മൌനപ്പൂന്തേന്‍ – ആമുഖം

(നാരായണഗുരുവിന്റെ സംഭാഷണങ്ങളുടെ സമാഹാരമായ ‘മൌനപ്പൂന്തേനി’ന്റെ ആമുഖകുറിപ്പാണിത് )

മനുഷ്യന് തന്നെക്കുറിച്ചുത്തന്നെയുള്ള മൂല്യബോധമാണ് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കാരണവും പ്രചോദനവും. തന്റെത്തന്നെ മൂല്യത്തെക്കുറിച്ച് ഓരോ മനുഷ്യനും ബോധ്യമുണ്ടാവുകയാണ് അത്തരം പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യം. തന്റെ സഹജമൂല്യമെന്ന ഈ ആദര്‍ശം മനുഷ്യന്റെ ദാര്‍ശനിക-മത-രാഷ്ട്രീയവീക്ഷണങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ദേശ-കാലഭേദമില്ലാതെ നിലനില്‍ക്കുന്നതാണ്. നമ്മളെല്ലാം പങ്കിടുന്ന മനുഷ്യത്വമെന്ന ആ മൂല്യമാണ്‌ നീതി, സാഹോദര്യം, സമത്വം, ജനാധിപത്യം എന്നുത്തുടങ്ങി ‘നമ്മള്‍’ എന്ന വാക്കിനുപ്പോലും അര്‍ഥവും സാര്‍വത്രികമാനവും നല്‍കുന്നത്.

എന്നാല്‍, മനുഷ്യന്റെ ഈ മൂല്യാബോധത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അനന്തമായ പ്രപഞ്ചത്തില്‍ തനിക്കുള്ള മൂല്യം-സ്ഥാനം എന്താണെന്നുക്കൂടി മനുഷ്യന് മനസ്സിലാകേണ്ടതുണ്ട്. ഇത് വ്യക്തമല്ലാത്തപക്ഷം, അണ്ഡകടാഹത്തില്‍ മണല്ത്തരിയോളം നിലയില്ലാത്ത ഭൂമിയിലെ കോടാനുകൂടി ജീവികളിലൊന്നിന്റെ വിഭ്രമങ്ങളെന്നതില്‍ കവിഞ്ഞ് മനുഷ്യന്റെ മൂല്യഭാവനകള്‍ക്ക് അര്‍ത്ഥമൊന്നുമില്ല. ഈ വീക്ഷണത്തില്‍, മനുഷ്യജീവിയെ ഏതുവിധേനയും സ്വന്തം തടി രക്ഷിക്കുന്നതിന് സഹായിക്കുന്ന, തന്നോടുത്തന്നെയുള്ള വാസനാപരമായ ഇഷ്ടമാണ് അതിന്റെ സഹജമൂല്യബോധം. വിശപ്പും, രോഗവും, വേദനയും, മരണവുമൊക്കെ ഉള്‍ച്ചേര്‍ന്ന മനുഷ്യജീവന്റെ അതിജീവനത്വര വ്യത്യസ്തദേശ-കാലങ്ങളില്‍ ആവിഷ്കരിക്കുന്ന പൊതു ഉടമ്പടികള്‍ മാത്രമാണ് മറ്റു മൂല്യങ്ങളെല്ലാം‍‌‍. അപ്പംക്കൊണ്ടു മാത്രം ജീവിക്കുന്ന ഈ മനുഷ്യജന്തുവിന്റെ മറുപകുതിയാണ് അതിജീവനയുക്തികള്‍ക്ക് സര്‍വ്വാധിപത്യമുള്ള സമൂഹം. സാമൂഹ്യജീവിയായ മനുഷ്യന്, തന്റെ കൂട്ടരുടെ ജിവിതപരാക്രമങ്ങളില്‍ നിശ്ശബ്ദം പങ്കുച്ചേരുകയെന്ന ദൌത്യമാണ് അവിടെയുള്ളത്; തന്റെ അതിജീവനം സാധ്യമാക്കുന്ന സമൂഹത്തിലെ ഒരു അംഗം മാത്രമാണ് അയാള്‍.

നേരെമറിച്ച്, നമ്മുടെ മൂല്യദര്‍ശനത്തിന്റെ പരിധിയില്‍ നാം പ്രപഞ്ചത്തെയും ഉള്‍ക്കൊള്ളുകയും, പ്രപഞ്ചത്തില്‍ മനുഷ്യനുള്ള മൂല്യം എന്താണെന്ന് വ്യക്തയുണ്ടാകുകയും ചെയ്യുമ്പോള്‍ ദേശ-കാലങ്ങള്‍ക്ക് ഉപരിയായ മൂല്യമാനവും മൂല്യസ്ഥിരതയും മനുഷ്യന് കൈവരുന്നു; സാമൂഹികവീക്ഷണങ്ങള്‍ക്ക് അനിഷേധ്യമായ പരമാധികാരം(sovereignty) മനുഷ്യന്റെ കൂടപ്പിറപ്പാകുന്നു. ചുരുക്കത്തില്‍, മനുഷ്യന് തന്നെക്കുറിച്ചുള്ള മൂല്യാദര്‍ശങ്ങള്‍ക്കെല്ലാം ആധാരമായി അര്‍ത്ഥവത്തായ ഒരു പ്രാപഞ്ചികവീക്ഷണം (cosmological perspective) ആവശ്യമുണ്ട്. മറിച്ച്, മനുഷ്യവര്‍ഗ്ഗത്തിന്റെ സ്വകാര്യസ്വത്തായാണ് നാം മൂല്യങ്ങളെ പരിഗണിക്കുന്നതെങ്കില്‍, വെറും വ്യാവഹാരികമായ പ്രസക്തിയേ അവയ്ക്കുള്ളൂ.

