ്പിച്ചിട്ടുള്ളതും ഭൌതികശാസ്ത്രം അംഗീകരിച്ചിട്ടുള്ളതുമാണ്. അതിഭൌതികശാസ്ത്രത്തിലും(meta-physics) ഈ ദര്‍ശനം നിലനില്ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഈ ഉള്‍ക്കാഴ്ച, എല്ലാ മതങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് നമുക്ക് കാണാനാകുന്നതും, മതങ്ങളുടെ താരതമ്യപഠനത്തിലൂടെ പൂര്‍ണ്ണമായും വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയുന്നതുമാണ്. കൃത്യമായ ഒരു സമന്വയശാസ്ത്രത്തിനു (unified science) മാത്രമാണ് ഇങ്ങനെ എല്ലാ മതങ്ങളിലും (ശാസ്ത്രങ്ങളിലും) ഒരുപോലെ അന്തര്‍ലീനമായിരിക്കുന്ന ഘടനാപരമായ സമാനതകളെ വെളിപ്പെടുത്താനാകുക. അതു സാധിക്കുമ്പോള്‍ ഒരു മതവിശ്വാസിക്ക് തന്റെ എതിര്‍ചേരിയിലുള്ളവനുമായി കണ്ണോടുകണ്ണു നോക്കാനാകും. പഴംകഥയില്‍ പരാമര്‍ശിക്കുന്ന, ആനയുടെ ചില ഭാഗങ്ങള്‍ മാത്രം പരിശോധിച്ച അന്ധന്മാര്‍ക്കും പരസ്പരം ഒത്തുതീര്‍പ്പില്‍ എത്താനാകുന്നത് ആനയെ മുഴുവനായി അറിയാനാകുമ്പോഴാണ്.

അതായത്‌, എല്ലാത്തരം മതങ്ങളിലുമുള്ള, മനുഷ്യരുടെ സുഖത്തെ ലക്ഷ്യമാക്കുന്ന ഘടനയെക്കുറിച്ചുള്ള തിരിച്ചറിവാണ് ഇന്നത്തെ സാഹചര്യങ്ങളില്‍നിന്നു നമ്മെ രക്ഷിക്കാനാകുക. അതു തരുന്ന സമന്വയബുദ്ധിയിലൂടെ മനുഷ്യരുടെ പൊതുവായ ലക്ഷ്യങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന ഒരു അദ്ധ്യാത്മിക മൂല്യത്തിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം നമുക്ക് ഒഴിവാക്കാനാകും. ആ രീതിയില്‍ നോക്കുമ്പോള്‍ മനുഷ്യരാശിക്ക് ആകെ ഒരു മതമേയുള്ളൂ; സമന്വിതമായ ജീവിതത്തിലൂടെ പരിപൂര്‍ണ്ണമായ സുഖം എന്നതാണത്‌. എല്ലാ മതങ്ങളുടെയും ആന്തരികമായ ഒരുമ ബുദ്ധിയുള്ള മനുഷ്യര്‍ക്കെല്ലാം ബോധ്യമാകുമ്പോള്‍, മനനം സാധ്യമായതെന്ന അര്‍ത്ഥത്തില്‍ ‘ഹോമോസാപിയന്‍സ്’ എന്ന് ജീവശാസ്ത്രം വിളിക്കുന്ന മനുഷ്യരാശിയുടെ മഹത്വത്തിന് നിരക്കാതെ വിശുദ്ധയുദ്ധങ്ങള്‍ കാലഹരണപ്പെടും.