***

സമകാലികലോകത്ത് മനുഷ്യന്റെ പ്രപഞ്ചവീക്ഷണത്തെ പ്രധാനമായും രൂപപ്പെടുത്തുന്നത് ആധുനികശാസ്ത്രമാണ്. അഥവാ, ആധുനികശാസ്ത്രത്തിന്റെ പ്രപഞ്ചവീക്ഷണത്തെ മാത്രമേ ആധുനികലോകം ആധികാരികമെന്ന് അംഗീകരിക്കുന്നുള്ളൂ.
എന്നാല്‍, ആ ശാസ്ത്രത്തിന്റെ പഠനനോപാദിയായ വസ്തുനിഷ്ഠരീതിശാസ്ത്രം (empirical methodology) മനുഷ്യന്റെ-പ്രപഞ്ചത്തിന്റെ മൂല്യമാനങ്ങളെ പരിഗണിക്കുന്നതല്ല. ശാസ്ത്രത്തിന്റെ പഠനരീതി അതിന്റെ വിഷയങ്ങളെ വസ്തുവല്‍ക്കരിക്കുന്നതാണെന്നും പറയാം. ശാസ്ത്രദൃഷ്ട്യാ, പ്രപഞ്ചമെന്നത് ഖര-ദ്രാവകാദി ജഡവസ്തുക്കളുടെ ആകത്തുകയാണ്. അതിലുള്‍പ്പെടുന്ന വിവിധ മൂലകങ്ങളുടെ സംഘാതഫലമാണ് മനുഷ്യാസ്തിത്വവും. (ആധുനിക)മനുഷ്യന്റെ മൂല്യഭാവനകള്‍ക്ക് നിലവില്‍ ശാസ്ത്രത്തിന്റെ പിന്തുണയോ ആധികാരികതയോ ഇല്ലെന്ന് ചുരുക്കം.

ജഡവല്‍കൃതമായ ഈ മനുഷ്യ-പ്രപഞ്ചദര്‍ശനത്തിന്റെ പരിണിതഫലങ്ങള്‍ നമുക്കിടയില്‍ സജീവമാണ്. ശാസ്ത്രത്തിന്റെ വസ്തുവല്‍ക്കരണം, അതിജീവനമത്സരങ്ങളുടെ ആകത്തുകയായ കമ്പോളസാമ്രാജ്യത്വത്തിലും മനുഷ്യ-പ്രകൃതിയുടെ ചരക്കുവല്‍ക്കരണത്തിലും കലാശിച്ചിരിക്കുന്നു. മനുഷ്യനെന്നാല്‍ സ്വകാര്യവ്യക്തിയെന്നും സ്വാതന്ത്ര്യമെന്നാല്‍ പരമാവധി ഉപഭോഗശേഷിയെന്നുമാണ് ഇന്ന് അര്‍ത്ഥം. വിപണിയുടെ ആഗോളവല്‍ക്കരണത്തിന് ആനുപാതികമായി മനുഷ്യന്റെ ജീവിതവീക്ഷണം സ്വകാര്യവല്‍ക്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു; പൊതുവായതെല്ലാം അപ്രസക്തമാകുന്നു. കൂടാതെ, മനുഷ്യരാശിയുടെ മൂല്യവിചാരങ്ങളെല്ലാം ആപേക്ഷികമാണെന്നു വരുന്നമ്പോള്‍ വ്യക്തികളുടെ ജീവിതവീക്ഷണങ്ങള്‍ ഒരേപോലെ പ്രസക്തമാണെന്നോ അപ്രസക്തമാണെന്നോ വരികയും, ഒരു വീക്ഷണം മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്ന (the principle of the Better) മൂല്യവിചാരത്തില്‍ അര്‍ത്ഥമില്ലാതാകുകയും ചെയ്യുന്നു; ഓരോരുത്തരും ഓരോ സ്വകാര്യസത്യങ്ങളുടെ ഉടമസ്ഥരാകുന്നു. എണ്ണമറ്റ സ്വകാര്യസത്യങ്ങളുടെ വൈരുദ്ധ്യാത്മകതയാല്‍ അര്‍ത്ഥവത്തായ ആശയവിനിമയംപോലും അസാധ്യമായ ബാബേല്‍സമൂഹമാണ് അതിന്റെ അനന്തരഫലം. എന്തിനധികം, ശാസ്ത്രംത്തന്നെ മിക്കവാറും സാങ്കേതികവിദ്യയായി ചുരുങ്ങുകയും മനുഷ്യരാശിയെ അക്ഷരാര്‍ഥത്തില്‍ ജഡവല്‍ക്കരിക്കാന്‍ (വംശനാശം) കോപ്പുകൂട്ടുകയും ചെയ്യുന്നു; അറിവിന്റെ തലത്തിലെ ആത്മനിഷേധം ആത്മഹത്യാപരമായ ജീവിതശൈലിയെ ആവിഷ്കരിക്കുന്നു.

മൂല്യപരിഗണനകളില്ലാത്ത ഈ ജ്ഞാനവ്യവസ്ഥയോട് കലഹിച്ചുക്കൊണ്ട് ആധുനികത പിന്തള്ളിയ മതവീക്ഷണങ്ങളെല്ലാം ഇന്ന് പുനരുജ്ജീവിക്കുകയാണ്. പക്ഷെ, പരസ്പരവിരുദ്ധമായ സ്വകാര്യതാല്‍പ്പര്യങ്ങളാല്‍ അന്തഃശ്ചിദ്രമായ മനുഷ്യരാശിയെ, നമ്മളും അവരുമെന്ന അന്യതാബോധത്താല്‍ കൂടുതല്‍ വിഭജിക്കലാണ് അവ നിര്‍വ്വഹിച്ചുവരുന്ന ആഗോളദൌത്യം. ദൈവത്തേയും സ്വകാര്യമൂലധനത്തെയും ഒരുമിച്ചു സേവിക്കുന്ന പൌരോഹിത്യവും സ്വാതന്ത്ര്യത്തെക്കുറിച്ചല്ല, അന്ത്യവിചാരണയെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നത്.

ഈ വിധമെല്ലാം ഗതിമുട്ടിനില്‍ക്കുന്ന മനുഷ്യന്‍, താനെന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് അറിയുക?

***

മനുഷ്യപ്രപഞ്ചത്തിന്റെ മൂല്യത്തെക്കുറിച്ചറിയാന്‍ നമുക്ക് ലോകത്തുള്ള ഒരേയൊരു ഉപാധി മനുഷ്യന്‍ത്തന്നെയാണ്. കാരണം, വസ്തുതകളെ മൂല്യവല്‍ക്കരിക്കുന്ന ബോധവും മൂല്യാനുഭവങ്ങളുമുള്ളത് മനുഷ്യസ്വത്വത്തിനാണ്. വളര്‍ന്നുവരുന്ന ഒരു ശിശു സ്നേഹം, കരുതല്‍, നീതി തുടങ്ങിയ മൂല്യഭാവങ്ങളെയെല്ലാം അനുഭവിക്കുന്നതും സമാനമായ സ്വന്തം ശേഷികളെ തിരിച്ചറിയുന്നതും സഹജീവികളിലൂടെയാണ്. മനുഷ്യന്റെ നിജസ്ഥിതി എന്താണെന്ന സമസ്യയെ സംബന്ധിച്ചും ഇതുതന്നെയാണ് വാസ്തവം; ഒരുവന്റെ സത്യാന്വേഷണങ്ങളെ പ്രചോദിപ്പിക്കുന്നതും പ്രസക്തമാക്കുന്നതും, സമാന ആദര്‍ശങ്ങള്‍ക്കായി ജീവിക്കുകയും അവയെ സാക്ഷാത്ക്കരിക്കുകയും ചെയ്ത മനുഷ്യരാണ്. നാരായണഗുരു അത്തരമൊരു മനുഷ്യനാണ്. അദ്ദേഹവുമായി പ്രേമത്തിലാകുമ്പോള്‍ നാം കണ്ടെത്തുക, എല്ലാത്തിനോടുമുള്ള സ്വന്തം സ്നേഹം തപസ്സായി മാറിയ കവിയേയും ജ്ഞാനിയേയുമാണ്. ഒപ്പം, അതേ തപസ്സിനെ സ്വായത്തമാക്കിയവരാല്‍ എക്കാലവും ജീവിക്കപ്പെടുന്ന ഒരു ദര്‍ശനത്തേയും നാം തിരിച്ചറിയും. ആ ജീവിതദര്‍ശനത്തെ സമഗ്രമായ ജ്ഞാനമീമാംസയുടെയും, രീതിശാസ്ത്രത്തിന്റെയും, മൂല്യശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ നാരായണഗുരു വിശദീകരിച്ചു; സ്ഥല-കാലബോധത്തോടെ പുനരാവിഷ്കരിച്ചു. ഈ ശാസ്ത്രീയതയാണ് ആത്മാന്വേഷികള്‍ക്ക് ഗുരുവായിരിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യത.

മനുഷ്യനും പ്രപഞ്ചവും രണ്ടാകാന്‍ നിവൃത്തിയില്ലെന്ന സ്വതഃസിദ്ധസത്യമാണ് ഗുരുവിന്റെ ദര്‍ശനത്തിന് ആധാരം. ഈ വീക്ഷണത്തില്‍, മനുഷ്യന് സഹജമൂല്യമുണ്ടെന്ന് നാം കരുതുമ്പോള്‍ പ്രപഞ്ചത്തിനുത്തന്നെയാണ് നാം മൂല്യസത്ത വിഭാവനം ചെയ്യുന്നത്. മനുഷ്യന്റെ മൂല്യമെന്നത് പ്രപഞ്ചത്തിന്റെ മൂല്യമാണ്; നേരെതിരിച്ചും. ഇങ്ങനെ, മനുഷ്യന്റെ പ്രാപഞ്ചികതയും പ്രപഞ്ചത്തിന്റെ മാനുഷികതയും കൂട്ടിയിണക്കുന്നതിലൂടെ തന്റെ അന്തസത്തയുടെ വിശ്വവ്യാപകതയും മൂല്യത്തികവും മനുഷ്യന് വെളിവാകുന്നു. ഈ വിധം തന്നെക്കുറിച്ച് ഒരു മനുഷ്യന്‍ സുനിശ്ചിതത്വം ആര്‍ജ്ജിക്കുമ്പോള്‍ അപരനെക്കൂടിയാണ് അയാള്‍ അറിയുന്നത്; തന്നെപ്പോലെ അപരനേയും പരിഗണിക്കുന്നതിലെ നീതിയുക്തത അയാള്‍ക്ക്‌ സുവ്യക്തമായിരിക്കും.

ഏതൊന്നറിഞ്ഞാലാണോ മറ്റെല്ലാം അറിയുന്നത്‌, ഏതൊന്നറിഞ്ഞില്ലെങ്കില്‍ മറ്റെല്ലാ അറിവും നിഷ്ഫലമാണോ അതാണ്‌ ആത്മാവ് (Self) (1) എന്നു വിശദീകരിക്കുന്ന ഉപനിഷത്തുക്കളും, പ്രാചീന ജ്ഞാനകേന്ദ്രമായിരുന്ന ഗ്രീസിലെ ഡെല്‍ഫി ദേവാലയത്തില്‍ എഴുതിവെച്ചിരുന്ന ‘മനുഷ്യാ നീ സ്വയം അറിയുക’ എന്ന നിര്‍ദേശവും ഒരേ ജ്ഞാനമീമാംസയെയാണ് പിന്‍പറ്റുന്നത്. താനാണ്(Self) വഴിയും സത്യവും ജീവനുമെന്നും, ദൈവരാജ്യം നിന്റെ ഉള്ളിലാണെന്നും പറഞ്ഞ യേശു, തങ്ങള്‍ പാലിക്കേണ്ട പ്രധാനനിയമങ്ങള്‍ എന്തൊക്കെയാണെന്ന് ചോദിക്കുന്ന ശിഷ്യരോട് പറയുന്നത് “നിന്റെ കര്‍ത്താവായ (കാരണം) ദൈവത്തെ പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണഹൃദയത്തോടും സ്നേഹിക്കാനും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ (അപരനെ)സ്നേഹിക്കാനുമാണ്”. “ഈ രണ്ടുനിയമങ്ങളില്‍ മറ്റെല്ലാ നിയമങ്ങളും ഉള്ളടങ്ങിയിരിക്കുന്നു”വെന്നും ആ ഗുരു കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബ്രഹ്മം ആണെന്നും, നീ അതുത്തന്നെയാണെന്നും (തത്ത്വമസി) പറയുന്നതിലെ സാരാംശവും സമാനമാണ്. ഈ ഭൂമിയിലെ ഓരോ ഇടവും, തിളങ്ങുന്ന ഓരോ ഇലയും, ഇരുണ്ട മരക്കൂട്ടങ്ങള്‍ക്കിടയിലെ മൂടല്‍മഞ്ഞും, പാട്ടുമൂളിക്കടന്നുപ്പോകുന്ന ചെറുവണ്ടും എന്റെ അനുഭവത്തില്‍ വിശുദ്ധമാണെന്നു പ്രഖ്യാപിക്കുന്ന മൂപ്പന്മാരും(2) അതേ ജ്ഞാനധാരയുടെ ആസ്വാദകരാണ്. തന്നെയും പ്രപഞ്ചത്തേയും, അതിനൊപ്പം തന്നെയും അപരനേയും യോഗാത്മകമായി (dialectically) സമന്വയിപ്പിക്കുന്നതത്രേ അതിന്റെ രീതിശാസ്ത്രം.

നമ്മുടെ അന്യതാബോധങ്ങളെയെല്ലാം മറികടക്കുന്ന, മനുഷ്യരുടെ സാമാന്യബുദ്ധിക്ക് വഴങ്ങുന്ന, മനുഷ്യത്വംത്തന്നെ ലക്ഷ്യവും മാര്‍ഗ്ഗവും ആയിരിക്കുന്ന ഈ ജീവിതദര്‍ശനം നമ്മുടെ പൊതുമൂലധനമാണ്. അതില്‍ മനസ്സിരുത്തേണ്ടത്, തന്റെ സ്വകാര്യജീവിതവീക്ഷണത്താല്‍ സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുന്ന ആധുനികമനുഷ്യനെ സംബന്ധിച്ച് പ്രധാനമാണെന്ന ബോധ്യമാണ് ഈ പുസ്തകസൃഷ്ടിക്കുള്ള പ്രചോദനം.

***

ആധുനികജ്ഞാനമണ്ഡലത്തില്‍ ബുദ്ധനേയും യേശുവിനേയുംപ്പോലുള്ളവര്‍ സജീവ ചര്‍ച്ചാവിഷയങ്ങളല്ല. തങ്ങളുടെ കാലഘട്ടത്തെ ഗുണപരമായി സ്വാധീനിച്ച, തങ്ങളുടെ കാലശേഷം ഉടലെടുക്കുന്ന മത-പൌരോഹിത്യത്തിന് അറിഞ്ഞോ അറിയാതയോ വഴിമരുന്നിട്ട മനുഷ്യസ്നേഹികള്‍ എന്ന നിലയ്ക്കാണ് നാം അവരെ പൊതുവില്‍ പരിഗണിക്കാറ്. എന്താണ് (ആധികാരികമായ) അറിവ് എന്നതിനെ സംബന്ധിച്ച നമ്മുടെ ധാരണകളില്‍ ആധുനികത വരുത്തിയിട്ടുള്ള യുഗസമാനമാറ്റങ്ങളാണ് അതിനു പ്രധാനകാരണമെന്നു നാം കണ്ടുകഴിഞ്ഞു. അറിവിനോടുള്ള ഈ സമീപനത്തെ രൂപപ്പെടുത്തിയ ചരിത്രപരമായ ചില സാഹചര്യങ്ങളെക്കൂടി പരാമര്‍ശക്കേണ്ടതുണ്ട്.

എ.ഡി. അഞ്ചാം നൂറ്റാണ്ടോടെ യൂറോപ്പില്‍ പൌരോഹിത്യസഭ അധികാരം കയ്യാളുന്നത് അന്നുവരെയുള്ള തത്ത്വശാസ്ത്രപാരമ്പര്യങ്ങള്‍ക്കു പകരമായി ദൈവശാസ്ത്രത്തെ (theology) സ്ഥാപിച്ചുക്കൊണ്ടാണ്. തുടര്‍ന്ന്, ആയിരം വര്‍ഷത്തോളം പ്രബലമായിരുന്ന ഈ ദൈവശാസ്ത്രവീക്ഷണത്തിന് അകത്തുനിന്നുക്കൊണ്ടാണ് ഇന്നത്തെ ആധുനികശാസ്ത്രത്തിന്റെ മുന്മുറക്കാര്‍ അന്ന് പ്രപഞ്ചത്തേയും അതിലെ പ്രതിഭാസങ്ങളേയും പഠിച്ചിരുന്നത്. ഗണിതശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യകളുടെയും മറ്റും വളര്‍ച്ചാഫലമായി പതിനഞ്ചാം നൂറ്റാണ്ടോടുക്കൂടി ഈ ദൈവശാസ്ത്രത്തിന്റെ പ്രപഞ്ചവീക്ഷണം തെറ്റാണെന്ന ബോധ്യം അവരില്‍ പ്രബലമായി. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ലെന്ന തിരിച്ചറിവ് ഇതിന് ഉദാഹരണമാണ്. സ്വതന്ത്രമായ ജ്ഞാനാന്വേഷണങ്ങളെയെല്ലാം അടിച്ചമര്‍ത്തിവാണ സഭയുടെ ധാര്‍മ്മികാധപതനവും ഈ സമയം പരകോടിയിലെത്തിയിരുന്നു.

ആത്മനിഷ്ഠ അറിവുകളെപ്രതി പൌരോഹിത്യം ആയിരത്താണ്ട് നടത്തിയ ജ്ഞാനപരവും വിശ്വാസപരവുമായ ചൂഷണത്തെക്കുറിച്ചുള്ള തിരിച്ചറിവ്, വസ്തുനിഷ്ഠമായ അന്വേഷണങ്ങളിലൂടെ മാത്രം സത്യം കണ്ടെത്താനുള്ള ആധുനികശാസ്ത്ര ഉദ്യമത്തിന് ഒരു പ്രധാന കാരണമായിട്ടുണ്ട്. ഈ പുതുക്കിയ ശാസ്ത്രസമീപനത്തില്‍, മുമ്പ് പ്രപഞ്ചത്തിന്റെ കേന്ദ്രമായിരുന്ന ഭൂമി (മനുഷ്യന്‍) പ്രപഞ്ചത്തില്‍ ഒന്നുമല്ലാതാകുകയും പ്രപഞ്ചത്തിന് കേന്ദ്രമേ ഇല്ലാതാകുകയും ചെയ്തു. പ്രസ്തുത സമീപനം മനുഷ്യന്റെ വസ്തുവല്‍ക്കരണത്തിലും ആപേക്ഷികതയിലും കലാശിച്ചതെങ്ങനെയെന്നാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചത്.

എന്നാല്‍, മനുഷ്യന്‍ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നത് ഈ രീതിയില്‍ അക്ഷരാര്‍ത്ഥത്തിലല്ലാതെ ദാര്‍ശനികമായും മനസ്സിലാക്കാവുന്നതാണ്. ദൂരദര്‍ശനിയിലൂടെയും സൂക്ഷ്മദര്‍ശനിയിലൂടെയും നാലുപാടും പ്രപഞ്ചത്തെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്നത് മനുഷ്യനാണ്. എല്ലാത്തരം അറിവുകളും അവയുടെ അനുഭവവും മനുഷ്യനിലാണ് സംഭവിക്കുന്നത്. മനുഷ്യജീവിതത്തിന് ഏതെങ്കിലും തരത്തില്‍ മൂല്യവത്താവുകയെന്നത് എല്ലാ അറിവുകളുടെയും സാമാന്യമായ ഉദ്ദേശലക്ഷ്യവുമാണ്. ഇങ്ങനെ അറിവുകളുടെയെല്ലാം കേന്ദ്രബിന്ദുവായ മനുഷ്യന്‍, ശാസ്ത്രത്തിന്റെ ജ്ഞാനചട്ടക്കൂടില്‍നിന്നും പുറത്താകുന്നതോടെ അറിവിന്റെ-വിഷയങ്ങളുടെ സമന്വയം അസാധ്യമാകും. ആധുനികജ്ഞാനമണ്ഡലത്തിലെ ഗണിതശാസ്ത്രവും ഭൌതികശാസ്ത്രവും മനഃശാസ്ത്രവും സാമൂഹികശാസ്ത്രങ്ങളുമെല്ലാം പരസ്പരബന്ധമില്ലാതായിരിക്കുന്നതിന്റെ കാരണം ഇതാണ്.    സമന്വയമില്ലാതാകുമ്പോഴുള്ള മറ്റൊരു ഫലം അന്തമില്ലാത്ത സവിശേഷവല്‍ക്കരണമാണ് (specialization). സമഗ്രതയുടെ ചെലവിലുള്ള സവിശേഷവല്‍കരണത്തിന് ഒരു ഉദാഹരണമാണ് ആധുനികവൈദ്യശാസ്ത്രത്തിന്റെ ഗതി.

ആത്മനിഷ്ഠ അനുമാനങ്ങളുടെ ശരി-തെറ്റുകള്‍ വസ്തുനിഷ്ഠ നിരീക്ഷണ-പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന രീതിശാസ്ത്രം ആധുനികപൂര്‍വ്വ- ആധുനികേതര ശാസ്ത്രപാരമ്പര്യങ്ങളിലെല്ലാം ഉള്ളതാണ്. ആധുനികശാസ്ത്രത്തിന് അടിത്തറയായിരിക്കുന്ന ഒട്ടുമിക്ക തത്ത്വങ്ങളും അത്തരം സമ്പ്രദായങ്ങളില്‍നിന്ന് രൂപപ്പെട്ടിട്ടുള്ളതുമാണ്. ഈ രീതിശാസ്ത്രത്തില്‍ അറിവിന്റെ രണ്ടുപക്ഷങ്ങളും പരസ്പരപൂരകമായി വര്‍ത്തിച്ചാണ് നാം യാഥാര്‍ത്ഥ്യം അറിയുന്നത്. എന്നാല്‍ ഈ രണ്ടുമാനങ്ങളുടെയും പാരസ്പര്യത്തെ-ഒരുമയെ ഉള്‍ക്കൊള്ളുന്ന തത്ത്വദര്‍ശനത്തിന്റെ അഭാവമാണ് ആധുനികശാസ്ത്രത്തിന്റെ അപര്യാപ്തത. കൂടാതെ, സത്യത്തെ-സ്വാതന്ത്ര്യത്തെ ശാസ്ത്രം ഭാവന ചെയ്യുന്നത്, മതങ്ങള്‍ സ്വര്‍ഗ്ഗത്തെ സങ്കല്‍പ്പിക്കുന്നതുപോലെ ഭാവിലെപ്പൊഴോ കണ്ടെത്താനിരിക്കുന്ന ഒന്നായാണ്. ഈ സമീപനം ശരിയാണെന്നുവന്നാല്‍, ആധുനികശാസ്ത്രം ഭാവിയില്‍ സത്യം കണ്ടെത്തുന്നതിന് മുമ്പുള്ള ഒരൊറ്റ മനുഷ്യനും സ്വാതന്ത്ര്യം അറിഞ്ഞിട്ടില്ലെന്നും, അറിയുകയില്ലെന്നും വേണം കരുതാന്‍. ശാസ്ത്രം സത്യം കണ്ടെത്തുന്നതുവരെ, ശാസ്ത്രഞ്ജരല്ലാത്ത മഹാഭൂരിപക്ഷം മനുഷ്യരെ സംബന്ധിച്ച് അവശേഷിക്കുന്ന ഏകവിനോദം അതിജീവനഗുസ്തിയാണെന്നു വരിക സ്വാഭാവികംതന്നെ.

ആധുനികശാസ്ത്രത്തിന്റെ ഈ സമീപനത്തില്‍നിന്നും വ്യത്യസ്തമായി, ഇപ്പോള്‍ ഇവിടെത്തന്നെ പൂര്‍ണ്ണമായ ഉണ്മയാണ് തത്ത്വശാസ്ത്രത്തിന്റെ (Scinece of Principles) മനനവിഷയം(3). ഈ തത്ത്വശാസ്ത്രവുമായുള്ള സമന്വയത്തിലൂടെ ആധുനികശാസ്ത്രത്തിന്റെ ദാര്‍ശനിക അപര്യാപ്തതകളെ പരിഹരിക്കുന്നപക്ഷം ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെയെല്ലാം പുതിയൊരു വെളിച്ചത്തില്‍ നമുക്ക് മനസ്സിലാക്കാനാകും. അഥവാ, ആധുനികശാസ്ത്രത്തിന്റെ നിഷേധമല്ല, ദാര്‍ശനികമായ പുനര്‍വായനയും ദിശാബോധവുമേ അതിനാവശ്യമുള്ളൂ. ശാസ്ത്രത്തിന്റെ മേല്‍പ്പറഞ്ഞ പരിമിതി മറികടക്കാനുള്ള ഉദ്യമങ്ങള്‍ ആധുനികകാലത്തെ ശാസ്ത്രഞ്ജരായ ഹെന്റി ബെര്‍ഗ്സണ്‍, എഡിംഗ്ടണ്‍, ഐന്‍സ്റ്റൈന്‍ തുടങ്ങിയ മഹാരഥന്മാര്‍ നടത്തിയിട്ടുള്ളതും അവരുടെ പിന്മുറക്കാര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാല്‍ അത്തരം അന്വേഷണങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന, വിപണിയെ ആലോസരപ്പെടുത്താത്ത ദര്‍ശനങ്ങളെ മാത്രം ആഘോഷിക്കുന്ന പൌരോഹിത്യമാണ് ഇന്ന് ശാസ്ത്രത്തിന്റെ മുഖ്യധാരയായി വര്‍ത്തിക്കുന്നതെന്നതാണ് പ്രശ്നം. നാരായണഗുരുവിന്റെ ‘ദര്‍ശനമാല’യെന്ന കൃതിയെ അധികരിച്ച് അദ്ദേഹത്തിന്റെ ശിഷ്യനും അനന്തരഗാമിയുമായ നടരാജഗുരു രചിച്ചിട്ടുള്ള An Integrated Science of the Absolute (സമന്വയശാസ്ത്രം) എന്ന ഗ്രന്ഥം ഈ സാഹചര്യത്തില്‍ തികച്ചും ശ്രദ്ധേയമായ ഒരു കൃതിയാണ്.

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സാമൂഹ്യപരിഷ്കര്‍ത്താവ്, സമുദായോദ്ധാരകന്‍ തുടങ്ങിയ നിലകളില്‍ മാത്രം നാരായണഗുരു പരിഗണിക്കപ്പെടുന്നതിന്റെ ആഗോളപശ്ചാത്തലത്തെകുറിച്ചുക്കൂടിയാണ് നമ്മള്‍ ഇതുവരെ പറഞ്ഞത്. ഇത്തരം ഏകപക്ഷീയ ആസ്വാദനങ്ങള്‍ക്ക് കേരളീയമായ ചില കാരണങ്ങളുമുണ്ട്.

നാരായണഗുരുവിന്റെ അരുവിപ്പുറ ശിവപ്രതിഷ്ഠ, കേരളനവോത്ഥാനത്തിലെ സുപ്രധാന ഏടായി പൊതുവെ കരുതപ്പെടുന്നതാണ്. വിഗ്രഹപ്രതിഷ്ഠക്ക് ബ്രാഹ്മണര്‍ക്കുമാത്രം അധികാരമുണ്ടായിരുന്ന കാലത്ത് ബ്രാഹ്മണനല്ലാത്ത ഒരാള്‍ അതുചെയ്യുന്നതു കണ്ട ഒരു നമ്പൂതിരി, ഗുരുവിന് അതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതായും, താന്‍ നമ്പൂതിരിശ്ശിവനെയല്ല, ഈഴവശ്ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന്‍ ഗുരു മറുപടി പറയുന്നതായുമാണ് കഥ. എന്നാല്‍, ‘ഈഴവശ്ശിവനെ’ക്കുറിച്ചുള്ള പരാമര്‍ശം ഗുരു നടത്തിയിട്ടില്ലെന്നും ‘നാം നമ്പൂതിരിശ്ശിവനെയല്ല പ്രതിഷ്ഠിച്ചത്’എന്നു മാത്രമേ ഗുരു പറഞ്ഞിട്ടുള്ളൂ എന്നും ഒരു അഭിപ്രായമുണ്ട്. നടരാജഗുരുവാണ് ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളത് (4). നടരാജഗുരുവിന്റെ ഈ അഭിപ്രായം ശരിയായിരിക്കാമെന്ന് കുറച്ചു വര്‍ഷങ്ങളായി നാരായണഗുരുവിന്റെ കൃതികള്‍ പഠിക്കുകയും ഗുരുവിന്റെ പല സംഭാഷണങ്ങളും ജീവചരിത്രങ്ങളും വായിക്കുകയും കേട്ടറിയുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ഈ ലേഖകന് തോന്നാറുണ്ട്. വാക്കുകള്‍ ഉപയോഗിക്കുന്നതിലെ നാരായണഗുരുവിന്റെ ശ്രദ്ധയും സൂക്ഷ്മതയും മനസ്സിലാക്കുന്ന ആര്‍ക്കും സമാനമായ ചിന്തയുണ്ടാകും. ഇതാണ് വാസ്തവമെന്നു കരുതിയാല്‍‍, ഈഴവശ്ശിവനെന്ന പ്രയോഗം എവിടന്നുവന്നു? പുലയനും, നമ്പൂതിരിയും, ഈഴവനും പോലുള്ള ജാതിസ്വത്വങ്ങള്‍ മാത്രമുള്ള, മനുഷ്യനെന്ന പൊതുസംവര്‍ഗ്ഗം (general category) നഷ്ടപ്പെട്ടിരുന്ന ഒരു കാലത്ത്, ശിവന്‍ നമ്പൂതിരിയല്ലെങ്കില്‍പ്പിന്നെ മറ്റേതെങ്കിലും ജാതിക്കാരനാകാതെ നിവൃത്തിയുണ്ടായിരുന്നില്ല; പ്രതിഷ്ഠാ സമയത്ത് അവിടെ കൂടിയിരുന്ന, തങ്ങള്‍ ഈഴവരാണെന്ന് ഉറപ്പിച്ചിട്ടുള്ള മനുഷ്യരെ സംബന്ധിച്ച് അത് ഈഴവശ്ശിവനായിരുന്നു. സ്വന്തം മനുഷ്യത്വത്തില്‍ മനസ്സിരുത്താത്ത ഒരാള്‍ക്ക് തന്റെ സവിശേഷസ്വത്വങ്ങളുടെ കണ്ണടയിലൂടെയാണല്ലോ അപരനേയും കാണാനാകുക. ഒരു ജനതയെന്ന നിലയില്‍ നമ്മുടെ ഹൃസ്വദൃഷ്ടി ഇന്നും പല ഭാവങ്ങളില്‍ അനുസ്യൂതം തുടരുകയാണ്.

നാരായണഗുരുവിന്റെ സംഭാഷണങ്ങള്‍ മുമ്പും പലരും സമാഹരിച്ചിട്ടുണ്ട്. എന്നാല്‍, ഗുരുവിനേയും ‘സ്വജാതി’യേയും ഒരുമിച്ചു സേവിക്കാനാകുമെന്ന തെറ്റിദ്ധാരണയുള്ളവരാണ് അത്തരം സംരംഭങ്ങളില്‍ മിക്കവാറും ഏര്‍പ്പെട്ടിട്ടുള്ളത്. ഈ വിഭാഗത്തില്‍പ്പെടാത്ത സമാഹാരങ്ങളും ജീവചരിത്രങ്ങളും പൊതുവില്‍ ഉണ്ടായിട്ടുള്ളത് കേരളത്തിലെ ഇടതുപക്ഷധാരയോട് ചേര്‍ന്നുനില്‍ക്കുന്നവരില്‍നിന്നാണ്. തങ്ങളുടെ ആശയസ്ഥാപനത്തിന് ഉതകുന്നതു മാത്രം ഗുരുവിന്റെ ജീവിതത്തില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഈ സമീപനത്തിന് ഗുരുവിനെ ഒരു സാമൂഹ്യപരിഷ്കര്‍ത്താവായി കാണുന്നതിലാണ് കൌതുകം; ഗുരുവിന്റെ ദാര്‍ശനികകൃതികളോടുള്ള അവഗണനയാണ് അവയ്ക്കുള്ള പൊതുസ്വഭാവം. അതേസമയം‍, കേരളത്തിലെ ഇടതുപക്ഷധാരകളുടെ ഏറ്റവും പ്രധാന ഉറവിടം നാരായണഗുരുവാണെന്നു വേണം കരുതാന്‍; മനുഷ്യരുടെ സമത്വത്തെക്കുറിച്ച് ഒരു ജനത ചിന്തിക്കണമെങ്കില്‍ തങ്ങള്‍ മനുഷ്യരാണെന്നത് അവര്‍ ആദ്യം തിരിച്ചറിയണമല്ലോ. ആ മനുഷ്യത്വത്തെ ദാര്‍ശനികമായി അവഗണിച്ച്, അതിന്റെ സാമൂഹികവും വ്യാവഹാരികവുമായ മാനങ്ങളെ മാത്രം പരിഗണിക്കുന്നതിലൂടെ സമത്വമെന്ന ആദര്‍ശത്തിന്റെ ഉള്ളുപ്പൊള്ളയാകുന്ന (ചരിത്രാ)അനുഭവം നമ്മുടെ കണ്ണുതുറപ്പിക്കത്തക്കതാണ്.

***

ചുരുക്കത്തില്‍, മനുഷ്യരാശിയുടെ ചരിത്രം അതിജീവനത്തിന്റെയും വര്‍ഗ്ഗസമരത്തിന്റെയും ജാതി-മതപ്പോരുകളുടെതും മാത്രമല്ല; നമ്മുടെ സങ്കല്‍പ്പത്തിനുമപ്പുറമായ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ഒരുമയുടെയും മാനങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നാം ഇന്ന് നേരിടുന്ന കമ്പോളവ്യവസ്ഥയും കാലാവസ്ഥാവ്യതിയാനവും ഉള്‍പ്പടെയുള്ള ആഗോളപ്രതിസന്ധികള്‍ മനുഷ്യരാശിക്ക് ഒത്തൊരുമിച്ചേ മറികടക്കാനാകൂ. ആ ഒരുമ സാധ്യമാക്കാന്‍ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ചില പൊതുധാരണകള്‍ നമുക്കിടയില്‍ അനിവാര്യമാണ്. ആ ധാരണകളുടെയെല്ലാം മൂലക്കല്ല്, തന്റെ വിശ്വവ്യാപകതയെ തിരിച്ചറിയുന്ന ഒരു മനുഷ്യനാണ്; അയാളുടെ മറുപകുതിയാണ് അതിര്‍ത്തികളില്ലാത്ത സ്വതന്ത്രമായ ലോകം.

“വിളവധികവും കൊയ്ത്തുകാര്‍ കുറവുമത്രേ”…

അടികുറിപ്പുകള്‍:

(1) ആത്മാവ് – താന്‍ (Self) – അറിവിനേയും അസ്തിത്വത്തേയും ഒരുമിച്ചുള്‍ക്കൊള്ളുന്ന സംജ്ഞയാണത്.

(2) സിയാറ്റില്‍ (Seattle) മൂപ്പന്റെ പ്രസംഗം കാണുക.

(3) പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതെ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതെ

(4) നടരാജഗുരുവിന്റെ ശിഷ്യനായ വിനയചൈതന്യയില്‍നിന്നാണ് നടരാജഗുരുവിന്റെ ഈ പ്രസ്താവന ലേഖകന്‍ ആദ്യമായി അറിയുന്നത്. ഗുരുവിന്റെ മറ്റൊരു ശിഷ്യനായ നിത്യചൈതന്യയതി അദ്ദേഹത്തിന്റെ പല ലേഖനങ്ങളിലും ഇതേകാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ‘സ്നേഹപൂര്‍വ്വം നിത്യ’ – ഗുരു നിത്യചൈതന്യയതിയുടെ കത്തുകള്‍ (ഭാഗം 1), നാരായണഗുരുകുലം പബ്ലിക്കേഷന്‍സ്, വര്‍ക്കല (2009), പേജ് – 24.